ന്യൂദൽഹി: മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ നാവികസേന നടത്തിയ വെടിവെപ്പിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ . ശ്രീലങ്കൻ കടലിൽ അനധികൃത മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് മത്സ്യത്തൊഴിലാളികളെ പിടികൂടാൻ ശ്രീലങ്കൻ പട്രോളിംഗ് സംഘം ശ്രമിക്കുകയായിരുന്നു. തുടർന്ന് ശ്രീലങ്കൻ നാവികസേന നടത്തിയ വെടിവയ്പ്പിൽ മത്സ്യത്തൊഴിലാളികൾക്ക് ഗുരുതരമായ പരിക്കേറ്റു.
സംഭവത്തിൽ ശ്രീലങ്കയുടെ ആക്ടിങ് ഹൈക്കമ്മീഷണറെ ന്യൂദൽഹിയിൽ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ‘കൊളംബോയിലെ ഞങ്ങളുടെ ഹൈക്കമ്മീഷനും ഇക്കാര്യം ശ്രീലങ്കൻ ഗവൺമെൻ്റിൻ്റെ വിദേശകാര്യ മന്ത്രാലയത്തോട് ഉന്നയിച്ചിട്ടുണ്ട്,’ എം.ഇ.എ പ്രസ്താവനയിൽ പറഞ്ഞു.
ബലപ്രയോഗം ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ പ്രതികരിച്ചു. ഡെൽഫ് ദ്വീപിന് സമീപം 13 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പിടികൂടുന്നതിനിടെ ശ്രീലങ്കൻ നാവികസേന വെടിയുതിർത്ത സംഭവം ഇന്ന് പുലർച്ചെയാണ് റിപ്പോർട്ട് ചെയ്തതെന്ന് എം.ഇ.എ പറഞ്ഞു.
ബോട്ടിൽ ഉണ്ടായിരുന്ന 13 മത്സ്യത്തൊഴിലാളികളിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. അവർ ജാഫ്ന ടീച്ചിങ് ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റ് മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് നിസാര പരിക്കേറ്റതായും ചികിത്സയിലാണെന്നും റിപ്പോർട്ട് വന്നിട്ടുണ്ട്.
ജാഫ്നയിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ ആശുപത്രിയിൽ സന്ദർശിച്ച് അവരുടെ ക്ഷേമം അന്വേഷിക്കുകയും മത്സ്യത്തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും സാധ്യമായ എല്ലാ സഹായങ്ങളും നൽകുകയും ചെയ്തു.
Content Highlight: India lodges ‘strong protest’ over Sri Lankan Navy firing at Indian fishermen