| Thursday, 30th July 2020, 8:40 am

ഇന്ത്യയില്‍ 15 ലക്ഷം രോഗികളില്‍ 10 ലക്ഷം പേര്‍ രോഗമുക്തി നേടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് മുക്തി കണക്കുകളില്‍ ഇന്ത്യക്ക് ആശ്വാസം. ബുധനാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 10 ലക്ഷം പേര്‍ ഇന്ത്യയില്‍ കൊവിഡ് രോഗമുക്തി നേടി. 1,58,730 കൊവിഡ് കേസുകളാണ് ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ചത്. ഇതില്‍ 1,019,297 പേര്‍ക്ക് രോഗം ഭേദമായി. രാജ്യത്തെ ആകെ കൊവിഡ് രോഗികളില്‍ 64.4 ശതമാനവും രോഗമുക്തി നേടി. 528,459 കൊവിഡ് ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. 33,236 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു.

രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയിലും ദല്‍ഹിയിലും തമിഴ്‌നാട്ടിലും രോഗമുക്തി നേടിയവരുടെ എണ്ണം ഉയര്‍ന്നു തന്നെയാണ്. ആകെ രോഗമുക്തിയുടെ 53 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് തമിഴ്‌നാട്, മഹാരാഷ്ട്ര, ദല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ്.

മരണനിരക്കും രാജ്യത്ത് കുറവാണ്. ബുധനാഴ്ച 2.23 ശതമാനമായിരുന്നു മരണ നിരക്ക്. മാര്‍ച്ചില്‍ രാജ്യത്ത് കൊവിഡ് വ്യാപനം നടന്നതിനു ശേഷമുള്ള 150 ദിവസങ്ങള്‍ക്കു ശേഷമാണ് രോഗമുക്തി നിരക്ക് ഉയരുന്നത്.

അതേ സമയം പുതിയ രോഗികളില്‍ ഉണ്ടാവുന്ന വര്‍ധനവ് ആശങ്കപ്പെടുത്തുന്നുണ്ടെന്നും ഉയര്‍ന്ന തോതിലുള്ള പരിശോധനകള്‍ക്കൊപ്പം പോസിറ്റീവ് കേസുകള്‍ കുറയുകയും ചെയ്താല്‍ മാത്രമേ കൊവിഡ് വ്യാപനം കുറയുന്നതായി കണക്കാക്കാന്‍ സാധിക്കൂ എന്നാണ് പബ്ലിക് ഹെല്‍ത്ത് സിസ്റ്റംസ് സപ്പോര്‍ട്ട് വൈസ് പ്രസിഡന്റ് ഡോ. പ്രീതി കുമാര്‍ വ്യക്തമാക്കിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more