ലോകം ഇന്ത്യയ്ക്ക് അനുകൂലം; എന്നാല്‍ നരേന്ദ്ര മോദിക്ക് വിദേശ ജനപ്രീതി കുറവെന്ന് സര്‍വേ
India
ലോകം ഇന്ത്യയ്ക്ക് അനുകൂലം; എന്നാല്‍ നരേന്ദ്ര മോദിക്ക് വിദേശ ജനപ്രീതി കുറവെന്ന് സര്‍വേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th August 2023, 2:55 pm

 

ന്യൂദല്‍ഹി: വിദേശ രാജ്യങ്ങള്‍ക്ക് ഇന്ത്യയെ കുറിച്ച് മതിപ്പെന്ന് സര്‍വേ. എന്നാല്‍ ലോകകാര്യങ്ങളില്‍ ശരിയായ തീരുമാനമെടുക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അത്ര പ്രാപ്തനല്ലെന്നാണ് ലോകനിലപാടെന്നും സര്‍വേ പറയുന്നു. ഫെബ്രുവരിക്കും മെയ് മാസത്തിനുമിടയില്‍ വാഷിങ്ടണിലെ പ്യു റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേയിലാണ് ഇന്ത്യയെയും പ്രധാനമന്ത്രിയെയും കുറിച്ചുള്ള വിദേശ രാജ്യങ്ങളുടെ അഭിപ്രായം പുറത്തുവന്നത്.

ഇന്ത്യയിലെയും മറ്റു 23 രാജ്യങ്ങളിലെയും 30,800 പേര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. ഇന്ത്യയുടെ ആഗോള ബലം, മോദിയെ കുറിച്ചുള്ള കാഴ്ചപ്പാട്, ഇന്ത്യ മറ്റു രാജ്യങ്ങളെ എങ്ങനെ കാണുന്നു തുടങ്ങിയ കാര്യങ്ങളാണ് സര്‍വേ അന്വേഷിച്ചത്.

സര്‍വേയില്‍ പങ്കെടുത്ത 46% ജനങ്ങളും ഇന്ത്യയെ കുറിച്ച് അനുകൂല നിലപാട് സ്വീകരിച്ചപ്പോള്‍ 34% ശതമാനം പേര്‍ക്ക് പ്രതികൂലമായ മനോഭാവമാണ് രാജ്യത്തോടുള്ളത്. 16% പേര്‍ ഈ ചോദ്യത്തിന് അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല.

സര്‍വേയില്‍ പങ്കെടുത്ത രാജ്യങ്ങളില്‍, കുറച്ചു വര്‍ഷങ്ങളായി ഇന്ത്യ സുരക്ഷയും സാമ്പത്തിക സഹകരണവും ശക്തിപ്പെടുത്തുന്ന ഇസ്രാഈലാണ് ഇന്ത്യയോട് ഏറ്റവും കൂടുതല്‍ അനുകൂല നിലപാട് പ്രകടിപ്പിച്ചത്. 71% പേരാണ് ഇത്തരത്തില്‍ നിലപാടെടുത്തത്. അതേസമയം, ജര്‍മ്മനി, സ്‌പെയിന്‍, ഫ്രാന്‍സ്, യു.കെ പോലുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്ത്യയോട് പ്രതികൂല നിലപാട് വര്‍ധിച്ചു വരുന്നതായും പ്യു റിസര്‍ച്ച് സെന്റര്‍ കണ്ടെത്തി.

സര്‍വേയില്‍ പങ്കെടുത്ത 12 രാജ്യങ്ങളില്‍ നിന്നുള്ള 40% പേര്‍ ലോകകാര്യങ്ങള്‍ ‘ശരിയായി’ കൈകാര്യം ചെയ്യുന്നതിലുള്ള നരേന്ദ്ര മോദിയുടെ കാര്യക്ഷമതയില്‍ ആത്മവിശ്വാസക്കുറവ് പ്രകടിപ്പിച്ചു. എന്നാല്‍ 37% പേര്‍ക്ക് മോദിയുടെ പ്രാപ്തിയില്‍ ആത്മവിശ്വാസമുണ്ടെന്നും സര്‍വേ പറയുന്നു. ബ്രസീലിലെയും മെക്‌സിക്കോയിലെയും ജനങ്ങളാണ് മോദിയില്‍ കൂടുതല്‍ അതൃപ്തി പ്രകടിപ്പിച്ചത്. മോദി ലോകകാര്യങ്ങള്‍ ശരിയായി കൈകാര്യം ചെയ്യുന്നുവെന്നതില്‍ ആത്മവിശ്വാസം ഉണ്ടോ എന്ന ചോദ്യത്തിന് ഈ രാജ്യങ്ങളിലെ ഭൂരിപക്ഷം അഭിപ്രായവും ആത്മവിശ്വാസം കുറവാണെന്നോ അല്ലെങ്കില്‍ ഒട്ടുമില്ലെന്നോ ആണ്. അര്‍ജന്റീന, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ക്കും മോദിയോട് പ്രതികൂല നിലപാടാണുള്ളത്. കെനിയയ്ക്കാണ് മോദിയില്‍ ഏറ്റവുമധികം ആത്മവിശ്വാസമുള്ളത്. യൂറോപ്യന്‍ രാജ്യങ്ങളിലെ ജനങ്ങളോട് ഈ ചോദ്യം ചോദിച്ചിരുന്നില്ല.

അതേസമയം, ഇന്ത്യയില്‍ നിന്നുള്ള അഭിപ്രായം ഇതിന് വിപരീതമാണ്. 80% ജനങ്ങള്‍ മോദിയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യയോട് ഏറ്റവും കൂടുതല്‍ അനുകൂലനിലപാട് സ്വീകരിച്ച ഇസ്രാഈലില്‍ മോദിയോടുള്ള സമീപനത്തില്‍ ഭിന്നാഭിപ്രായമുണ്ട്. മോദിയില്‍ ആത്മവിശ്വാസമുള്ളവരേക്കാള്‍ കൂടുതലുള്ളത് ആത്മവിശ്വാസമില്ലാത്തവരാണ്.

ആഗോള സ്വാധീനത്തില്‍ ഇന്ത്യ കൂടുതല്‍ ശക്തമാകുന്നുവെന്നാണ് 68% ഇന്ത്യക്കാര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ലോകരാജ്യങ്ങളുടെ അഭിപ്രായം ഇതില്‍നിന്ന് വ്യത്യസ്തമാണ്. 18 രാജ്യങ്ങളില്‍ നിന്നായി സര്‍വേയില്‍ പങ്കെടുത്ത 28% ജനങ്ങള്‍ മാത്രമാണ് ഇന്ത്യയുടെ സ്വാധീനം ശക്തമാകുന്നുവെന്ന് അഭിപ്രായപ്പെട്ടത്. 19% പേര്‍ക്കും വിപരീത അഭിപ്രായമാണുള്ളത്.

അമേരിക്കയുടെയും റഷ്യയുടെയും സ്വാധീനം വര്‍ധിക്കുന്നുവെന്ന അഭിപ്രായമാണ് ഭൂരിപക്ഷം ഇന്ത്യക്കാര്‍ക്കുമുള്ളത്. ഇന്ത്യയുടേയും യു.എസിന്റെയും തന്ത്രപരമായ പങ്കാളിത്വമാണ് പകുതിയിലധികം ഇന്ത്യക്കാര്‍ക്കും അമേരിക്കയുടെ സ്വാധീനത്തില്‍ വിശ്വാസമുണ്ടാക്കാന്‍ കാരണമായതെന്ന് ‘ദി സ്‌ക്രോള്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരു രാജ്യങ്ങളുടെയും പൊതുശത്രുവാണ് ചൈന. കഴിഞ്ഞ കുറച്ചു ദശാബ്ദങ്ങളായി പ്രതിരോധമേഖലയില്‍ റഷ്യയും ഇന്ത്യയും ശക്തമായ കൂട്ടുകെട്ട് പങ്കുവെക്കുന്നുണ്ടെങ്കിലും അമേരിക്കയോടുള്ള വൈരാഗ്യം റഷ്യയെ ചൈനയുമായി കൂടുതല്‍ അടുപ്പിക്കുന്നുണ്ട് എന്നും ‘ദി സ്‌ക്രോള്‍’ തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ചൈനയുടെ ലോകസ്വാധീനത്തില്‍ ഇന്ത്യക്കാര്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമാണുള്ളത്. 38% ഇന്ത്യക്കാര്‍ ചൈനയുടെ സ്വാധീനം വര്‍ധിച്ചുവെന്ന് അഭിപ്രായപ്പെടുമ്പോള്‍ 31% ജനങ്ങള്‍ക്കും ചൈനയുടെ സ്വാധീനം കുറഞ്ഞുവരുന്നുവെന്നാണ് അഭിപ്രായം. എന്നിരുന്നാലും 67% ഇന്ത്യക്കാര്‍ക്കും ചൈനയോട് പ്രതികൂല നിലപാടാണുള്ളത്. ഇതില്‍ തന്നെ അന്‍പത് ശതമാനത്തിലധികം ആളുകള്‍ ‘വളരെയധികം പ്രതികൂലം’ എന്നാണ് അഭിപ്രായപ്പെട്ടത്.
പാക്കിസ്ഥാനോട് 73% ഇന്ത്യക്കാരാണ് പ്രതികൂല അഭിപ്രായം പ്രകടിപ്പിച്ചത്. പ്യു റിസര്‍ച്ച് സെന്റര്‍ അവസാനം സര്‍വ്വേ നടത്തിയ 2018ന് ശേഷം 5% വര്‍ധനയാണ് പാകിസ്ഥനോടുള്ള വിയോജിപ്പില്‍ ഉണ്ടായിട്ടുള്ളത്.

Content Highlight: India is popular abroad but Modi not as much, a new survey