| Thursday, 7th January 2021, 1:47 pm

റിപ്പബ്ലിക്ക് ദിനത്തില്‍ ചീഫ് ഗസ്റ്റിനെ തെരഞ്ഞ് നെട്ടോട്ടമോടി കേന്ദ്ര സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റിപ്പബ്ലിക്ക് ദിന പരേഡില്‍ അതിഥിയായി നിശ്ചയിച്ചിരുന്ന ബോറിസ് ജോണ്‍സണ്‍ എത്തില്ലെന്ന് അറിയിച്ചതോടെ പുതിയ അതിഥികളെ തെരഞ്ഞ് നെട്ടോട്ടമോടി കേന്ദ്ര സര്‍ക്കാര്‍.

കൊവിഡ് പശ്ചാത്തലത്തില്‍ എത്താന്‍ കഴിയില്ലെന്നാണ് ബോറിസ് ജോണ്‍സണ്‍ അറിയിച്ചത്. നിലവില്‍ അതിവേഗം പടരുന്ന ജനിതകമാറ്റം വന്ന കൊവിഡ് ബ്രിട്ടനെ പിടിമുറുക്കിയതോടെ രാജ്യം ലോക്ക് ഡൗണിലാണ്.

പുതിയ അതിഥി ആരായിരിക്കുമെന്നത് വിദേശകാര്യ മന്ത്രാലയം ഇതുവരെ അറിയിച്ചിട്ടില്ല. കൊവിഡ് പശ്ചാത്തലത്തില്‍ വിദേശത്തു നിന്നു ആരെ എത്തിക്കാന്‍ കഴിയുമെന്ന് കേന്ദ്രം പരിശോധിച്ചു വരികയാണ്.

ഇതാദ്യമായല്ല റിപ്പബ്ലിക് ദിനത്തില്‍ നേരത്തെ നിശ്ചയിച്ച അതിഥികള്‍ പിന്മാറിയത് ഇന്ത്യയെ പ്രതിസന്ധിയിലാക്കുന്നത്.

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും അവസാന നിമിഷം പുതിയ അതിഥികളെ അന്വേഷിക്കേണ്ടി വന്നിരുന്നു. 2013ലെ റിപ്പബ്ലിക്ക് ദിനത്തില്‍ ഒമാന്‍ സുല്‍ത്താനെയായിരുന്നു അദ്ദേഹം അതിഥിയായി നിശ്ചയിച്ചിരുന്നത്.

ആദ്യം അദ്ദേഹം വരാമെന്ന് സമ്മതിച്ചെങ്കിലും പിന്നീട് എത്താന്‍ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. പിന്നീട് ഇന്ത്യ ഭൂട്ടാന്‍ രാജാവിനെ ക്ഷണിക്കുകയായിരുന്നു.

2019ല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അതിഥിയായെത്തുമെന്ന് പറഞ്ഞിരുന്നു. 2018 ലാണ് അതിഥിയായെത്തണമെന്ന് ഇന്ത്യ ട്രംപിനോട് ആവശ്യപ്പെട്ടത്.

ആദ്യഘട്ടത്തില്‍ അദ്ദേഹം ക്ഷണം സ്വീകരിച്ചെങ്കിലും പിന്നീട് അദ്ദേഹം വരില്ലെന്ന് അറിയിക്കുകയായിരുന്നു. പിന്നീട് 2019ല്‍ സൗത്ത് ആഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമോഫോസയാണ് റിപ്പബ്ലിക് ദിനത്തില്‍ മുഖ്യ അതിഥിയായി ഇന്ത്യയിലെത്തിയത്.

അതേസമയം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യാ സന്ദര്‍ശനം ഒഴിവാക്കിയത് തങ്ങളുടെ രാഷ്ട്രീയ വിജയമാണെന്ന് കര്‍ഷക പ്രതിഷേധക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
ബോറിസ് ജോണ്‍സന്റെ പിന്മാറ്റം കേന്ദ്രസര്‍ക്കാരിനേറ്റ പരാജയമാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു.

ജനുവരി 26ന് റിപ്പബ്ലിക്ക് ദിനത്തിലെ പ്രത്യേക അതിഥിയായാണ് ബോറിസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വരെ സന്ദര്‍ശനത്തിന് തടസ്സമില്ലെന്ന് അറിയിച്ചിരുന്ന ബോറിസ് ജോണ്‍സണ്‍ ബുധനാഴ്ചയാണ് സന്ദര്‍ശനം ഒഴിവാക്കുകയാണെന്ന് അറിയിച്ചത്. കൊവിഡ് സാഹചര്യത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ ആദ്യമായി അതിഥികളൊന്നും എത്തിയേക്കില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:  India looks for alternative chief guest on Republic Day

We use cookies to give you the best possible experience. Learn more