വിശാഖപട്ടണം: കൂറ്റന്‍ സ്‌കോറുയര്‍ത്തിയ ഇന്ത്യന്‍ ബാറ്റിങ് നിരയ്‌ക്കെതിരെ അതേ നാണയത്തില്‍ തിരിച്ചടിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഇന്നിങ്‌സില്‍ ലീഡ് നഷ്ടപ്പെട്ടത് 71 റണ്‍സിന്. 431 റണ്‍സിന് ആദ്യ ഇന്നിങ്‌സ് അവസാനിപ്പിക്കേണ്ടി വന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയിപ്പോള്‍ ബാറ്റ് ചെയ്യുകയാണ്. ഇപ്പോള്‍ ഇന്ത്യക്ക് 193 റണ്‍സിന്റെ ലീഡുണ്ട്.
ആദ്യ ഇന്നിങ്‌സിനു സമാനമായി രോഹിത് ശര്‍മ അനായാസം റണ്‍സ് സ്‌കോര്‍ ചെയ്തപ്പോള്‍ നിലവില്‍ ഇന്ത്യ ഒരു വിക്കറ്റിന് 122 റണ്‍സെടുത്തു നില്‍ക്കുകയാണ്. കളി തീരാന്‍ ഒന്നര ദിവസം ബാക്കിനില്‍ക്കെ ഫലമുണ്ടാകാനുള്ള സാധ്യതകള്‍ പൂര്‍ണമായും തള്ളിക്കളയാനാകില്ല.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
രോഹിത് ശര്‍മ (60), ചേതേശ്വര്‍ പൂജാര (54) എന്നിവരാണ് ക്രീസില്‍. പൂജാരയെ പുറത്താക്കാനുള്ള രണ്ടവസരങ്ങള്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കും രോഹിതിനെ പുറത്താക്കാനുള്ള ഒരവസരം ഫീല്‍ഡര്‍മാരും ഇതോടകം നഷ്ടപ്പെടുത്തി. രോഹിത് നാല് സിക്‌സറുകളാണ് ഇതുവരെ പറത്തിയത്.
ആദ്യ ഇന്നിങ്‌സില്‍ ഇടിവെട്ട് പ്രകടനത്തിലൂടെ ഡബിള്‍ സെഞ്ചുറി തികച്ച മായങ്ക് അഗര്‍വാള്‍ ഇക്കുറി ഏഴ് റണ്‍സിന് പുറത്തായി. കേശവ് മഹാരാജിന്റെ പന്തില്‍ ഡുപ്ലെസിസിന് ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു.