| Thursday, 2nd May 2024, 1:21 pm

ദൽഹിയിൽ സംയുക്ത സുരക്ഷാ അഭ്യാസം നടത്തി ഇന്ത്യയും ഇസ്രഈലും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഗസയിൽ ഇസ്രഈൽ അധിനിവേശം തുടരുന്നതിനിടെ ദൽഹിയിൽ സംയുക്ത സൈനിക അഭ്യാസം നടത്തി ഇന്ത്യയും ഇസ്രഈലും. ഭാവിയിൽ ഉണ്ടായേക്കാവുന്ന ആക്രമണങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ സുരക്ഷാ സേനയുമായി സഹരിക്കുന്നതെന്ന് ബുധനാഴ്ച ഇസ്രഈൽ എംബസി അറിയിച്ചു.

കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യയും ഇസ്രഈലും സംയുക്തമായി ഡ്രിൽ അഭ്യാസം നടത്തിയത്. ഭാവിയിലെ ഭീഷണികളെ ഫലപ്രദമായി നേരിടാനായി സുരക്ഷാ സേനയുടെ സന്നദ്ധത വിലയിരുത്തുകയും സമന്വയിപ്പിക്കുകയും ചെയ്യുകയാണ് ഡ്രില്ലിൻ്റെ പ്രാഥമിക ലക്ഷ്യമെന്ന് എംബസി കൂട്ടിച്ചേർത്തു.

നാഷണൽ സെക്യൂരിറ്റി ഗാർഡ്, ദൽഹി പൊലീസ്, ലോക്കൽ എമർജൻസി സർവീസുകൾ എന്നിവയുൾപ്പെടെ വിവിധ ഏജൻസികളുടെ പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചതായി ഇസ്രഈൽ എംബസി അറിയിച്ചു. സംയുക്ത സൈനികാഭ്യാസം പ്രതിരോധ മേഖലയിലെ സുപ്രധാന നാഴികക്കല്ലാണെന്ന് ഇസ്രഈൽ പ്രതിനിധി നാർ ഗിലോൺ പറഞ്ഞു.

‘ സംയുക്ത അഭ്യാസങ്ങൾ സുരക്ഷയിലും പ്രതിരോധത്തിലും ഇരു രാജ്യങ്ങളുടെയും സഹകരണം മെച്ചപ്പെടുത്തുന്നു. സുരക്ഷിതമായ ഒരു ലോകത്തിനായി തുടർച്ചയായ സഹകരണം വളർത്തിയെടുക്കാനുള്ള ദൃഢനിശ്ചയത്തിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു, ‘ ഗിലോൺ കൂട്ടിച്ചേർത്തു.

ഇസ്രാഈലിന്റെ ഫലസ്തീൻ അക്രമണത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ക്യാമ്പസുകൾ കേന്ദ്രമാക്കി ഉയരുന്ന പ്രതിഷേധങ്ങളിൽ ഇതുവരെ 400 ന് മുകളിൽ വിദ്യാർത്ഥികളെയാണ് അറസ്റ്റ് ചെയ്തത്. നിലവിൽ ഇസ്രാഈലിൽ തന്നെ ബെഞ്ചമിൻ നെതന്യാഹുവിനെതിനെതിരെ നിരവധി പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.

അതേസമയം ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് ഇസ്രഈലിന്റെ ആക്രമണത്തില്‍ 34,568 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് വ്യക്തമാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രഈല്‍ സൈന്യം 33 ഫലസ്തീനികളെ കൊലപ്പെടുത്തുകയും 57 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ കൂടുതൽ കുഞ്ഞുങ്ങളും സ്ത്രീകളുമാണെന്നും ആരാഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

Content Highlight: India, Israel militaries conduct joint security drill

Latest Stories

We use cookies to give you the best possible experience. Learn more