ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ന്യൂസിലാന്‍ഡിന് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം. മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 46 റണ്‍സിന് ഓള്‍ ഔട്ട് ആയപ്പോള്‍ കിവീസ് 402 റണ്‍സ് നേടി ഓള്‍ ഔട്ട് ആയെങ്കിലും വമ്പന്‍ ലീഡ് നേടുകയായിരുന്നു. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 462 റണ്‍സിന് മടങ്ങിയപ്പോള്‍ കിവീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.
നീണ്ട 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ മണ്ണില്‍ ന്യൂസിലാന്‍ഡ് വിജയം സ്വന്തമാക്കുന്നത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്ക് വേണ്ടി റിഷബ് പന്തിന് മാത്രമാണ് ഉയര്‍ന്ന റണ്‍സ് നേടിയത്. 20 റണ്‍സാണ് താരം നേടിയത്. കിവീസിന് വേണ്ടി മിന്നും ബൗളിങ് പ്രകടനം നടത്തിയത് മാറ്റ് ഹാരിയായിരുന്നു. വെറും 15 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകളായിരുന്നു താരം നേടിയത്. ശേഷം വില്‍ ഒറോര്‍ക്ക് നാല് വിക്കറ്റും നേടിയപ്പോള്‍ ഇന്ത്യയെ 46 റണ്‍സിന് തകര്‍ക്കാന്‍ കിവീസിന് കഴിഞ്ഞു.
തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ കിവികള്‍ക്ക് വേണ്ടി രചിന്‍ രവീന്ദ്രയുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് വലിയ ലീഡ് സമ്മാനിച്ചത്. 157 പന്തില്‍ നിന്ന് 11 ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 134 റണ്‍സാണ് താരം അടിച്ചെടുത്തത്. താരത്തിന് പുറമെ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ 91 റണ്‍സും ടിം സൗത്തി 65 റണ്‍സും നേടിയിരുന്നു.
തുടര്‍ന്ന് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് സര്‍ഫറാസ് ഖാനും റിഷബ് പന്തുമാണ്. 105 പന്തില്‍ നിന്ന് അഞ്ച് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 99 റണ്‍സ് നേടിയാണ് പന്ത് പുറത്തായത്. വെറും ഒരു റണ്‍സിനാണ് താരത്തിന് സെഞ്ച്വറി നഷ്ടമായത്. ടെസ്റ്റില്‍ ഏഴ് തവണയാണ് താരം 90കളില്‍ വിക്കറ്റാകുന്നത്.
പന്തിനെ കൂടാതെ 195 പന്തില്‍ 18 ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 150 റണ്‍സ് നേടി സര്‍ഫറാസ് സെഞ്ച്വറി നേടിയാണ് പുറത്തായത്. ഫോര്‍മാറ്റില്‍ താരത്തിന്റെ ആദ്യ സെഞ്ച്വറിയാണ് താരം സ്വന്തമാക്കിയത്. മത്സരത്തില്‍ ശേഷം ഇറങ്ങിയ ആര്‍. അശ്വിന് മാത്രമാണ് 15 റണ്‍സ് നേടി രണ്ടക്കം കാണാന്‍ സാധിച്ചത്. മറ്റാര്‍ക്കും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല.
മത്സരത്തില്‍ മികവ് കാഴ്ച്ചവെച്ചാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യശസ്വി ജെയ്‌സ്വാളും മടങ്ങിയത്. ഹിറ്റ്മാന്‍ 63 പന്തില്‍ നിന്ന് ഒരു സിക്‌സും എട്ട് ഫോറും അടക്കം 52 റണ്‍സ് നേടി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് കളം വിട്ടത്. ആറ് ഫോര്‍ അടക്കം 52 പന്തില്‍ നിന്ന് 35 റണ്‍സ് നേടിയാണ് യശസ്വി മടങ്ങിയത്.
കിവീസിന് വേണ്ടി മാറ്റ് ഹെന്റിയും വില്‍ ഒറോര്‍ക്കും മൂന്ന് വിക്കറ്റുകള്‍ നേടി മിന്നും പ്രകടനം കാഴ്ചവെച്ചു. അജാസ് പട്ടേല്‍ രണ്ട് വിക്കറ്റും ഗ്ലെന്‍ ഫിലിപ്‌സ്, ടിം സൗത്തി എന്നിവര്‍ രണ്ട് വിക്കറ്റും നേടി. 107 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി കളത്തില്‍ ഇറങ്ങിയ കിവീസിന് വേണ്ടി മികച്ച പ്രകടനം നടത്തിയത് വില്‍ യങ്ങും രചിന്‍ രവീന്ദ്രയുമാണ്.
വില്‍ 48 റണ്‍സും രചിന്‍ 39 റണ്‍സും നേടി പുറത്താകാതെ ടീമിനെ വിജയത്തില്‍ എത്തിക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് നേടിയെങ്കിലും വിജയം ഒരുപാട് അകലെയായിരുന്നു. ഇതോടെ ആരാധകര്‍ ഏറെ കാത്തിരുന്ന ചരിത്ര വിജയവും കിവീസ് സ്വന്തമാക്കിയിരിക്കുകയാണ്.
Content Highlight: India Loss First Test Against New Zealand