| Sunday, 30th May 2021, 7:40 am

ലക്ഷ്യത്തില്‍ എത്തണമെങ്കില്‍ വാക്‌സിനുകളുടെ നിര്‍മ്മാണം വലിയ തോതില്‍ ഇന്ത്യ വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് 19 വാക്സിനുകളുടെ ഉത്പാദനം വലിയ തോതില്‍ ഇന്ത്യ വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ.

വിദേശത്ത് നിന്ന് ഡോസുകള്‍ വാങ്ങുന്നതിനുള്ള സമഗ്രമായ നീക്കവും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

‘ ജൂലൈ അവസാനത്തോടെ പ്രതിദിനം ഒരു കോടി ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു. അതിന് വേണ്ടി ഇന്ത്യ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുകയും വിദേശത്ത് നിന്ന് കഴിയുന്നത്ര വാക്‌സിനുകള്‍ വാങ്ങുകയും ചെയ്യേണ്ടതുണ്ട്,” അദ്ദേഹം പറഞ്ഞു.

വാക്സിന്‍ സംഭരണത്തിന് സമഗ്രമായ പരിഹാരം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധ സംസ്ഥാനങ്ങള്‍ വാക്‌സിന് വേണ്ടി അന്താരാഷ്ട്ര നിര്‍മ്മാതാക്കളെ സമീപിക്കുകയും നിര്‍മ്മാതാക്കള്‍ വാക്‌സിന്‍ നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഗുലേറിയ പ്രതികരണം നടത്തിയത്.

അതേസമയം, അടുത്ത വര്‍ഷം ഇന്ത്യയില്‍ സിംഗിള്‍ ഡോസ് കൊവിഡ് -19 വാക്സിന്‍ വിപണിയിലെത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് വാക്സിന്‍ നിര്‍മ്മതാക്കളായ മോഡേണ അറിയിച്ചത്. മറ്റ് ഇന്ത്യന്‍ കമ്പനികളുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.

യു.എസ് കമ്പനിയായ ഫൈസര്‍ 2021 ല്‍ തന്നെ 5 കോടി ഷോട്ടുകള്‍ നല്‍കാന്‍ തയ്യാറാണെന്നാണ് വിവരം. എന്നാല്‍ നഷ്ടപരിഹാരമുള്‍പ്പെടെയുള്ള കാര്യമായ നിയന്ത്രണ ഇളവുകള്‍ ഇതിന് ആവശ്യമാണെന്നും ഫൈസറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

രാജ്യത്ത് ഉപയോഗാനുമതി തേടി ഫൈസര്‍ ആദ്യം അപേക്ഷ നല്‍കിയിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു.
ഇന്ത്യന്‍ കമ്പനികളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും രാജ്യത്ത് വാക്സിന്‍ ഉപയോഗത്തിന് അപേക്ഷ നല്‍കുന്നതിനു മുന്‍പു തന്നെ അടിയന്തരാനുമതി തേടി ഫൈസര്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ അപേക്ഷ പരിഗണിക്കുന്നത് നീട്ടുകയായിരുന്നു. തദ്ദേശീയ വാക്സിനുകള്‍ക്ക് അനുമതി നല്‍കുകയും ചെയ്തു. ആത്മനിര്‍ഭര്‍ ഭാരത് വാക്സീനുകളാണ് തങ്ങളുടേതെന്നു പ്രഖ്യാപിച്ചു. ഇതോടെ ഫൈസര്‍ അപേക്ഷ പിന്‍വലിച്ചു.

ഇപ്പോള്‍ സംസ്ഥാനങ്ങള്‍ ഫൈസറിനെ നേരിട്ട് സമീപിക്കുകയും കേന്ദ്ര ഇടപെടണമെന്ന് ഫൈസര്‍ നിലപാടെടുക്കുകയും ചെയ്തതോടെയാണ് കേന്ദ്രം പ്രതിസന്ധിയില്‍ ആയത്. ഇതോടെ ഫൈസറുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ലോകത്ത് ലഭ്യമായതില്‍ ഏറ്റവും ഫലപ്രാപ്തിയുള്ള വാക്സിനുകളാണ് ഫൈസറും (95%) മൊഡേണയും (94.1%). ഇവ സൂക്ഷിക്കാന്‍ മെച്ചപ്പെട്ട ശീതീകരണ സംവിധാനം വേണമെന്നത് ഇന്ത്യയ്ക്ക് മുന്നിലെ പ്രതിസന്ധിയാണ്

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: India Looks To Vaccinate 1 Crore People Daily By July-End”: AIIMS Chief

We use cookies to give you the best possible experience. Learn more