ഇന്ത്യക്കാര്‍ കപട സദാചാരക്കാര്‍ : മഹേഷ് ഭട്ട്
Dool Talk
ഇന്ത്യക്കാര്‍ കപട സദാചാരക്കാര്‍ : മഹേഷ് ഭട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd November 2012, 3:54 pm

ഇന്ത്യക്കാര്‍ സെക്‌സ് ഇഷ്ടപ്പെടുന്നു. സെക്‌സുമായി ബന്ധപ്പെട്ടതെല്ലാം അവര്‍ക്ക് ഇഷ്ടമാണ്. അത്‌കൊണ്ടാണ് ലൈംഗികതയുള്ള “റാസ്”, “മര്‍ഡര്‍”, “ജിസം” തുടങ്ങിയ സിനിമകള്‍ വിജയിച്ചത്


ഫേസ് ടു ഫേസ്/ മഹേഷ് ഭട്ട്

മൊഴിമാറ്റം/ നസീബ ഹം


ബോളിവുഡിന് പുതിയ മുഖം സമ്മാനിച്ച സംവിധായകനും നിര്‍മാതാവുമാണ് മഹേഷ് ഭട്ട്. ബോളിവുഡില്‍ ലൈംഗികതയെ വാണിജ്യ സിനിമയുടെ അവിഭാജ്യഘടകമാക്കി മാറ്റിയത് മഹേഷ് ഭട്ടാണെന്ന് പറയാം.

താന്‍ തുടക്കം കുറിച്ച മാറ്റം ഇപ്പോള്‍ ഏറെ മുന്നോട്ട് പോയിട്ടും ഇന്ത്യയിലെ ലൈംഗിക അരാജകത്വം കൂടുതല്‍ രൂക്ഷമായിരിക്കുകയാണെന്നും പറയുകയാണ് മഹേഷ് ഭട്ട്. ഇന്ത്യയിലെ ജനങ്ങളുടെ കപടസദാചാര ബോധവും ലൈംഗിക അരാജകത്വവും കൂടുതല്‍ രൂക്ഷമായിരിക്കുകയാണെന്നും മഹേഷ് ഭട്ട് പറയുന്നു. മഹേഷ് ഭട്ടിന്റെ വാക്കുകളിലൂടെ,

ചോദ്യം: ലൈംഗികതയെ വാണിജ്യവത്ക്കരിക്കുന്നതില്‍ താങ്കള്‍ നിപുണനാണ്. എന്ത് കൊണ്ടാണ് ഇന്ത്യയിലെ ജനങ്ങള്‍ ഇത് സ്വീകരിക്കുമെന്ന് താങ്കള്‍ക്ക് തേന്നിയത്?

ഇന്ത്യക്കാര്‍ സെക്‌സ് ഇഷ്ടപ്പെടുന്നു. സെക്‌സുമായി ബന്ധപ്പെട്ടതെല്ലാം അവര്‍ക്ക് ഇഷ്ടമാണ്. അത്‌കൊണ്ടാണ് ലൈംഗികതയുള്ള “റാസ്”, “മര്‍ഡര്‍”, “ജിസം” തുടങ്ങിയ സിനിമകള്‍ വിജയിച്ചത്. ആറ് കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച “ജിസം 2” പുറത്തിറങ്ങിയ ആദ്യ ആഴ്ച്ചകളില്‍ തന്നെ നേടിയത് 36 കോടിയാണ്. ഇത്തരം സിനിമകള്‍ ചെയ്യുന്നതിന് മുമ്പ് “ആവാരാപന്‍”, “ജഷന്‍” എന്നീ സിനിമകള്‍ ഞങ്ങള്‍ ചെയ്തിരുന്നു. പക്ഷേ അതൊന്നും പ്രേക്ഷക ശ്രദ്ധ നേടിയില്ല. ഇത് തന്നെ മതിയല്ലോ ഇന്ത്യക്കാര്‍ സെക്‌സിനെ ഇഷ്ടപ്പെടുന്നു എന്ന് മനസ്സിലാക്കാന്‍.

ചോദ്യം: പക്ഷേ, ഇന്നും ഇന്ത്യയില്‍ സെക്‌സിനെ വിലക്കപ്പെട്ട ഒന്നായാണ് കാണുന്നത്?

ഇന്ത്യക്കാരുടെ കപട സദാചാരമൂലമാണിത്. അവര്‍ക്ക് സെക്‌സ് വേണം. എന്നാല്‍ അത് മറച്ച് വെച്ചാണ് അവര്‍ക്ക് ചെയ്യേണ്ടത്. പക്ഷേ, ആളുകള്‍ സെക്‌സിനെ ഇഷ്ടപ്പെടുന്നുവന്ന് തുറന്ന് പറയുന്നത് നമുക്ക് സഹിക്കാന്‍ കഴിയില്ല. ഡേര്‍ട്ടി പിക്ചര്‍ എന്ന സിനിമ സ്വീകരിക്കപ്പെടാന്‍ കാരണം അതില്‍ വിദ്യാ ബാലന്‍ അവതരിപ്പിച്ചത് സില്‍ക് സ്മിതയെ ആയിരുന്നത് കൊണ്ടാണ്. അതില്‍ പറയുന്നത് സെക്‌സിനെ കുറിച്ചാണ്. എന്നാല്‍ ഇത് ഡയറക്ടായി പറയാന്‍ നമുക്ക് പറ്റില്ല. നമ്മള്‍ ഇന്ത്യക്കാരാണെന്നത് കൊണ്ട് അങ്ങനെ ചെയ്യുന്നത് തെറ്റാണെന്നാണ് കരുതുന്നത്.

“ജിസം2” പുറത്തിറങ്ങിയപ്പോള്‍ ഇന്ത്യക്കാരുടെ ഈ കപടമുഖം വ്യക്തമായതാണ്. ചിത്രം റിലീസാവുന്നതിന് മുമ്പ് ആളുകള്‍ പറഞ്ഞിരുന്നത് ഞങ്ങള്‍ പോണ്‍ സ്റ്റാറിനെ കൊണ്ടുവന്ന് ഇന്ത്യയുടെ സംസ്‌കാരത്തെ അപമാനിച്ചു എന്നും മറ്റുമായിരുന്നു. എന്നാല്‍ സിനിമ ഇറങ്ങിയതിന് ശേഷം ആളുകള്‍ കുറ്റപ്പെടുത്തിയത് സിനിമയില്‍ സെക്‌സ് കുറഞ്ഞ് പോയെന്നും പറഞ്ഞായിരുന്നു. ഞാന്‍ പറയുന്നത് നമ്മുടെ ആവശ്യം അറിഞ്ഞ് മനസ്സിനെ പാകപ്പെടുത്തണം എന്നാണ്.

സെക്‌സിനോട് അടങ്ങാത്ത തൃഷ്ണയാണ് പ്രേക്ഷകര്‍ക്കുള്ളത്. എനിക്ക് തോന്നുന്നത് ഈ ആഗ്രഹം അടക്കിവെക്കലില്‍ നിന്ന് ഉപദ്രവത്തിലേക്ക് വളര്‍ന്നെന്നാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് നമ്മള്‍ അടിച്ചമര്‍ത്തപ്പെട്ടവരായിരുന്നു. ഇപ്പോള്‍ നമുക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷേ നമ്മള്‍ ഉപദ്രവകാരികളായി. സെക്‌സിനോടും മാംസത്തോടും വെളുത്ത തൊലിയുള്ളവരോടുമെല്ലാം നമ്മള്‍ ഉപദ്രവകാരികളായി. ഇന്ത്യ ഇന്ന് ഒരു ലൈംഗിക അരാജക രാജ്യമാണ്.

ചോദ്യം: അത് കൊണ്ടാണോ താങ്കള്‍ കലാമൂല്യമുള്ള സിനിമകളില്‍ നിന്നും മാറിയത്?( ആര്‍ത്, ഡാഡി, ദില്‍ ഹേ കി മാന്‍താ നഹീം) എന്നീ ചിത്രങ്ങള്‍ മഹേഷ് ഭട്ടിന്റേതായിരുന്നു.

ഈ രണ്ട് തരം സിനികളേയും മിക്‌സ് ചെയ്യേണ്ട കാര്യമില്ല. എണ്‍പതുകളിലും തൊണ്ണൂറുകളിലും ഞാന്‍ ചെയ്ത സിനിമകളേയും ഇപ്പോള്‍ ചെയ്യുന്ന സിനിമകളേയും വെവ്വേറെ കാണണം. പണ്ട് ചെയ്ത സിനിമകള്‍ ആ കാലത്തിനും സംസ്‌കാരത്തിനും അനുസരിച്ചുള്ളതായിരുന്നു. ഇന്ന് ഒരു നിര്‍മാതാവെന്ന നിലയില്‍ ഞാന്‍ നിര്‍മിക്കുന്ന ചിത്രങ്ങള്‍ യുവാക്കളെ ലക്ഷ്യം വെച്ചുള്ളതാണ്. 25 വയസ്സിന് താഴെയുള്ളവരാണ് എന്റെ സിനിമയുടെ പ്രേക്ഷകര്‍.

ഇന്ന് സിനിമ ആത്മാവലോകനത്തിന് വേണ്ടിയോ ആത്മസംവാദത്തിന് വേണ്ടിയോ ഉള്ളതല്ല. അങ്ങനെയുള്ള വിഷയങ്ങളൊന്നും ഇന്ന് ആവശ്യമില്ല. ഇന്ന് ചിത്രം യുവാക്കള്‍ക്ക് വേണ്ടിയുള്ളതാണ്. തമാശ, ഡ്രാമ, സെന്‍സേഷണലിസം ഇതൊക്കെയാണ് ഇന്ന് സിനിമയില്‍ വേണ്ടത്. ഗസല്‍ ചക്രവര്‍ത്തി ഗുലാം അലിക്ക് ഒരിക്കലും തന്റെ ഗാനത്തില്‍ ഫാസ്റ്റ് നമ്പര്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല. അപ്പോള്‍ ഒരു ആതിഫ് അസ്‌ലം ഉണ്ടായി. ആതിഫാണ് ഇന്നത്തെ ഗായകന്‍. അദ്ദേഹം ആസ്വാദകരെ മുഴുവന്‍ കയ്യിലെടുക്കുന്നു. അത് പോലെ തന്നെ ഇന്നത്തെ കാലത്തിന് ചേരാത്ത ചിത്രങ്ങള്‍ ചെയ്യാന്‍ ഞാന്‍ തയ്യാറല്ല. ഇന്നത്തെ കാലത്തിനനസുരിച്ചുള്ള ചിത്രങ്ങള്‍ ചെയ്യാന്‍ കഴിവുള്ളവരാണ് വിക്രം ഭട്ടും കുനാല്‍ ദേശ്മുഖും.

ചോദ്യം: താങ്കള്‍ സംവിധാന രംഗം വിടാനുള്ള കാരണവും ഇതാണോ?

അതേ. കാരണം, ഞാന്‍ എണ്‍പതുകളിലും തൊണ്ണൂറുകളിലും ചെയ്തത് പോലുള്ള ചിത്രങ്ങള്‍ ഇന്ന് ആളുകള്‍ക്ക് മനസ്സിലാവില്ലെന്ന് എനിക്കറിയാം. ഇന്നത്തെ കാഴ്ച്ചക്കാര്‍ വ്യത്യസ്തരാണ്.

ചോദ്യം: 25 വയസ്സിന് താഴെയുള്ള പ്രേക്ഷകരെ ആകര്‍ഷിക്കനാണോ താങ്കളുടെ ബാനറിന് കീഴിലുള്ള എല്ലാ ഇമ്രാന്‍ ഹാഷ്മി സിനിമകളിലും ചുംബന രംഗവും സെക്‌സും ഉള്‍പ്പെടുത്തുന്നത്?

അങ്ങനെയൊന്നില്ലാതെ കടുത്ത ഇമ്രാന്‍ ആരാധകരെ തൃപ്തിപ്പെടുത്താന്‍ സാധിക്കില്ല. ഇമ്രാന്‍ സിനിമകളില്‍ പ്രതീക്ഷിക്കുന്ന കാര്യമാണ് ചുംബനം. ഇമ്രാന്‍ മികച്ച നടനാണ്. ഒരുപാട് ആരാധകരും അദ്ദേഹത്തിനുണ്ട്. ഇത്തരം സീനുകള്‍ ചെയ്യാന്‍ അദ്ദേഹത്തിന് താത്പര്യമുണ്ടെങ്കിലും ഇല്ലെങ്കിലും ആളുകള്‍ അദ്ദേഹത്തെ അങ്ങനെ ഇഷ്ടപ്പെടുന്നുണ്ട്.

കടപ്പാട്:  ടൈംസ് ഓഫ് ഇന്ത്യ