ഇന്ത്യ തങ്ങളുടെ തന്ത്രപ്രധാനമായ പങ്കാളി; ഇരു രാജ്യങ്ങളും തമ്മിലുള്ളത് ജനാധിപത്യത്തിലൂന്നിയ ബന്ധമെന്നും അമേരിക്ക
world
ഇന്ത്യ തങ്ങളുടെ തന്ത്രപ്രധാനമായ പങ്കാളി; ഇരു രാജ്യങ്ങളും തമ്മിലുള്ളത് ജനാധിപത്യത്തിലൂന്നിയ ബന്ധമെന്നും അമേരിക്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th July 2018, 3:23 pm

വാഷിംഗ്ടണ്‍: ഇന്തോ-പസിഫിക് മേഖലയിലെ തങ്ങളുടെ തന്ത്രപ്രധാനമായ പങ്കാളിയാണ് ഇന്ത്യയെന്ന് അമേരിക്ക. സമാധാനവും സുസ്ഥിരതയും അഭിവൃദ്ധിയും ഉറപ്പുവരുത്താനുള്ള തങ്ങളുടെ ശ്രമങ്ങളിലെ അവിഭാജ്യ പങ്കാളിയായാണ് ഇന്ത്യയെ കാണുന്നതെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രസ്താവന.

ഏഷ്യാ-പസിഫിക് മേഖലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായത്തിന്റെയും പദ്ധതികളുടെയും വിശദവിവരങ്ങള്‍ പ്രഖ്യാപിക്കാനിരിക്കേയാണ് അമേരിക്കയുടെ പരാമര്‍ശം. മുതിര്‍ന്ന യു.എസ്. നയതന്ത്രജ്ഞനാണ് പരാമര്‍ശം നടത്തിയത്.

ഒന്‍പതു മാസങ്ങള്‍ക്കു മുന്‍പാണ് “ഹിംസാത്മകമായ സാമ്പത്തിക നയങ്ങളുള്ള ചില ഏഷ്യന്‍ രാജ്യങ്ങള്‍” ഇന്തോ-പസിഫിക് മേഖലയിലെ മറ്റു രാജ്യങ്ങളുടെ പരമാധികാരത്തില്‍ കൈകടത്തുന്നു എന്ന മട്ടിലുള്ള പ്രസ്താവന അമേരിക്ക നടത്തിയത്.


Also Read: ഖത്തറിലെ 162 ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് അഞ്ചുമാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി


ഇന്തോ-പസിഫിക്കിനെ മുന്‍പന്തിയിലെത്തിക്കാനായി ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പ്രവര്‍ത്തിക്കുക മാത്രമല്ല, ജപ്പാന്‍, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായി ചേര്‍ന്നും പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ മുതിര്‍ന്ന പോളിസി ഉപദേഷ്ടാവായ ബ്രയാന്‍ ഹുക്ക് പറയുന്നു.

“മേഖലയില്‍ സമാധാനവും സുസ്ഥിരതയും അഭിവൃദ്ധിയും കൊണ്ടുവരാനായുള്ള ശ്രമങ്ങളില്‍ അമേരിക്കയുടെ പ്രധാന പങ്കാളിയാണ് ഇന്ത്യ. ഞങ്ങള്‍ ഇന്ത്യയുമായി വളരെ ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്.” ഹുക്ക് മാധ്യമങ്ങളോടു പറഞ്ഞു.


Also Read: കുടിയേറ്റ നിയമങ്ങളില്‍ കര്‍ശന ഭേദഗതികള്‍ വേണം: ഡെമോക്രാറ്റുകള്‍ അംഗീകരിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനരഹിതമാക്കാനും മടിക്കില്ലെന്ന് ട്രംപ്


“കഴിഞ്ഞ കാലങ്ങളിലായി ഭരണകൂടത്തിന്റെ പ്രത്യേക ശ്രദ്ധയിലുള്ള വിഷയമാണ് അമേരിക്കയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക, നയതന്ത്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക എന്നത്. ഈ വിഷയത്തില്‍ ഇനിയുമെത്രയോ മുന്നോട്ടു പോകാനുമുണ്ട്.” ഹുക്ക് പറയുന്നു.

ഇരു രാജ്യങ്ങളും ഏറ്റവും പഴക്കമുള്ളതും വലുപ്പമേറിയതുമായ ജനാധിപത്യ രാഷ്ട്രങ്ങളാണ്. അവ തമ്മിലുള്ള ബന്ധം ജനാധിപത്യമൂല്യങ്ങളില്‍ അധിഷ്ഠിതമാണെന്നും അമേരിക്ക പറയുന്നു.