ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. അടുത്തിടെ നടന്ന ഏഷ്യ കപ്പിലും വിവിധ പരമ്പരകളിലും മോശം പ്രകടനത്തിന്റെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ട ബൗളര്‍മാരെ കുറിച്ചായിരുന്നു പ്രധാനമായും ഈ ചര്‍ച്ചകള്‍.
എന്നാലിപ്പോള്‍ 2023ലെ ഏകദിന ലോകകപ്പുമായി കൂടി ബന്ധപ്പെടുത്തി ബാറ്റര്‍മാരെ കുറിച്ചുള്ള ഒരു ചര്‍ച്ചയാണ് നടക്കുന്നത്. ബൗളര്‍മാരെ പോലെ പെര്‍ഫോമന്‍സല്ല ഇവിടെ വിഷയം, പകരം ആരെ ഓപ്പണര്‍മായി ഇറക്കുമെന്ന കണ്‍ഫ്യൂഷനാണ്.
കുറഞ്ഞത് നാല് പക്കാ ഓപ്ഷനുകള്‍ നിലവില്‍ കോച്ചിനും ബി.സി.സി.ഐക്കും മുന്‍പിലുണ്ട്, കൂടാതെ മറ്റു ചില സാധ്യതകളും. രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ തമ്മിലാണ് ഇപ്പോള്‍ പ്രധാനമായും ഓപ്പണര്‍ പൊസിഷന് വേണ്ടിയുള്ള മത്സരം നടക്കുന്നത്.
കൂട്ടത്തില്‍ ഏറ്റവും ചെറുപ്പക്കാരനായ ശുഭ്മാന്‍ ഗില്‍ ഈ വര്‍ഷം ആറ് ഏകദിന മാച്ചുകളിലാണ് ഇന്ത്യക്ക് വേണ്ടി ഇറങ്ങിയത്. ഇതില്‍ നാലിലും ഓപ്പണറായിട്ടായിരുന്നു താരം ക്രീസിലെത്തിയത്. മാത്രമല്ല മൂന്ന് അര്‍ധ സെഞ്ച്വറികളും നേടി. 143.50 സ്‌ട്രൈക്ക് റേറ്റില്‍ 287 റണ്‍സാണ് താരം നേടിയത്.
13 മാച്ചുകളില്‍ നിന്നായി 542 റണ്‍സ് അടിച്ചുകൂട്ടിയ ശിഖര്‍ ധവാനാണ് ഗില്ലിന് പ്രധാന വെല്ലുവിളിയാകുന്നത്. അഞ്ച് അര്‍ധ സെഞ്ച്വറികളും ധവാന്‍ നേടിയിട്ടുണ്ട്.
ടി20 ഫോര്‍മാറ്റിലാണ് രാഹുലും രോഹിത്തും ഈ വര്‍ഷം പ്രധാനമായും കളിച്ചിട്ടുള്ളത്. ഇരുവരും ആറോളം തവണ ഓപ്പണര്‍മാരായി എത്തിയിട്ടുണ്ട്. ടി20 ലോകകപ്പിന് ശേഷം രോഹിതും രാഹുലും ഏകദിന ഫോര്‍മാറ്റിലേക്ക് തിരിച്ചെത്തും. ഇത് ധവാനും ഗില്ലിനും വലിയ സമ്മര്‍ദമാണ് നല്‍കുന്നത്.
ഇതേ കുറിച്ചുള്ള ചോദ്യത്തോട് ശുഭ്മാന്‍ ഗില്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍. താന്‍ അത്തരം സമ്മര്‍ദങ്ങളൊന്നും നേരിടുന്നില്ലെന്നാണ് ഗില്‍ പറയുന്നത്.
‘ഏകദിന ലോകകപ്പുമായി ബന്ധപ്പെട്ട് ഒരു സമ്മര്‍ദവുമില്ല. ഇത്തരം സാഹചര്യങ്ങളില്‍ ഞങ്ങള്‍ നേരത്തെയും കളിച്ചിട്ടുണ്ട്. അതുകൊണ്ട് സമ്മര്‍ദമൊന്നുമില്ല. എന്തൊക്കെ വന്നാലും നന്നായി കളിക്കണമെന്ന കാര്യത്തില്‍ മാത്രമാണ് ഞാന്‍ ശ്രദ്ധിക്കുന്നത്.
പിന്നെ ഇപ്രാവശ്യം ഇന്ത്യയിലല്ലേ കളി നടക്കുന്നത്. അതുകൊണ്ട് നല്ല രസമായിരിക്കും മൊത്തത്തില്‍,’ സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഗില്‍ പറഞ്ഞു.
ശുഭ്മാന്‍ ഗില്‍ ഇങ്ങനെ പറഞ്ഞെങ്കിലും സെലക്ടര്‍മാര്‍ക്ക് അത്ര എളുപ്പമാകില്ല കാര്യങ്ങളെന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlight: India is having confusion about it’s openers K L Rahul, Rohit Sharma, Shubman Gill and Shikhar Dhawan