| Friday, 3rd August 2018, 7:32 pm

ഇന്ത്യ ധര്‍മശാലയല്ല; പൗരത്വപ്പട്ടികയില്‍ പേരില്ലാത്തവരെല്ലാം രാജ്യം വിട്ടുപോകണമെന്ന് രമണ്‍ സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആസാമിലെ ദേശീയ പൗരത്വപ്പട്ടികയില്‍ പേരില്ലാത്തവരെയെല്ലാം രാജ്യത്തിനു പുറത്തയയ്ക്കണമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിംഗ്. പട്ടികയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കടുക്കുന്നതിനിടെയാണ് രമണ്‍ സിംഗിന്റെ വിവാദ പരാമര്‍ശം.

“നമ്മുടെ രാജ്യം ഒരു ധര്‍മശാലയാണോ? രാജ്യത്തിനു പുറത്തുള്ളവര്‍ എന്തിനാണ് ഇവിടേക്ക് കടന്നുരുന്നത്? അവരെ പുറത്തേക്കയയ്ക്കുക തന്നെ വേണം. അത് ഉറപ്പുവരുത്താനായി ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.” രമണ്‍ സിംഗ് പറയുന്നു.

പട്ടികയില്‍ പേരു വന്നിട്ടില്ലാത്തവര്‍ വ്യക്തിവിവരങ്ങള്‍ തെളിയിക്കുകയോ അല്ലെങ്കില്‍ നാടുകടത്തല്‍ നടപടികള്‍ അഭിമുഖീകരിക്കുകയോ ചെയ്യണം. ആസാം യുവതയുടെ എട്ടുവര്‍ഷത്തെ പ്രതിഷേധങ്ങളുടെ ഫലമാണിത്. മതിയായ രേഖകള്‍ ഹാജരാക്കാനായില്ലെങ്കില്‍ ഈ നാല്‍പതു ലക്ഷം പേര്‍ തിരികെപോകുക തന്നെ ചെയ്യണം, രമണ്‍ മാധ്യമങ്ങളോടു പറഞ്ഞു.


Also Read: മാധ്യമപ്രവര്‍ത്തകരുടെ രാജി: സ്വതന്ത്ര മാധ്യമങ്ങളെ ഇല്ലാതാക്കിയേ അടങ്ങുവെന്ന വാശിയിലാണ് കേന്ദ്ര സര്‍ക്കാരെന്ന് കെജരിവാള്‍


എന്നാല്‍, പട്ടികയില്‍ പേരില്ലാത്തവര്‍ക്കെതിരെ കഠിന നടപടികള്‍ സ്വീകരിക്കുകയില്ലെന്നും ജനങ്ങളെ പരിഭ്രാന്തരാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും നേരത്തേ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു. ആസാമില്‍ എന്‍.ആര്‍.സി കണ്‍വെന്‍ഷനെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് സംഘത്തിലെ നിയമസഭാസമാജികരെ സില്‍ചാര്‍ വിമാനത്താവളത്തില്‍ തടഞ്ഞതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ നിയോഗിച്ച സംഘത്തിലെ പ്രവര്‍ത്തകരെ വിമാവത്താവളത്തില്‍ വച്ച് അപമാനിച്ചുവെന്നും കൈയ്യേറ്റം ചെയ്തുവെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചിരുന്നു. രാജ്യത്ത് അടിയന്തരാവസ്ഥയ്ക്കു സമാനമായ സാഹചര്യമാണ് ബി.ജെ.പി കൊണ്ടുവരുന്നതെന്നും മമത അഭിപ്രായപ്പെട്ടിരുന്നു.

മമതയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വാഗ്വാദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more