| Sunday, 13th October 2024, 11:15 pm

2024 വിമണ്‍സ് ടി-20 ലോകകപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ

സ്പോര്‍ട്സ് ഡെസ്‌ക്

2024 വിമണ്‍സ് ടി-20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് 10 റണ്‍സിന്റെ വിജയം. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് ആണ് ഓസ്ട്രേലിയക്ക് നേടാന്‍ സാധിച്ചത്. എന്നാല്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് നേടാനാണ് ഇന്ത്യയ്ക്ക് സാധിച്ചത്.

അവസാന ഓവറില്‍ ഓസീസിന്റെ അനബല്‍ രണ്ട് വിക്കറ്റുകള്‍ നേടി മിന്നും പ്രകടനം നടത്തിയാണ് ഇന്ത്യയെ തകര്‍ത്തത്. താരത്തിന് പുറമെ മെഗന്‍ സ്‌കട്ട്, ആഷ്‌ളി ഗാര്‍ഡണര്‍, എന്നിവര്‍ ഓരോ വിക്കറ്റും നേടി. മാത്രമല്ല മൂന്ന് റണ്‍ ഔട്ടുകളാണ് ടീം നേടിയത്.

ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറാണ്. അര്‍ധ സെഞ്ച്വറി നേടിയാണ് ഹര്‍മന്‍ മിന്നും പ്രകടനം കാഴ്ചവെച്ചത്. 47 പന്തില്‍ആറ് ഫോര്‍ അടക്കം 54 റണ്‍സ് നേടി പുറത്താകാതെയാണ് ഹര്‍മന്‍ മികവ് പുലര്‍ത്തിയത്. താരത്തിന് പുറമെ 29 റണ്‍സ് നേടിയ ദീപ്തി ശര്‍മയും 20 റണ്‍സ് നേടിയ ഓപ്പണര്‍ ഷഫാലി വര്‍മയും ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി.

കങ്കാരുപടയ്ക്കുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചത് ഓപ്പണര്‍ ഗ്രേസ് ഹാരിസ് ആണ്. അഞ്ച് ഫോര്‍ ഉള്‍പ്പെടെ 40 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന്‍ തഹ്ലിയ മഗ്രാത് നാല് ഫോര്‍ ഉള്‍പ്പെടെ 32 റണ്‍സും എല്ലിസ് പെരി രണ്ട് ഫോര്‍ ഉള്‍പ്പെടെ 32 റണ്‍സും ടീമിനുവേണ്ടി നേടി. മറ്റാര്‍ക്കും കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല.

ഇന്ത്യന്‍ ബൗളിങ് നിരയില്‍ രേണുക സിങ്ങും ദീപ്തി ശര്‍മയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇരുവര്‍ക്കും പുറമേ ശ്രേയങ്ക പാട്ടില്‍, പൂജ വസ്ത്രാക്കര്‍, രാധ യാദവ് എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

Content highlight: India  Lose Against Australia In Womens 2024 T-20 World Cup

We use cookies to give you the best possible experience. Learn more