ന്യൂദല്‍ഹി: സങ്കുചിത ദേശീയത ഇന്ത്യയെ വിഭജിച്ചുകൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. ഇരുട്ടിന്റെ ശക്തികള്‍ ഇതിനെ മുതലെടുക്കുകയാണെന്നും സോണിയാ ഗാന്ധി പറഞ്ഞു.
ചരിത്രത്തെ വളച്ചൊടിക്കുകയും സ്വതന്ത്ര ചിന്തയെ അടിച്ചമര്‍ത്തുകയും ചെയ്യുന്നവരുടെ കൈയിലാണ് രാജ്യം ഇപ്പോഴെന്നും ഇത്തരം ശക്തികളോട് വിട്ടുവീഴ്ച ചെയ്യരുതെന്നും സോണിയാ ഗാന്ധി പറഞ്ഞു.
ദല്‍ഹിയില്‍ ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന പുരസ്‌കാരം ടി.എം കൃഷ്ണയ്ക്ക് നല്‍കുന്ന ചടങ്ങിന് നല്‍കിയ സന്ദേശത്തിലാണ് സര്‍ക്കാരിനും സംഘപരിവാറിനുമെതിരായ സോണിയാ ഗാന്ധിയുടെ വിമര്‍ശനം. അസുഖമായതിനാല്‍ ചടങ്ങില്‍ പങ്കെടുക്കാതിരുന്ന സോണിയയുടെ പ്രസംഗം രാഹുല്‍ഗാന്ധിയാണ് വായിച്ചത്.
ശക്തിസ്ഥലില്‍ നടന്ന പുഷ്പാര്‍ച്ചന ചടങ്ങിലും സോണിയാഗാന്ധി പങ്കെടുത്തിരുന്നില്ല. രാജ്യം ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ഇന്ദിരാഗാന്ധിയുടെ പാത പിന്തുടരാനാണ് യഥാര്‍ത്ഥ ദേശീയത ആവശ്യപ്പെടുന്നതെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു.