| Wednesday, 3rd July 2019, 12:09 pm

ഇന്ത്യ എക്കാലത്തേയും നല്ല സുഹൃത്ത്; രാജ്യതാല്‍പര്യത്തിന് പ്രാധാന്യം നല്‍കി തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇറാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എണ്ണ ഇറക്കുമതിയുടെ കാര്യത്തില്‍ രാഷ്ട്ര താല്‍പര്യത്തിന് ഇന്ത്യ പ്രാധാന്യം കൊടുക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് ഇറാന്‍. യു.എസ് ഉപരോധം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇറാന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇന്ത്യയുടെ ഊര്‍ജ സുരക്ഷയുടെ കാര്യത്തില്‍ ഇറാന് ‘സംരക്ഷകനായി’ പ്രവര്‍ത്തിക്കാന്‍ കഴിയും ഇന്ത്യയിലുള്ള ഇറാന്റെ അംബാസിഡര്‍ അലി ചെഗനി പറഞ്ഞു.

‘ താങ്ങാനാവുന്ന, എളുപ്പംലഭ്യമാകുന്ന, സുരക്ഷിതമായ’ ഊര്‍ജം ഇന്ത്യയ്ക്ക് നല്‍കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുമായുള്ള എണ്ണ കച്ചവടത്തില്‍ ബാര്‍ട്ടര്‍, രൂപ, കച്ചവടത്തിനുള്ള യൂറോപ്യന്‍ സംവിധാനങ്ങള്‍ എന്നിവ ഉപയോഗിക്കാനുള്ള സാധ്യതയും അദ്ദേഹം മുന്നോട്ടുവെച്ചു.

‘ഇന്ത്യ എക്കാലത്തേയും സുഹൃത്താണ്. ദേശീയ താല്‍പര്യത്തിന് പരിഗണന നല്‍കിയേ ഇന്ത്യ എന്തും ചെയ്യൂവെന്ന് ഞങ്ങള്‍ക്ക് മനസിലാവും.’ എന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യ സമ്മര്‍ദ്ദത്തിലാണെന്നാണ് ഞങ്ങള്‍ കരുതുന്നത്. പക്ഷേ ഇന്ത്യ ഇറാന്റെ സുഹൃത്താണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. മറ്റു രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ഞങ്ങളെ ബാധിക്കില്ല. ചരിത്രത്തിലും, പരസ്പര നേട്ടത്തിലും താല്‍പര്യത്തിലും അധിഷ്ഠിതമാണ് ഇന്ത്യയുമായുള്ള ഞങ്ങളുടെ ബന്ധം.’ എന്നും അദ്ദേഹം പറഞ്ഞു.

ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഉപരോധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് എണ്ണ ഉറപ്പാക്കാന്‍ അമേരിക്ക പറ്റാവുന്നതെല്ലാം ചെയ്യുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇറാന്‍ ഇത്തരമൊരു ഉറപ്പുമായി രംഗത്തുവന്നിരിക്കുന്നത്.

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിവെച്ച് ഇന്ത്യ ‘കഠിനമായ വഴിയാണ് തെരഞ്ഞെടുത്തിരിക്കുന്നത്’ എന്നും പോമ്പിയോ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more