ന്യൂദല്‍ഹി: മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബിൽഗേറ്റ്സ് നടത്തിയ ഇന്ത്യയുമായി ബന്ധപ്പെട്ട പരാമര്‍ശം വിവാദത്തില്‍. പരീക്ഷണങ്ങള്‍ നടത്താന്‍ കഴിയുന്ന ഒരു തരം ലബോറട്ടറിയ്ക്ക് സമാനമാണ് ഇന്ത്യ എന്നാണ് ബില്‍ഗേറ്റ്സ് പറഞ്ഞത്.
പരാമര്‍ശം ഉള്‍പ്പെടുന്ന ഒരു വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.
ലിങ്ക്ഡിന്‍ സഹസ്ഥാപകന്‍ റെയ്ഡ് ഹോഫ്മാന്റെ പോഡ് കാസ്റ്റിലാണ് ബില്‍ഗേറ്റ്സ് പ്രസ്തുത പരാമര്‍ശം നടത്തിയത്. നിലവില്‍ ബില്‍ഗേറ്റ്‌സിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഉയരുന്നത്.
‘ഏതാനും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും പുരോഗതിയുണ്ടായ രാജ്യമാണ് ഇന്ത്യ. ആരോഗ്യം, വിദ്യാഭ്യാസം എന്നീ രംഗങ്ങളിലെല്ലാം ഇന്ത്യ പുരോഗതി നേടിയിട്ടുണ്ട്. വരാനിരിക്കുന്ന 20 വര്‍ഷം കൊണ്ട് ജനങ്ങള്‍ കൂടുതല്‍ പുരോഗതി കൈവരിക്കും. പരീക്ഷണങ്ങള്‍ നടത്തി തെളിയിക്കാന്‍ കഴിയുന്ന ലബോറട്ടറിയ്ക്ക് സമാനമാണ് ഇന്ത്യ,’ എന്നാണ് ബില്‍ഗേറ്റ്സ് പോഡ്കാസ്റ്റില്‍ പറഞ്ഞത്.
പരാമര്‍ശം വിവാദമായതോടെ നിരവധി ആളുകളാണ് ബില്‍ഗേറ്റ്‌സിനെതിരെ എക്സില്‍ പ്രതികരിച്ചത്. പരീക്ഷണങ്ങള്‍ക്കായി ഇന്ത്യക്കാരെ ഗിനി പന്നികളായി കണക്കാക്കിയവരുണ്ടെന്ന് നെറ്റിസണ്‍ പ്രതികരിച്ചു.
2009ലെ വാക്‌സിന്‍ പരീക്ഷണം ഉദ്ധരിച്ചാണ് ഭൂരിഭാഗം വിമര്‍ശനങ്ങളും. അതേസമയം ബില്‍ഗേറ്റ്‌സിന്റെ പരാമര്‍ശം മറ്റൊരു സന്ദര്‍ഭത്തിലാണെന്നും ഏതാനും ആളുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
2024 മാര്‍ച്ചില്‍ ബില്‍ഗേറ്റ്സ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഗുജറാത്തിലെ ജാംനഗറില്‍ നടന്ന അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹ ആഘോഷങ്ങളില്‍ ബില്‍ഗേറ്റ്‌സ് പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നുണ്ട്.
2023ല്‍ ഇന്ത്യയുടെ കൊവിഡ് 19 നിയന്ത്രണ സംവിധാനത്തെ ബില്‍ഗേറ്റ്‌സ് അഭിനന്ദിക്കുകയും ചെയ്തിരുന്നു. 2020ല്‍ കൊവിഡ് വാക്സിന്‍ ഉത്പാദനത്തിനും വന്‍തോതിലുള്ള വിതരണത്തിലും ഇന്ത്യയുടെ സഹകരണം ആവശ്യമാണെന്നും ബില്‍ഗേറ്റ്സ് പറഞ്ഞിരുന്നു.
വിജയിക്കുന്ന ഏത് വാക്സിന്‍ ആയാലും അവ ഇന്ത്യയില്‍ എത്തിച്ച് ഉത്പാദനം നടത്തുമെന്നാണ് ബില്‍ഗേറ്റ്‌സ് പറഞ്ഞത്. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Content Highlight: ‘India is like a laboratory where experiments can be carried out’; Criticism against Bill Gate’s remarks