| Sunday, 2nd October 2022, 8:20 am

വീണ്ടും ശ്രീലങ്കയെ തകര്‍ത്ത് ലോകകിരീടം ചൂടി ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

ലെജന്‍ഡ്‌സ് അണിനിരന്ന ഒരു കിടിലന്‍ മത്സരം, അതായിരുന്നു ഇന്നലെ റായ്പൂരില്‍ നടന്നത്. സച്ചിന്റെ നേതൃത്വത്തില്‍ അജയ്യരായി തുടര്‍ന്ന ഇന്ത്യന്‍ പട ശ്രീലങ്കന്‍ ലെജന്‍ഡ്‌സിനെ ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും ഒരുപോലെ പ്രഹരമേല്‍പ്പിച്ച് തകര്‍ത്തെറിയുകയായിരുന്നു.

റോഡ് സേഫ്റ്റി വേള്‍ഡ് സീരിസില്‍ രണ്ടാം തവണയും തുടര്‍ച്ചയായി കപ്പ് നേടിയാണ് ഇന്ത്യയുടെ മുന്‍ സൂപ്പര്‍താരങ്ങള്‍ കരുത്ത് തെളിയിച്ചിരിക്കുന്നത്. 33 റണ്‍സിനാണ് ശ്രീലങ്കയെ ഇന്ത്യ പരാജയപ്പെടുത്തിയത്.

ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡിനെ ഉയരങ്ങളിലെത്തിച്ചത് നമാന്‍ ഓജയാണ്. 71 ബോളില്‍ 108 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഓജയുടെ ഇന്നിങ്ങ്‌സാണ് 195 കൂറ്റന്‍ സ്‌കോര്‍ ഇന്ത്യക്ക് സമ്മാനിച്ചത്. സെമി ഫൈനലിലും 90 റണ്‍സിന്റെ മിന്നും പ്രകടനമായിരുന്നു നമാന്‍ ഓജ കാഴ്ച വെച്ചത്.

അതേസമയം നമാന്‍ ഓജക്കൊപ്പം ഓപ്പണറായി എത്തിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ആദ്യ ബോളില്‍ തന്നെ ഔട്ടാകാനായിരുന്നു വിധി. ആ ഗോള്‍ഡന്‍ ഡക്ക് കാണികളെ നിരാശരാക്കിയില്ലെങ്കിലും കുലുക്കമില്ലാതെ തുടര്‍ന്ന ഓജയുടെ ഇന്നിങ്‌സ് ആവേശമായി.

സച്ചിന്റെയടക്കം മൂന്ന് വിക്കറ്റുകള്‍ നുവാന്‍ കുലശേഖര എറിഞ്ഞുവീഴ്ത്തിയെങ്കിലും ഇന്ത്യയുടെ ബാറ്റിങ്ങ് നിരയെ തടയാനായില്ല. ഇസുരു ഉഡനയും ശ്രീലങ്കക്ക് വേണ്ടി രണ്ട് വിക്കറ്റ് നേടിയിരുന്നു.

36 റണ്‍സ് നേടിയ വിനയ് കുമാറാണ് ഇന്ത്യയുടെ സെക്കന്റ് ടോപ് സ്‌കോറര്‍. ഇങ്ങനെ അടിച്ചുമുന്നേറിയ ഇന്ത്യ 20 ഓവര്‍ കഴിഞ്ഞപ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് നേടി.

196 റണ്‍സ് എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ തിലകരത്‌ന ദില്‍ഷനും കൂട്ടര്‍ക്കും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ആദ്യ മൂന്ന് ഓവറിനുള്ളില്‍ ഓപ്പണര്‍മാരായ ദില്‍ഷന്‍ മുനവീരയുടെയും സനത് ജയസൂര്യയുടെയും വിക്കറ്റുകള്‍ നഷ്ടമായി.

ഇഷാന്‍ ജയരത്‌നെ അര്‍ധ സെഞ്ച്വറി നേടി ശ്രീലങ്കയെ കര കയറ്റുമെന്ന പ്രതീക്ഷ നല്‍കിയെങ്കിലും മികച്ച കൂട്ടുകെട്ടില്ലാതിരുന്നതിനാല്‍ അതും പാഴായി. സ്‌കിപ്പര്‍ ദില്‍ഷാം ആകെ നേടിയത് 11 റണ്‍സായിരുന്നു.

ബൗള്‍ ചെയ്ത എല്ലാ ഇന്ത്യന്‍ കളിക്കാരും ഓരോ വിക്കറ്റ് വീതമെങ്കിലും നേടിയ മത്സരത്തില്‍ മൂന്ന് വിക്കറ്റുമായി മുന്നിട്ടുനിന്നത് വിനയ് കുമാറാണ്.

ഏഷ്യാ കപ്പ് കൈവിട്ടെങ്കിലും, നടക്കാന്‍ പോകുന്ന ടി20 ലോകകപ്പില്‍ വലിയ പ്രതീക്ഷകളില്ലെങ്കിലും റോഡ് സേഫ്റ്റി വേള്‍ഡ് കപ്പിലെ നേട്ടം ഇന്ത്യന്‍ ക്രിക്കറ്റിന് ആവേശമായിട്ടുണ്ട്.

Content Highlight: India Legends wins in Road Safety World Series 2022

We use cookies to give you the best possible experience. Learn more