ചൈനയുടെ സ്വയംഭരണത്തിലുള്ള ടിബറ്റന്‍ മേഖലകളുടെ പേരുകള്‍ മാറ്റാനൊരുങ്ങി ഇന്ത്യ; റിപ്പോര്‍ട്ട്
national news
ചൈനയുടെ സ്വയംഭരണത്തിലുള്ള ടിബറ്റന്‍ മേഖലകളുടെ പേരുകള്‍ മാറ്റാനൊരുങ്ങി ഇന്ത്യ; റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th June 2024, 10:49 pm

ന്യൂദല്‍ഹി: ചൈനയുടെ സ്വയംഭരണത്തിലുള്ള ടിബറ്റന്‍ മേഖലകളുടെ പേരുകള്‍ ഇന്ത്യ മാറ്റാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ടിബറ്റിലെ രണ്ട് ഡസനിലധികം വരുന്ന സ്ഥലങ്ങളുടെ പേരുകള്‍ ഇന്ത്യ മാറ്റാന്‍ തീരുമാനിച്ചതായി നയതന്ത്രജ്ഞരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അനധികൃതമായി അരുണാചല്‍ പ്രദേശിലെ 30 സ്ഥലങ്ങളുടെ പേര് ചൈന പുനര്‍നാമകരണം ചെയ്തതിന് പിന്നലെയാണ് ഇന്ത്യയുടെ നീക്കം.

പുനര്‍നാമകരണം ചെയ്യേണ്ട ടിബറ്റന്‍ സ്ഥലങ്ങളുടെ ലിസ്റ്റ് അധികൃതര്‍ ഉടന്‍ പുറത്തുവിടുമെന്നും റിപ്പോര്‍ട്ട് പറയുന്നു. കരസേനയുടെ ഇന്‍ഫര്‍മേഷന്‍ വാര്‍ഫെയര്‍ ഡിവിഷന്‍ ഇതുസംബന്ധിച്ച അന്തിമ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

ചരിത്രപരമായ ഗവേഷണങ്ങളും പഠനങ്ങളും നടത്തിയതിന് ശേഷമായിരിക്കും പേരുകള്‍ മാറ്റുക. ഇക്കാര്യത്തില്‍ ടിബറ്റന്‍ മേഖലകളിലെ ജനങ്ങള്‍ ഇന്ത്യക്ക് പിന്തുണ നല്‍കുന്നുണ്ട്. ഇവര്‍ ചൈനീസ് പേരുകളെ എതിര്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്.

അതേസമയം നാലാം തവണയാണ് അനുമതിയില്ലാതെ ഏകപക്ഷീയമായി ഇന്ത്യന്‍ അതിര്‍ത്തിയിലെ സ്ഥലങ്ങളുടെ പേരുകള്‍ ചൈന മാറ്റുന്നത്. പുതിയ പേരുകളോടെ ഈ സ്ഥലങ്ങള്‍ 2024ന്റെ അവസാനത്തോടെ ചൈനയുടെ ഔദ്യോഗിക ഭൂപടത്തില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചൈനയുടെ സിവില്‍ കാര്യ മന്ത്രാലയം സ്ഥലങ്ങളുടെ പുതിയ പേരുകളടങ്ങുന്ന പട്ടിക പുറത്തിറക്കുകയും ചെയ്തിരുന്നു.

2023 ഏപ്രിലില്‍ ആണ് ഇന്ത്യയിലെ സ്ഥലങ്ങളുടെ പേരുകള്‍ അവസാനമായി ചൈന മാറ്റിയത്. അതിനുമുമ്പ് 2017 ഏപ്രിലിലും 2021 ഡിസംബറിലും ചൈന ഇന്ത്യന്‍ അതിര്‍ത്തി ഗ്രാമങ്ങളുടെ പേരുകള്‍ മാറ്റിയിട്ടുണ്ട്.

അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ പേര് ചൈന പുനര്‍നാമകരണം ചെയ്യുന്നത്, വടക്കുകിഴക്കന്‍ ഇന്ത്യയിലെ ബീജിങ്ങിന്റെ അവകാശവാദം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്ന് മുന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞിരുന്നു.

എന്നാല്‍ ചൈനയുടെ നടപടി കാര്യമാക്കേണ്ടതില്ല എന്നായിരുന്നു ജയശങ്കറിന്റെ ആദ്യ പ്രതികരണം. സംഭവം വിവാദമായതോടെയാണ് വിദേശകാര്യമന്ത്രി പ്രതികരണത്തില്‍ മാറ്റം വരുത്തിയത്.

അരുണാചലിലെ ചൈനയുടെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്തെത്തിയിരുന്നു. അതിര്‍ത്തി കടന്ന് ചൈന ഇന്ത്യയിലേക്ക് എത്തിയപ്പോള്‍ മോദി കറുപ്പ് കഴിച്ച് ഉറങ്ങുകയായിരുന്നുവെന്നാണ് ഖാര്‍ഗെ അന്ന് പ്രതികരിച്ചത്. മോദി നുണയന്മാരുടെ മുഖ്യന്‍ ആണെന്നും പ്രധാനമന്ത്രിയുടെ ലക്ഷ്യം രാജ്യത്തിന്റെ സുരക്ഷയല്ലെന്നും ഖാര്‍ഗെ വിമര്‍ശിച്ചിരുന്നു.

Content Highlight: India is reportedly planning to change the names of China’s autonomous Tibetan regions