| Saturday, 21st January 2023, 9:34 pm

ആരാധകർക്ക് നിരാശ; ലോകോത്തര വേദിയിൽ ക്രിക്കറ്റിന് ഇനിയുമിടമില്ല

സ്പോര്‍ട്സ് ഡെസ്‌ക്

ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള കായിക ഇനങ്ങളിലൊന്നാണ് ക്രിക്കറ്റ്.ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള കായിക ഇനം കൂടിയാണിത്. എന്നാൽ ക്രിക്കറ്റ്‌ ആരാധകരെ നിരാശരാക്കുന്ന ഒരു വാർത്ത പുറത്ത് വരികയാണ്.

2028ൽ അമേരിക്കയിലെ ലോസ് ആഞ്ചലസിൽ വെച്ച് നടത്തപ്പെടുന്ന ഒളിമ്പിക്സ് മത്സരത്തിലും കായിക ഇനമായി ക്രിക്കറ്റ് ഉണ്ടാകില്ല എന്ന് സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞു.

ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയാണ് 2028ലും ക്രിക്കറ്റ്‌ ഒരു മത്സര ഇനമായി ഒളിമ്പിക്സിൽ ഉൾപ്പെടുത്തുന്നില്ലെന്ന് ഐ.സി.സിയെ രേഖാമൂലം അറിയിച്ചത്.

ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെങ്കില്‍ മാത്രമേ ഒരു പുതിയ കായിക ഇനത്തെ മത്സരങ്ങളുടെ പട്ടികയിൽ ഒളിമ്പിക്സിൽ ഉള്‍പ്പെടുത്തുകയുള്ളൂ. താരങ്ങളുടെ സുരക്ഷ, ആതിഥേയ രാജ്യത്തിന്റെ താല്‍പര്യം, കായിക ഇനത്തിന്റെ പ്രശസ്തി, ലിംഗസമത്വം, തുടങ്ങിയ മാനദണ്ഡങ്ങള്‍ ഇതിലുൾപ്പെടും.

പുരുഷ ക്രിക്കറ്റ് മാത്രമായി ഒളിമ്പിക്സില്‍ ഉൾപ്പെടുത്തില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

നേരത്തെ 2024 പാരിസ് ഒളിമ്പിക്സിലും ക്രിക്കറ്റ്‌ ഒരു കായികയിനമായി ഉൾപ്പെടുത്തിയിരുന്നില്ല.

ഇതോടെയായിരുന്നു 2028 ഒളിമ്പിക്സിൽ ക്രിക്കറ്റിനെ ഉൾപെടുത്താൻ ഐ.സി.സി ശ്രമങ്ങൾ ആരംഭിച്ചത്. എന്നാൽ 2028 ഒളിമ്പിക്സിൽ നിന്നും ക്രിക്കറ്റ്‌ ഒഴിവാക്കപ്പെട്ടതോടെ ഇനി 2032 ലെ ഓസ്ട്രേലിയയിലെ ബ്രിസ്ബെനിൽ വെച്ച് നടക്കാനിരിക്കുന്ന ഒളിമ്പിക്സ് മത്സരത്തിൽ ക്രിക്കറ്റ്‌ ഉൾപ്പെടുത്താനുള്ള ശ്രങ്ങളിലേക്ക് ഐ.സി.സി കടന്നെന്നാണ് റിപ്പോർട്ടുകൾ.

കൂടാതെ ക്രിക്കറ്റ് ജനപ്രിയമായ ഓസിസ് മണ്ണിൽ നടത്തപ്പെടുന്ന ഒളിമ്പിക്സിൽ ക്രിക്കറ്റ് ഒരു കായിക ഇനമായി കാണാൻ കഴിയും എന്ന് തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

ലോസ് ആഞ്ചലസിൽ വെച്ച് നടക്കുന്ന ഒളിമ്പിക്സിൽ മത്സരയിനത്തിൽ പരിഗണിക്കാനുള്ള ഒമ്പത് കായികയിനങ്ങളുടെ പട്ടികയില്‍ ക്രിക്കറ്റിനെ നേരത്തെ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി ഉള്‍പ്പെടുത്തിയിരുന്നു.

Content Highlights:India is unlikely to get a world-class award from cricket; fans are Desperated

We use cookies to give you the best possible experience. Learn more