| Monday, 24th July 2023, 3:04 pm

എമേര്‍ജിങ് ഏഷ്യാകപ്പിന് യുവതാരങ്ങളെ അയച്ചത് ഇന്ത്യ മാത്രം; എതിര്‍ടീമില്‍ 3 ലോകകപ്പ് കളിച്ചവനും 35 വയസുള്ളവനും

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ശ്രീലങ്കയില്‍ അവസാനിച്ച എമേര്‍ജിങ് ഏഷ്യാ കപ്പിന് എമേര്‍ജിങ് ടീമിനെ അയിച്ചത് ഇന്ത്യ മാത്രം. ജേതാക്കളായ പാകിസ്ഥാന്‍ ടീമടക്കമുള്ളവര്‍ ക്യാപ്ഡ് പ്ലെയേഴ്‌സിനെ കളത്തിലിറക്കിയപ്പോള്‍ മുഴുവന്‍ അണ്‍ ക്യാപ്ഡ് താരങ്ങളുമായാണ് ഇന്ത്യ ശ്രീലങ്കയിലെത്തിയത്.

നാഷണല്‍ ടീമിനായി അരങ്ങേറ്റം നടത്തുകയും നിരവധി മത്സരങ്ങള്‍ കളിക്കുകയും ചെയ്ത താരങ്ങള്‍ മറ്റ് ടീമുകള്‍ക്കൊപ്പമുണ്ടായിരുന്നു. ഷഹനവാസ് ദഹാനിയടക്കം ഏഴ് ക്യാപ്ഡ് താരങ്ങള്‍ പാകിസ്ഥാന്‍ ടീമിനൊപ്പമുണ്ടായിരുന്നപ്പോള്‍ സൗമ്യ സര്‍ക്കാര്‍ അടക്കമുള്ള ഒമ്പത് താരങ്ങളായിരുന്നു ബംഗ്ലാദേശ് ടീമിലുണ്ടായിരുന്നത്.

അഫ്ഗാന്‍ താരം നൂര്‍ അലി സദ്രാനാണ് ഇക്കൂട്ടത്തിലെ സീനിയര്‍. 35 വസയുകാരനായ സദ്രാന്‍, 2009ല്‍ അരങ്ങേറ്റം കുറിക്കുകയും ദേശീയ ടീമിന് വേണ്ടി 51 ഏകദിനവും 19 ടി-20യും കളിച്ചിട്ടുണ്ട്.

ബംഗ്ലാദേശ് താരമായ സൗമ്യ സര്‍ക്കാരാകട്ടെ നാഷണല്‍ ടീമിന് വേണ്ടി മൂന്ന് വേള്‍ഡ് കപ്പുകള്‍ കളിച്ച താരമാണ്.

അതേസമയം, ഇന്ത്യന്‍ ടീമിന്റെ ശരാശരി പ്രായം 20.8 ആണ്. ഒറ്റ സീനിയര്‍ താരം പോലും ഇന്ത്യന്‍ നിരയിലുണ്ടായിരുന്നില്ല.

എന്നാല്‍ പാകിസ്ഥാന്റെ കാര്യമെടുക്കുമ്പോള്‍ 23.2 ആണ് അവരുടെ ശരാശരി പ്രായം. നേരത്തെ സൂചിപ്പിച്ചതുപോലെ ഏഴ് താരങ്ങള്‍ പാകിസ്ഥാനെ അന്താരാഷ്ട്ര മത്സരങ്ങളില്‍ പ്രതിനിധീകരിച്ചിട്ടുള്ളവരാണ്. ഇവരെല്ലാവരും ചേര്‍ന്ന് 85 മത്സരങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ കളിച്ചിട്ടുമുണ്ട്.

പാക് നായകന്‍ മുഹമ്മദ് ഹാരിസ് പാകിസ്ഥാനായി അഞ്ച് അന്താരാഷ്ട്ര ഏകദിനവും ഒമ്പത് ടി-20 മത്സരവും കളിച്ച താരമാണ്.

കഴിഞ്ഞ ദിവസം ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ എ ടീമിനെ 128 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ കിരീടം നിലനിര്‍ത്തിയിരുന്നു. പാകിസ്ഥാന്‍ ഉയര്‍ത്തിയ 353 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് 224 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ തയ്യബ് താഹിറിന്റെ സെഞ്ച്വറിയുടെ കരുത്തിലാണ് മികച്ച സ്‌കോറിലേക്ക് ഉയര്‍ന്നത്. 71 പന്തില്‍ 108 റണ്‍സ് നേടിയാണ് താഹിര്‍ പുറത്തായത്. താഹിറിന് പുറമെ സാഹിബ്‌സാദ ഫര്‍ഹാനും സിയാം അയ്യൂബും അര്‍ധ സെഞ്ച്വറി തികച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ടോപ് ഓര്‍ഡറിന്റെ കരുത്തില്‍ ചെറുത്ത് നില്‍പിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 51 പന്തില്‍ 61 റണ്‍സ് നേടിയ അഭിഷേക് ശര്‍മയും 41 പന്തില്‍ 39 റണ്‍സടിച്ച ക്യാപ്റ്റന്‍ യാഷ് ധുള്ളും 28 പന്തില്‍ 29 റണ്‍സ് നേടിയ സായ്‌സുദര്‍ശനുമാണ് പിടിച്ചുനിന്നത്.

ഒടുവില്‍ 40 ഓവറില്‍ 224ന് ഇന്ത്യ ഓള്‍ ഔട്ടാവുകയായിരുന്നു. സൂഫിയാന്‍ മഖീം മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മെഹ്‌റന്‍ മുംതാസ്, മുഹമ്മദ് വസീം ജൂനിയര്‍, അര്‍ഷാദ് ഇഖ്ബാല്‍ എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. മുബാസില്‍ ഖാനാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

Content Highlight:  India is the only country that has sent emerging players to the Emerging Asia Cup

We use cookies to give you the best possible experience. Learn more