ഇന്ത്യയെ ചാമ്പലാക്കി ലങ്ക; തിരുത്തിക്കുറിച്ചത് 27 വര്‍ഷത്തെ ചരിത്രം!
Sports News
ഇന്ത്യയെ ചാമ്പലാക്കി ലങ്ക; തിരുത്തിക്കുറിച്ചത് 27 വര്‍ഷത്തെ ചരിത്രം!
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 7th August 2024, 9:01 pm

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും വിജയം സ്വന്തമാക്കി ശ്രീലങ്ക. 110 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ലങ്ക സ്വന്തമാക്കിയ്ത. ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 26.1 ഓവറില്‍ 138 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഇതോടെ ഏകദിന പരമ്പര 2-0ന് വിജയിക്കുകയായിരുന്നു.

ഇതോടെ ഒരു ചരിത്ര നേട്ടമാണ് ലങ്ക സ്വന്തമാക്കിയത്. 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീലങ്ക ഇന്ത്യയോട് ഒരു ഏകദിന പരമ്പര വിജയിക്കുന്നത്. ഇന്ത്യയ്ക്ക് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് ലങ്കയുടെ ഈ ചരിത്ര വിജയം. ലങ്കയ്ക്ക് വേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ചത് ദുനിത് വെല്ലാലഗെയാണ്. അഞ്ച് വിക്കറ്റുകളാണ് താരം നേടിയത്. താരത്തിന് പുറകെ മതീഷ പതിരാന, ജെഫ്രി വാന്‍ഡര്‍സെയ് എന്നിവര്‍ രണ്ട് വിക്കറ്റും അസിത ഫെര്‍ണാണ്ടോ ഒരു വിക്കറ്റും നേടി മിന്നും പ്രകടനം കാഴ്ചവെച്ചു. ക്യാപ്റ്റന്‍ ചരിത് അസലങ്ക മൂന്ന് ഓവര്‍ എറിഞ്ഞ് വെറും രണ്ട് റണ്‍സ് വഴങ്ങി ഗംഭീര പ്രകടനവും നടത്തി. 0.67 എന്ന എക്കണോമിയിലാണ് താരം ബോള്‍ എറിഞ്ഞത്.

മത്സരത്തില്‍ ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. നാലാം ഓവറില്‍ വൈസ് ക്യാപ്റ്റന്‍ ഗില്ലിനെ അസിത ഫെര്‍ണാണ്ടോ ആറ് റണ്‍സിന് പുറത്താക്കിയായിരുന്നു തുടക്കം. പിന്നീട് മിന്നും പ്രകടനം കാഴ്ച വെച്ച ക്യാപ്റ്റന്‍ രോഹിത്തിനെ 35 റണ്‍സിന് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു. ദുനിത് വെല്ലാലഗെയുടെ പന്തില്‍ കീപ്പര്‍ ക്യാച്ചായാണ് രോഹിത് കളം വിട്ടത്. ആദ്യ രണ്ട് മത്സരത്തിന് ശേഷം തിരിച്ചെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തും വന്‍ പരാജയമായി.

ആറ് റണ്‍സിന് മഹീഷ തീക്ഷണയ്ക്ക് പിടികൊടുത്താണ് താരം മടങ്ങിയത്. ഏറെ പ്രതീക്ഷ ഉണ്ടായിട്ടും ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയും ഇന്ത്യയെ ചതിച്ചു. 18 പന്തില്‍ 20 റണ്‍സ് നേടിയപ്പോള്‍ ദുനിത്ത് ആണ് താരത്തെ പുറത്താക്കിയത്. പിന്നാലെ അക്‌സര്‍ പട്ടേലിനേയും ശ്രേയസ് അയ്യരേയും രണ്ടക്കം കാണിക്കാതെ ദുനിത് തന്റെ വേട്ട തുടരുകയായിരുന്നു. റിയാന്‍ പരാഗ് 15 റണ്‍സ് നേടിയെങ്കിലും ജെഫ്രി വാന്‍ഡര്‍സെയ് താരത്തെ പറഞ്ഞച്ചു. ദുബെക്കും ഏറെ നേരം പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല.

അവസാനഘട്ടത്തില്‍ സ്‌കോര്‍ ഉയര്‍ത്തിയത് വാഷിങ്ടണ്‍ സുന്ദറായിരുന്നു. 25 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും അടക്കം 30 റണ്‍സ് നേടിയെങ്കിലും മതീഷ തീക്ഷണ താരത്തെ പറഞ്ഞയക്കുകയായിരുന്നു. അവസാന വിക്കറ്റില്‍ കുല്‍ദീപും മടങ്ങി ഇന്ത്യ ലങ്കയ്ക്ക് മുന്നില്‍ മുട്ടുകുത്തുകയായിരുന്നു.

ബാറ്റിങ്ങില്‍ ലങ്കയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍മാരായ അവിഷ്‌ക ഫെര്‍ണാണ്ടോയും പാതും നിസങ്കയും വണ്‍ഡൗണ്‍ ബാറ്റര്‍ കുശാല്‍ മെന്‍ഡിസുമാണ്. അവിഷ്‌ക ഫെര്‍ണാണ്ടോ 102 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 96 റണ്‍സും പാതും 45 റണ്‍സും കുശാല്‍ 59 റണ്‍സുമാണ് നേടിയത്. അവസാന ഘട്ടത്തില്‍ കമിന്ദു മെന്‍ഡിസ് പുറത്താകാതെ 23 റണ്‍സ് നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി.

ഇന്ത്യയ്ക്ക് വേണ്ടി ബൗളിങ്ങില്‍ മിന്നും പ്രകടനം കാഴ്ചവെച്ചത് അരങ്ങേറ്റക്കാരന്‍ റിയാന്‍ പരാഗിനാണ്. അവിഷ്‌കയെ പുറത്താക്കി തന്റെ കന്നി വിക്കറ്റ് നേടി തുടര്‍ന്ന് ക്യാപ്റ്റന്‍ ചരിത് അസലങ്കയേയും ദുനിത് വെല്ലാലഗെയും പുറത്താക്കി നിര്‍ണായക പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഒമ്പത് ഓവറില്‍ 54 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. പരാഗിന് പുറമെ മുഹമ്മദ് സിറാജ്, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

 

Content Highlight: India Lose Last ODI Match Against Sri Lanka