national news
ലാബുകളില്‍ നിര്‍മ്മിക്കുന്ന 'അഹിംസാ ഇറച്ചി' ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് മനേകാ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Aug 25, 11:26 am
Saturday, 25th August 2018, 4:56 pm

ന്യൂദല്‍ഹി: മൃഗങ്ങളുടെ കോശങ്ങള്‍ ഉപയോഗിച്ച് ലാബുകളില്‍ നിര്‍മ്മിക്കുന്ന അഹിംസാ ഇറച്ചി (ക്ലീന്‍മീറ്റ്) രാജ്യത്ത് പുറത്തിറക്കുമെന്ന് ദേശീയ വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി. വൈദ്യുതിക്കും കമ്പ്യൂട്ടറിനും പിന്നാലെ മറ്റൊരു വിപ്ലവകരമായ കണ്ടുപിടുത്തമായിരിക്കും ഇതെന്നും മനേക ഗാന്ധി പറഞ്ഞു.

മൃഗങ്ങളെ അറുക്കുന്നത് ഒഴിവാക്കുന്നതിന് പകരം ലാബുകളില്‍ മൃഗങ്ങളുടെ കോശങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കുന്നതാണ് ക്ലീന്‍മീറ്റ്. ഇതിന് കള്‍ച്ചേര്‍ഡ് മീറ്റ്, സിന്തറ്റിക് മീറ്റ് എന്നീ പേരുകളുമുണ്ട്.

66 ശതമാനം ജനങ്ങള്‍ ക്ലീന്‍മീറ്റ് കഴിക്കാന്‍ തയ്യാറാണെന്ന് സ്വകാര്യ സര്‍വ്വെ വ്യക്തമാക്കിയിട്ടുണ്ടെന്നും നിരവധി കമ്പനികള്‍ ക്ലീന്‍മീറ്റ് ടെക്‌നോളജിയില്‍ ഇന്‍വെസ്റ്റ്‌മെന്റ് നടത്തുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

46 ശതമാനം ആളുകള്‍ അഹിംസാ ഇറച്ചി സ്ഥിരമായി വാങ്ങാന്‍ തയ്യാറാണ്. 53 ശതമാനം ആളുകള്‍ സാധാരണ ഇറച്ചി മാറ്റി അഹിംസാ ഇറച്ചി ഉപയോഗിക്കാന്‍ തയ്യാറാണെന്നും മന്ത്രി അവകാശപ്പെടുന്നു.

“Future of protein-Food Tech Revolution” എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവെയാണ് മനേകാ ഗാന്ധിയുടെ വാക്കുകള്‍.