ന്യൂദല്‍ഹി: ലോകത്ത് അന്തരീക്ഷമലിനീകരണം മൂലം മരിക്കുന്നത് ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍. നെതര്‍ലാന്‍ഡിലെ ആരോഗ്യമാസികയായ ദി ലാന്‍സെറ്റിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.
25 ലക്ഷം പേരാണ് 2015 ല്‍ ഇന്ത്യയില്‍ അന്തരീക്ഷ മലിനീകരണം മൂലം മരിച്ചത്. 18 ലക്ഷം പേര്‍ ചൈനയില്‍ അന്തരീക്ഷ മലിനീകരണം മൂലം മരിച്ചപ്പോള്‍ ലോകത്താകമാനം 65 ലക്ഷം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
ഒരോ മിനിറ്റിലും അഞ്ചുപേര്‍ വീതം ഇന്ത്യയില്‍ അന്തരീക്ഷ മലിനീകരണം മൂലം മരണമടയുന്നുവെന്നാണ് കണക്കുകള്‍. ഹൃദയാഘാതം, പക്ഷാഘാതം, ശ്വാസകോശ അര്‍ബുദം, ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍ എന്നിവയാണ് ആളുകളെ മരണത്തിലേക്ക് നയിക്കുന്നതെന്നും പഠനത്തില്‍ പറയുന്നു.
ദല്‍ഹി ഐ.ഐ.ടി, യു.എസ്സിലെ ഐകാന്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍ എന്നിവരാണ് പഠനം നടത്തിയത്. അന്തരീക്ഷ മലിനീകരണം മൂലമുള്ള മരണങ്ങളില്‍ 92 ശതമാനവും അവികസിത, വികസ്വര രാജ്യങ്ങളിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
4,60,000 കോടി യു.എസ് ഡോളറാണ് ഓരോവര്‍ഷവും അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന രോഗങ്ങള്‍ ചികിത്സിക്കാനും രോഗികളുടെ ക്ഷേമത്തിനുമായി ചിലവഴിക്കുന്നത്. ആഗോള വരുമാനത്തിന്റെ 6.2 ശതമാനമാണിത്.
ലോകത്തുണ്ടാകുന്ന മരണങ്ങളില്‍ ആറില്‍ ഒന്ന് അന്തരീക്ഷ മലിനീകരണം മൂലമാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ജല മലിനീകരണം 18 ലക്ഷം ആളുകളുടെയും, തൊഴിലിടങ്ങളിലെ മലിനീകരണം എട്ട് ലക്ഷം ആളുകളുടെയും ജീവനെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.