ഇന്ത്യ- ശ്രീലങ്ക മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞു. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 47.5 ഓവറില്‍ 230 റണ്‍സ് നേടി പുറത്താവുകയായിരുന്നു.
14 പന്തില്‍ വിജയിക്കാന്‍ രണ്ട് റണ്‍സ് മാത്രമുള്ള സമയത്ത് അര്‍ഷ്ദീപ് സിങ് പുറത്താവുകയായിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെ എല്‍.ബി.ഡബ്യൂ ആയാണ് താരം മടങ്ങിയത്. ഇന്ത്യ ജയിച്ചുവെന്നുറപ്പിച്ച മത്സരം അവസാനം സമനിലയില്‍ അവസാനിക്കുകയായിരുന്നു.
ഈ സമനിലയോടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ സമനിലയില്‍ ആകുന്ന ടീമുകളുടെ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തേക്കാണ് ഇന്ത്യ എത്തിയത്. ഏകദിനത്തില്‍ ഇന്ത്യയുടെ 10 മത്സരങ്ങളാണ് സമനിലയില്‍ അവസാനിച്ചത്. ഒമ്പത് മത്സരങ്ങള്‍ സമനിലയായ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്ഥാന്‍ എന്നീ ടീമുകളെല്ലാം ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് കയറിയത്. 11 മത്സരങ്ങള്‍ സമനിലയായ വെസ്റ്റ് ഇന്‍ഡീസാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.
മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശര്‍മ 47 പന്തില്‍ 58റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഏഴ് ഫോറുകളും മൂന്ന് സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 57 പന്തില്‍ 33 റണ്‍സ് നേടി അക്സര്‍ പട്ടേലും 43 പന്തില്‍ 31 റണ്‍സ് നേടി കെ.എല്‍ രാഹുലും നിര്‍ണായകമായി.
ശ്രീലങ്കയ്ക്കായി ക്യാപ്റ്റന്‍ ചരിത് അസലങ്ക, വാനിന്ദു ഹസരംഗ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും ദുനിത് വെല്ലലഗെ രണ്ട് വിക്കറ്റും അസിത ഫെര്‍ണാണ്ടൊ, അഖില ധനഞ്ജയ എന്നിവര്‍ ഓരോ വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടനം നടത്തി.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 65 പന്തില്‍ പുറത്താവാതെ 67 റണ്‍സ് നേടിയ ദുനിതിന്റെയും 75 പന്തില്‍ 56 റണ്‍സ് നേടിയ പാത്തും നിസ്സങ്കയുടെയും കരുത്തിലാണ് മാന്യമായ സ്‌കോറിലേക്ക് നീങ്ങിയത്.
ഇന്ത്യക്കുവേണ്ടി മുഹമ്മദ് സിറാജ്, ശിവം ദുബെ, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടിയപ്പോള്‍ അര്‍ഷ്ദീപ് സിങ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി.
നാളെയാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. ആര്‍. പ്രേമദാസ സ്റ്റേഡിയമാണ് വേദി.
Content Highlight: India is The Second team is the Most Tie in The ODI