ന്യൂദല്‍ഹി: ഉന്നാവോ, കത്വവ പീഡനകേസുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടരുന്ന മൗനത്തിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ മൗനം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ പറയുന്നു.
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ വര്‍ധിക്കുന്ന അക്രമങ്ങളെക്കുറിച്ച് പ്രധാനമന്ത്രി എന്താണ് കരുതുന്നത്.? എന്തുകൊണ്ട് ബലാത്സംഘക്കേസുകളിലും കൊലപാതകങ്ങളിലും പ്രതികള്‍ക്ക് ഭരണകൂട സംരക്ഷണം ലഭിക്കുന്നു? ഈ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്ററില്‍ ആവശ്യപ്പെട്ടു.
നേരത്തെ, ഉന്നാവില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതിനെക്കുറിച്ചു പ്രധാനമന്ത്രി ദീര്‍ഘമൗനം തുടരുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് വക്താവ് കപില്‍ സിബലും രംഗത്തെത്തിയിരുന്നു.
അതേസമയം കത്വവയിലേയും ഉനാവോയിലേയും ബലാത്സംഗക്കേസുകളില്‍ പ്രതിരോധത്തിലായതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളേയും മാധ്യമങ്ങളേയും വിമര്‍ശിച്ച് ബി.ജെ.പി രംഗത്തെത്തിയിരുന്നു. ബി.ജെ.പി വക്താവ് മീനാക്ഷി ലേഖിയാണ് പത്രസമ്മേളനം നടത്തി വിഷയത്തില്‍ വിശദീകരണം നല്‍കിയത്.
കത്വ, ഉനാവോ സംഭവങ്ങളില്‍ സര്‍ക്കാരും പൊലീസും കൃത്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കുറ്റക്കാര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുമെന്നുമായിരുന്നു മീനാക്ഷി ലേഖിയുടെ മറുപടി.
രണ്ട് സംഭവങ്ങളേയും വര്‍ഗീയവത്ക്കരിക്കുകയാണ് പ്രതിപക്ഷമെന്നും കേന്ദ്രസര്‍ക്കാരിന് മേല്‍ കുറ്റം ചാര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമം എന്നുമായിരുന്നു ഇവരുടെ വാദം. ഉനാവോ സംഭവത്തില്‍ എം.എല്‍.എമാര്‍ക്കെതിരായ കുറ്റം തെളിയുന്നതുവരെ അവര്‍ പ്രതികളല്ലെന്നും മീനാക്ഷി ലേഖി പറഞ്ഞു.