ലോക ക്രിക്കറ്റില്‍ ഏറ്റവും മികച്ച ടീം ഇന്ത്യയുടേത്: പാകിസ്ഥാന്‍ താരം
Cricket
ലോക ക്രിക്കറ്റില്‍ ഏറ്റവും മികച്ച ടീം ഇന്ത്യയുടേത്: പാകിസ്ഥാന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 10th November 2023, 9:46 pm

ക്രിക്കറ്റ് കളിക്കാന്‍ ലോകത്തിലെ ഏറ്റവും മികച്ച ടീം ഇന്ത്യയുടേതെന്ന് പാകിസ്ഥാന്‍ താരം ഫഖര്‍ സമാന്‍. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുന്നോടിയായ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.

‘ഇന്ത്യയിലെ ക്രിക്കറ്റ് മികച്ച നിലവാരമുള്ളതാണ്. നിങ്ങള്‍ ഇന്ത്യയ്ക്കെതിരെ കളിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് കാണികളുടെ പിന്തുണ വളരെയധികം ആസ്വദിക്കാം. ഇന്ത്യയില്‍ ലോകകപ്പ് കളിക്കുന്നത് മികച്ച അനുഭവമായിരുന്നു. ക്രിക്കറ്റ് കളിക്കാന്‍ ലോകത്ത് ഏറ്റവും മികച്ചത് ഇന്ത്യയാണ്,’ അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും സെമിയിലേക്ക് യോഗ്യത നേടുമെന്നും അദ്ദേഹം പറഞ്ഞു.

‘സെമിയിലേക്ക് യോഗ്യത നേടണേ എന്നാണ് ഞങ്ങളുടെ പ്രാര്‍ത്ഥന. അത് ബുദ്ധിമുട്ടാണെങ്കിലും എല്ലാവരും പ്രതീക്ഷയിലാണ്. സെമിയിലേക്ക് യോഗ്യത നേടാന്‍ ഒരു ശതമാനം സാധ്യത ഉള്ളൂവെങ്കിലും ഞങ്ങള്‍ മുഴുവന്‍ എഫേര്‍ട്ടും എടുക്കും,’ ഫഖര്‍ സമാന്‍ പറഞ്ഞു.

ഐ.സി.സി ഏകദിന ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡ് അഞ്ച് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയിരുന്നു . ഇതിന് പിന്നാലെ ന്യൂസിലാന്‍ഡ് ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്തി. എന്നാല്‍ ഇത് പാകിസ്ഥാന്‍ ടീമിന്റെ സെമിഫൈനല്‍ സാധ്യതകള്‍ക്ക് വലിയ തിരിച്ചടികളാണ് നല്‍കിയത്. നിലവില്‍ പാക് ടീം ലോകകപ്പില്‍ നിന്നും പുറത്താകലിന്റെ വക്കിലാണ്.

പാകിസ്ഥാന്‍ ടീമിന് ഇനി സെമിയില്‍ പ്രവേശിക്കണമെങ്കില്‍ കണക്കുകള്‍ പ്രകാരം നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ 287 റണ്‍സിന് ജയിക്കേണ്ടിവരും. ഈ കടമ്പ പാക് ടീം കടക്കുക എന്നത് അത്ര എളുപ്പമല്ല.

ലോകകപ്പിലെ തുടര്‍ച്ചയായ ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ചു വന്ന പാക് ടീം പിന്നീട് നടന്ന നാല് മത്സരങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുകയായിരുന്നു. ഇതിനു പിന്നാലെ ഒരുപാട് വിമര്‍ശനങ്ങള്‍ പാക് ടീമിനെതിരെ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചുകൊണ്ട് പാക് ടീം വീണ്ടും തിരിച്ചു വരുമെന്ന് പ്രതീക്ഷകള്‍ നല്‍കിയെങ്കിലും കിവീസിന്റെ വിജയം പാക് ടീമിന് കടുത്ത തിരിച്ചടിയാണ് നല്‍കിയത്.

നിലവില്‍ ഇന്ത്യയും സൗത്ത് ആഫ്രിക്കയും ഓസ്ട്രേലിയയുമാണ് സെമിയിലേക്ക് യോഗ്യത നേടിയത്. അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ കിവീസ് തന്നെയായിരിക്കും സെമിയിലേക്ക് മുന്നേറുന്ന നാലാമത്തെ ടീം.

നവംബര്‍ 15ന് നടക്കുന്ന ആദ്യ സെമിയില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുമെന്ന് പല ക്രിക്കറ്റ് വിദഗ്ധരും വിലയിരുത്തിയിരുന്നു. എന്നാല്‍ ഈ പ്രതീക്ഷകളെല്ലാം തകര്‍ത്തുകൊണ്ടായിരുന്നു പാകിസ്ഥാന്റെ പ്രകടങ്ങള്‍.

Content Highlights:India Is Best In The World To Play Cricket, Says Fakhar Zaman