| Saturday, 9th September 2023, 12:03 pm

ജി20 ഉച്ചകോടി; മോദിയുടെ ഇരിപ്പിടത്തിന് മുന്നിലുള്ള ബോര്‍ഡില്‍ ഇന്ത്യക്ക് പകരം ഭാരത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജി20 ഉച്ചകോടിയിലെ പ്രധാന വേദിയില്‍ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡില്‍ ഇന്ത്യ എന്ന പേരിന് പകരം ഭാരത്. ഭാരതത്തിന്റെ രാഷ്ട്രതലവന്‍ എന്നാണ് മോദിയെ ബോര്‍ഡില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

ഈ മാസാവസാനം നടക്കാനിരിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇന്ത്യയെ ഭാരത് എന്ന് പുനര്‍നാമകരണം ചെയ്യുന്നതിനുള്ള നീക്കം ഔപചാരികമാക്കാനാണ് ഇത് ലക്ഷ്യമിടുന്നതെന്ന അഭ്യൂഹത്തിനും ഇത് കാരണമായിട്ടുണ്ട്.

സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ നടക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇന്ത്യയുടെ പേര് മാറ്റി ഭാരത് എന്നാക്കുമെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഭരണഘടന ഭേദഗതി ചെയ്തുകൊണ്ട് ഇന്ത്യയുടെ പേര് ഭാരത് എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമായെന്നും ഇന്ത്യയുടെ പേര് മാറ്റാന്‍ കേന്ദ്രം പുതിയ പ്രമേയം കൊണ്ടുവന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സെപ്റ്റംബര്‍ 9,10 തിയ്യതിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കുന്നതിന് ഡെലിഗേറ്റുകള്‍ക്ക് രാഷ്ട്രപതി ഭവനില്‍ നിന്ന് അയച്ച ക്ഷണക്കത്തില്‍ ‘ഇന്ത്യയുടെ രാഷ്ട്രപതി’ എന്നതിന് പകരം ‘ഭാരതത്തിന്റെ രാഷ്ട്രപതി’ എന്നാണ് എഴുതിയത്.

വിഷയത്തില്‍ പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. നരേന്ദ്ര മോദി സര്‍ക്കാര്‍ ചരിത്രത്തെ വളച്ചൊടിച്ച് ഇന്ത്യയെ വിഭജിക്കുകയാണെന്ന് ഇന്ത്യാ സഖ്യത്തിലെ അംഗങ്ങള്‍ ആരോപിച്ചിരുന്നു.

ഭാരത് എന്ന് ഉപയോഗിക്കാനുള്ള തീരുമാനം കൊളോണിയല്‍ ചിന്താഗതിക്കെതിരായ പ്രസ്താവനയാണെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ‘ഇത് നേരത്തെ സംഭവിക്കേണ്ടതായിരുന്നു. എനിക്കിത് വലിയ സംതൃപ്തി നല്‍കുന്നു. ഭാരത് ഞങ്ങളുടെ ആമുഖമാണ്, അതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

അതേസമയം, ജി20 ഉച്ചകോടിക്ക് ദല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ തുടക്കമായി. യു.എസ് ഉള്‍പ്പെടെ പ്രധാന രാജ്യങ്ങളുടെയെല്ലാം തലവന്മാര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.

Content Highlights: India is replaced by Bharat on the board in front of Modi’s seat in G20 summit

We use cookies to give you the best possible experience. Learn more