| Saturday, 17th August 2024, 6:58 am

അനീതിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഒപ്പമുണ്ട്; കെജ്‌രിവാളിനോട് രാഹുല്‍ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അനീതിക്കെതിരായ പോരാട്ടത്തില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനൊപ്പം ഇന്ത്യ ഉണ്ടാവുമെന്ന് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. അരവിന്ദ് കെജ്‌രിവാളിന്റെ 56ാം പിറന്നാള്‍ ദിനത്തില്‍ പങ്കുവെച്ച ആശംസയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍. നിങ്ങള്‍ ആരോഗ്യവാനും സന്തോഷവാനും ആണെന്ന് കരുതുന്നു. അനീതിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ നിങ്ങളോടൊപ്പം ഉണ്ടാവും, രാഹുല്‍ ഗാന്ധി എക്സില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ പറഞ്ഞു.

സുപ്രീംകോടതി കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു രാഹുലിന്റെ ട്വീറ്റ്.

ദേശീയ തലത്തില്‍ ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ് ആം ആദ്മി പാര്‍ട്ടി. ഇന്ത്യ സഖ്യത്തിനും ദല്‍ഹി സംസ്ഥാന സര്‍ക്കാരിനുമേറ്റ തിരിച്ചടിയായിരുന്നു മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി കസ്റ്റഡിയിലെടുത്തത്.

മാര്‍ച്ച് 21നാണ് കെജ്‌രിവാളിനെ ദല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ഇ.ഡി കസ്റ്റഡിയിലെടുക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് ഇ.ഡി കെജ്‌രിവാളിനെ കസ്റ്റഡിയിലെടുത്തത്. തെരഞ്ഞെടുപ്പ് പ്രചരണഘട്ടങ്ങള്‍ക്കുവേണ്ടി കെജ്‌രിവാളിന് മെയ് 10 മുതല്‍ ജൂണ്‍ 1 വരെ ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ ജാമ്യക്കാലാവധി അവസാനിച്ചതിന് പിന്നാലെ കെജ്‌രിവാളിനെ ഇ.ഡി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇ.ഡിയുമായുള്ള കേസില്‍ കെജ്‌രിവാളിന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ സി.ബി.ഐയുമായുള്ള കേസ് നിലനില്‍ക്കുന്നതിനാല്‍ നിലവില്‍ ജയിലില്‍ കഴിയുകയാണ് അദ്ദേഹം.

കെജ്‌രിവാളിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ഇടക്കാല ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇടക്കാല ആശ്വാസങ്ങളൊന്നും അനുവദിക്കില്ല എന്ന് പറഞ്ഞുകൊണ്ട് സുപ്രീംകോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

Content Highlight: INDIA’ is with you in fight against ‘injustice’: Rahul to Kejriwal

We use cookies to give you the best possible experience. Learn more