ന്യൂദല്‍ഹി: ഇന്ത്യയെന്നാല്‍ ഇന്ദിരാ ഗാന്ധിയാണെന്ന് കാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. മോദി ഇക്കാലത്തെ ഏറ്റവും മികച്ച നേതാവാണെന്നും മുഫ്തി കൂട്ടിച്ചേര്‍ത്തു.
കാശ്മീരും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും തമ്മിലുള്ള അന്തരം കൂട്ടുന്ന തരത്തിലുള്ള ടെലിവിഷന്‍ ചര്‍ച്ചകള്‍ വിഷമമുണ്ടാക്കുന്നെന്നും മുഫ്തി പറഞ്ഞു.
” ടി.വി അവതാരകര്‍ ചര്‍ച്ചകളില്‍ വരച്ചിടുന്ന ചിത്രമല്ല ഇന്ത്യയുടെത്. ഞാനറിയുന്ന ഇന്ത്യ ഇതല്ല. ”
ഇന്ദിര ഗാന്ധി ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് കണ്ടാണ് താന്‍ വളര്‍ന്നതെന്നും മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇന്ത്യയെന്നാല്‍ തനിക്ക് ഇന്ദിരയാണെന്നും മുഫ്തി പറഞ്ഞു.
കാശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി പിന്‍വലിക്കാനുള്ള ശ്രമത്തെ ശക്തമായി എതിര്‍ക്കുമെന്നും മുഫ്തി അറിയിച്ചു.
“കാശ്മീരിന്റെ കൊടിയും ആര്‍ട്ടിക്കിള്‍ 370 ഉം ഈ നാടിന്റെ ഏകത്വത്തെ നിര്‍ണയിക്കുന്ന ഘടകങ്ങളാണ്. ഞങ്ങള്‍ വിഭിന്നമായ മതങ്ങളും സംസ്‌കാരവും ഉള്‍ക്കൊള്ളുന്ന സംസ്ഥാനമാണ്. ഇന്ത്യക്കുള്ളിലെ “മിനി ഇന്ത്യ”യാണ് കാശ്മീര്‍.”
മോദിയുടെ നേതൃത്വം രാജ്യത്തിന് മുതല്‍ക്കുട്ടാണെന്നും കാശ്മീര്‍ വിഷയത്തില്‍ അദ്ദേഹം യുക്തമായ പരിഹാരം കാണുമെന്നും മുഫ്തി പ്രത്യാശ പ്രകടിപ്പിച്ചു.