ഈ മരണത്തിന് പിന്നില്‍ തൊഴില്‍ നിയമങ്ങളുടെ കുപ്പത്തൊട്ടിയായ ഇന്ത്യ
DISCOURSE
ഈ മരണത്തിന് പിന്നില്‍ തൊഴില്‍ നിയമങ്ങളുടെ കുപ്പത്തൊട്ടിയായ ഇന്ത്യ
ലേബര്‍റൈറ്റ് വാച്ചര്‍
Tuesday, 24th September 2024, 6:13 pm
ആഴ്ചയില്‍ 70 മണിക്കൂര്‍ പണിയെടുക്കണമെന്ന അങ്ങേയറ്റം തൊഴിലാളി വിരുദ്ധവമായ പ്രസ്താവന ഒരു ഉളുപ്പുമില്ലാതെ ആവര്‍ത്തിക്കുന്ന നാരായണ മൂര്‍ത്തിയാണ് ഇവിടുത്തെ ഐ.ടി മേഖലയിലെ ഒന്നാമത്തെ പേര്. ഇത്ര ക്രൂരവും മനുഷ്യത്വ വിരുദ്ധവുമായ ഒരാശയം നിരന്തരം പ്രചരിപ്പിക്കുകയും തന്റെ കമ്പനിയില്‍ അത് നടപ്പിലാക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്ത ഇയാള്‍ക്ക് ഇപ്പോഴും കിട്ടുന്ന സ്വീകാര്യതയും ആദരവും പ്രതീകാത്മകമാണ്.

ചൂഷണത്തിന് മനുഷ്യരാശിയോളം തന്നെ പഴക്കമുണ്ട്. വ്യവസ്ഥാപിത ചൂഷണം ലക്ഷ്യമിട്ടുള്ള നിരവധി പ്രത്യയ ശാസ്ത്രങ്ങളും ചരിത്രത്തിലുടനീളം ഇടം പിടിച്ചിട്ടുണ്ട്. പലതും സമത്വ സുന്ദരമായ ലോകം സ്വപ്‌നം കണ്ട് പോരാടിയ മനുഷ്യരുടെ ഇച്ചാശക്തിക്കു മുന്നില്‍ തകര്‍ന്നടിഞ്ഞു.

മുതലാളിത്തവും അതിന്റെ പരിഷ്‌കരിച്ച പതിപ്പായ നിയോ ലിബറലിസവും ചൂഷണം കൂടുതല്‍ കാര്യക്ഷമവും കാലിക പ്രസക്തവുമാക്കി ലോകം ഭരിക്കുന്നു. പക്ഷേ 3000 ലധികം വര്‍ഷമായി നിലനില്‍ക്കുന്ന ബ്രാഹ്മണിസം വലിയ മാറ്റങ്ങള്‍ക്ക് പോലും വിധേയമാകാതെ ഇപ്പോഴും 100 കോടിയിലധികം ജനങ്ങളുടെ മേല്‍ സമഗ്രാധിപത്യം സ്ഥാപിച്ച് വാഴുന്നു.

ആധിപത്യം, വിധേയത്വം എന്നീ പരസ്പര പൂരകങ്ങളായ രണ്ട് ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയെടുത്ത ശ്രേണീ വ്യവസ്ഥ ഇന്ത്യ എന്ന രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക മേഖലകളെ നിയന്ത്രിക്കുന്നു.

സമത്വത്തിന്റെയോ ജനാധിപത്യ രീതിയുടെയോ കണിക പോലുമില്ലാത്ത തൊഴില്‍ ബന്ധങ്ങളാണ് ബ്രാഹ്മണിസത്തിന്റെ അഥവാ അത് പ്രയോഗവല്‍ക്കരിക്കുന്ന ജാതി വ്യവസ്ഥയുടെ ആണിക്കല്ല്. ഇന്ത്യയില്‍ പറയത്തക്ക ഭീഷണിയൊന്നും നേരിടാതെ ഈ ചൂഷക വ്യവസ്ഥിതി ഇന്നും നിലനില്‍ക്കുന്നു.

narendra modi

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

ബ്രാഹ്മണിസത്തിന് ഇന്ത്യയിലുള്ള അനുകൂല സാഹചര്യവും അപ്രമാദിത്തവുമല്ല പാശ്ചാത്യലോകത്ത് ഇന്ന് മുതലാളിത്തത്തിനും അതിന്റെ പ്രയോഗവല്‍ക്കരണത്തിന് അനിവാര്യമായ തൊഴില്‍ ചൂഷണത്തിനുമുള്ളത്. നൂറ്റാണ്ടുകളായി സമത്വമെന്ന ആശയം അടിസ്ഥാനമാക്കി നടന്ന നിരവധിയായ ജനാധിപത്യ, മനുഷ്യാവകാശ, തൊഴില്‍ പോരാട്ടങ്ങള്‍ ഭേദപ്പെട്ട തൊഴില്‍ സാഹചര്യം ആ നാടുകളില്‍ രൂപപ്പെടുത്താന്‍ കാരണമായിട്ടുണ്ട്.

തൊഴിലിടങ്ങളിലെ വിവിധ രീതിയിലുള്ള ചൂഷണങ്ങളും വിവേചനങ്ങളും ഭേദപ്പെട്ട രീതിയില്‍ പ്രതിരോധിക്കുന്ന തൊഴില്‍ നിയമങ്ങളും സംവിധാനങ്ങളും ഇന്നവിടെ ഉണ്ട്. മാത്രമല്ല, കൂടുതല്‍ മെച്ചപ്പെട്ട സാഹചര്യത്തിനായുള്ള പോരാട്ടം കൂടുതല്‍ കരുത്താര്‍ജിക്കുകയുമാണ്. അര്‍ഹിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും മാത്രമല്ല തൊഴിലിടങ്ങളിലെ സമ്മര്‍ദവും ജോലി-ജീവിത ബാലന്‍സിലെ പ്രശ്‌നങ്ങളും അവിടെ ഗൗരവ ചര്‍ച്ചക്ക് കാരണമാവുന്നു.

സ്വന്തം നാടുകളില്‍ കാലങ്ങളായി തുടര്‍ന്ന് പോന്നിരുന്ന തൊഴില്‍ ചൂഷണം കനത്ത വെല്ലുവിളി നേരിടുന്ന ഈ സാഹചര്യത്തിലാണ് വന്‍കിട കമ്പനികള്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുന്നത്. പാശ്ചാത്യ ടെക്സ്റ്റയില്‍ ഭീമന്‍മാര്‍ക്ക് ബംഗ്ലാദേശ് സ്വീകാര്യമാവുന്നതിന് കാരണം കുറഞ്ഞ വേതനം മാത്രമല്ല ബംഗ്ലാദേശില്‍ നില നില്‍ക്കുന്ന ഏറ്റവും മോശം തൊഴില്‍ സാഹചര്യം കൂടിയാണ്.

യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെ പ്രവര്‍ത്തിക്കുന്നത് മൂലം അടിക്കടി തീപിടുത്തം ഉണ്ടാവുന്ന ഫാക്റ്ററികളും ട്രേഡ് യൂനിയന്‍ നേതാക്കളേയും ആക്റ്റിവിസ്റ്റുകളേയും ഗുണ്ടായിസത്തിലൂടെ നേരിടുന്ന ശൈലിയും ബംഗ്ലാദേശിലാവുമ്പോള്‍ ഓഡിറ്റ് ചെയ്യപ്പെടാതെ പോവും, പാശ്ചാത്യ ലോകത്ത് അങ്ങനെയല്ല.

ടെക്സ്റ്റയില്‍ മേഖല പോലെയല്ല ഐ.ടി. എത്രയോ വലുതും സങ്കീര്‍ണവും ഒരുപാട് വൈറ്റ് കോളര്‍ ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുള്ളതുമാണ്.

ബ്രാഹ്മണിക് മൂശയില്‍ വാര്‍ത്തെടുത്ത തൊഴില്‍ സംസ്‌കാരം നിലനില്‍ക്കുന്ന ഇന്ത്യയോളം ഇതിന് പറ്റിയ മറ്റൊരു രാജ്യമില്ല.

ആഴ്ചയില്‍ 70 മണിക്കൂര്‍ പണിയെടുക്കണമെന്ന അങ്ങേയറ്റം തൊഴിലാളി വിരുദ്ധവമായ പ്രസ്താവന ഒരു ഉളുപ്പുമില്ലാതെ ആവര്‍ത്തിക്കുന്ന നാരായണ മൂര്‍ത്തിയാണ് ഇവിടുത്തെ ഐ.ടി മേഖലയിലെ ഒന്നാമത്തെ പേര്. ഇത്ര ക്രൂരവും മനുഷ്യത്വ വിരുദ്ധവുമായ ഒരാശയം നിരന്തരം പ്രചരിപ്പിക്കുകയും തന്റെ കമ്പനിയില്‍ അത് നടപ്പിലാക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്ത ഇയാള്‍ക്ക് ഇപ്പോഴും കിട്ടുന്ന സ്വീകാര്യതയും ആദരവും പ്രതീകാത്മകമാണ്.

നാരായണ മൂര്‍ത്തി narayana moorthy

നാരായണ മൂര്‍ത്തി

യഥാര്‍ത്ഥത്തില്‍ ആഗോള ഐ.ടി ഭീമന്‍മാര്‍ക്ക് ഇന്ത്യ സ്വീകാര്യമാക്കുന്നത് ഇവിടെയുള്ള കുറഞ്ഞ കൂലി മാത്രമല്ല, ഈ തൊഴില്‍ സംസ്‌കാരമാണ്. നാരായണ മൂര്‍ത്തി ഒരപവാദമല്ല, സമാന വാദങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും പറയുന്നവരാണ് കൂടുതലും.

അതിലപ്പുറം ഇവര്‍ നേതൃത്വം നല്‍കുന്ന കമ്പനികള്‍ ഈ തൊഴില്‍ സംസ്‌കാരം നടപ്പിലാക്കുകയും ചെയ്യുന്നു. നാരായണ മൂര്‍ത്തിയുടെ സന്തത സഹചാരിയായ മോഹന്‍ദാസ് പൈയുടെ നിലപാടുകള്‍ ഒരു പക്ഷേ ഇതിനേക്കാള്‍ മോശമായിരിക്കും.

മൂര്‍ത്തിയുടെ മരുമകനും ഇന്ത്യന്‍ വംശജനുമായിരുന്ന മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ ബ്രിട്ടനില്‍ വന്‍ വിവാദമായിരുന്നു. തൊഴില്‍ സമ്മര്‍ദം കാരണം മരണപ്പെട്ട അന്ന സെബാസ്റ്റന്റെ കാര്യത്തില്‍ ഇന്ത്യന്‍ ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ പരാമര്‍ശങ്ങളും വിവാദമായിരുന്നു. സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ വീട്ടില്‍ നിന്നും പഠിക്കണമെന്നും ദൈവത്തോട് അടുക്കണമെന്നുമായിരുന്നു നിര്‍മല സീതാരാമന്റെ പ്രസ്താവന.

ഇവരെല്ലാം തീവ്ര വലതുപക്ഷ രാഷ്ട്രീയധാരയോട് പുലര്‍ത്തുന്ന അടുപ്പവും യാദൃശ്ചികമല്ല.

Rishi Sunak

റിഷി സുനക്

ഇന്ന് ലോകത്തേറ്റവും കൂടുതല്‍ ഐ.ടി മേഖലയില്‍ തൊഴിലെടുക്കുന്ന വിഭാഗം ഇന്ത്യക്കാരായിരിക്കും. ഐ.ടി കമ്പനികളുടെ തലപ്പത്തിരിക്കുന്നവരിലും വലിയൊരു വിഭാഗം ഇന്ത്യക്കാരായിരിക്കും. പക്ഷേ ഉന്നത ശ്രേണിയിലുള്ള സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗ് ജോലികള്‍ ചെയ്യുന്നവരുടെ എണ്ണം താരതമ്യേന കുറവായിരിക്കാനാണ് സാധ്യത.

കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും മുന്‍നിര ഓപണ്‍ സോഴ്‌സ് പ്രൊജക്റ്റുകളിലെ കോണ്‍ട്രിബ്യൂട്ടേഴ്‌സിന്റെ ലിസ്റ്റിലൂടെയൊക്കെ നോക്കുമ്പോള്‍ പ്രാഥമികമായി മനസ്സിലാക്കാന്‍ പറ്റുന്ന കാര്യം അതാണ്. ഗൂഗിള്‍ സ്ഥാപകരായിരുന്ന ലാറി പേജും സെര്‍ജി ബ്രിനും ലോകം അംഗീകരിച്ച കംപ്യൂട്ടര്‍ ശാസ്ത്രജ്ഞരാണ്. പക്ഷേ സുന്ദര്‍ പിചേ സമാന രീതിയില്‍ എന്തെങ്കിലും നേട്ടം കൈവരിച്ച കംപ്യൂട്ടര്‍ ശാസ്ത്രജ്ഞനല്ല, ഒരു ശരാശരി എഞ്ചിനീയറില്‍ നിന്ന് മാനേജീരിയല്‍ റോളിലേക്ക് മാറി നേട്ടം കൈവരിച്ച ആള്‍ എന്നതാവും കൂടുതല്‍ ശരി.

നിര്‍മല സീതാരാമന്‍

ഐ.ടി കമ്പനികളുടെ തലപ്പത്തിരിക്കുന്ന ഇന്ത്യന്‍ വംശജരില്‍ കൂടുതലും ഇങ്ങനെയാണെന്നാണ് തോന്നുന്നത്. അതായത് കംപ്യൂട്ടര്‍ ശാസ്ത്രജ്ഞര്‍ എന്നതിലപ്പുറം എഞ്ചിനീയര്‍മാരെ നയിച്ച/നിയന്ത്രിച്ച ആളുകള്‍ എന്ന പേരില്‍ അറിയപ്പെടേണ്ടവര്‍. കുറച്ച് കൂടി വിശദമായി പറഞ്ഞാല്‍ പാശ്ചാത്യ ലോകത്ത് നിന്നുള്ള കമ്പനികളെ ഇന്ത്യയിലേക്ക് പറിച്ച് നടുന്ന പരിപാടിക്ക് നേതൃത്വവും ദിശാബോധവും നല്‍കുന്നവര്‍.

ഇങ്ങനെ കമ്പനികളെ ഇന്ത്യയിലേക്ക് പറിച്ച് നടുന്ന ഏര്‍പ്പാടിനെ ഔട്ട് സോഴ്‌സിംഗ് അഥവാ പുറം കരാര്‍ തൊഴിലുകള്‍ എന്ന ഓമന പേരിട്ട് വിളിച്ചു. ഇതൊരു ഘട്ടം ഘട്ടമായുള്ള സങ്കീര്‍ണ പ്രക്രിയയാണ്. അതിന് പല തലങ്ങളും ലക്ഷ്യങ്ങളുമുണ്ട്.

ചിലവ് ചുരുക്കല്‍ തീര്‍ച്ചയായും അതിലൊന്നാണ്. ഒരു അമേരിക്കന്‍ എഞ്ചിനീയര്‍ക്ക് നല്‍കേണ്ട ശമ്പളത്തിന്റെ നാലിലൊന്ന് മാത്രം നല്‍കി ഇന്ത്യയില്‍ നിന്നൊരാളെ റിക്രൂട്ട് ചെയ്യുമ്പോള്‍ അതിലടങ്ങിയ പ്രകടമായ ‘കോസ്റ്റ് കട്ടിംഗ്’ ആകര്‍ഷകമാണ്.

അതിലപ്പുറം ഒന്നാം ലോക രാജ്യത്തെ എല്ലാ പ്രിവിലേജുകളും ഉപയോഗപ്പെടുത്തി ലോകോത്തര നിലവാരമുള്ള എഞ്ചിനീയറിംഗ് കോളേജുകളില്‍ നിന്ന് പഠിച്ചിറങ്ങുന്നവരും അങ്ങനെ യാതൊരു അനുകൂല സാഹചര്യവും ഇല്ലാതെ പരമ ദയനീയ നിലവാരമുള്ള എഞ്ചിനീയറിംഗ് കോളേജുകളില്‍ നിന്നും പുറത്തിറങ്ങുന്നവരും നല്‍കുന്ന ഔട്ട്പുട്ട് ഒരു പോലെയാവുമോ എന്ന് ചിന്തിക്കണമെങ്കില്‍ കേവല അക്കങ്ങള്‍ക്കപ്പുറം തൊഴിലിനേയും തൊഴിലാളികളേയും കാണാനും വിലയിരുത്താനുമുള്ള ബോധ്യം വേണം.

ഇന്ത്യയില്‍, പ്രത്യേകിച്ചും ഐ.ടി മേഖലയില്‍, നിലവിലുള്ള തൊഴില്‍ സംസ്‌കാരമാണ് ഔട്ട് സോഴ്‌സിംഗിന് പിന്നിലെ മറ്റൊരു പ്രധാന ഘടകം.

ആഴ്ചയില്‍ 40 മണിക്കൂറിന്റെ ശമ്പളത്തിന് 70 മണിക്കൂര്‍ പണിയെടുക്കുമ്പോള്‍ 30 മണിക്കൂറിന്റെ അധ്വാനം സൗജന്യമാണെന്നതാണ് മറ്റൊരു കണക്ക്.

40 മണിക്കൂര്‍ പണിയെടുത്ത് മികച്ച ജോലി-ജീവിത ബാലന്‍സ് ഒപ്പിക്കുന്നയാള്‍ ചെയ്യുന്ന 40 മണിക്കൂറിന്റെ ജോലി 70 മണിക്കൂറിനേക്കാള്‍ മികച്ച ഗുണ നിലവാരമുള്ള ഉല്‍പന്നവും സേവനവും നല്‍കുമെന്ന തിരിച്ചറിവുണ്ടാകണമെങ്കില്‍ അക്കങ്ങള്‍ക്കപ്പുറം മനുഷ്യാധ്വാനത്തിന്റെ വിലയും നിലയും കാണാനുള്ള ബോധ്യമുണ്ടാവണം.

നിര്‍ഭാഗ്യവശാല്‍ ഇന്ന് ഔട്ട്‌സോഴ്‌സിംഗ് എന്ന പേരില്‍ ഐ.ടി തൊഴിലുകള്‍ ഇന്ത്യയിലേക്കെത്തിക്കുന്ന പരിപാടി മനുഷ്യ വിഭവ ശേഷിയുടെ ജനാധിപത്യപരമായ ആഗോളവല്‍ക്കരണമോ സാര്‍വ്വ ദേശീയതയിലേക്ക് ഐ.ടി മേഖല വികസിക്കുന്നതോ അല്ല. മറിച്ച് മനുഷ്യ വിഭവ ശേഷിയേയും തൊഴിലിനേയും കേവല അക്കങ്ങളിലൂടെ മാത്രം കണ്ടുള്ള തൊഴില്‍ ചൂഷണങ്ങള്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ കണ്ടെത്തുകയാണ്.

മുതലാളിത്തം അതിന്റെ സ്വാഭാവിക പങ്കാളിയായ ബ്രാഹ്മണിക് തൊഴില്‍ ചൂഷണത്തെ പുല്‍കുകയാണ്. പാശ്ചാത്യ നാടുകളില്‍ നിരന്തര പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ഭേദപ്പെട്ട തൊഴില്‍ സംസ്‌കാരത്തെ മറികടക്കാനുള്ള ശ്രമമാണത്.

അമിത ജോലിയും ജോലി സമ്മര്‍ദവും കാരണം മരണപ്പെടുന്നവരും ആത്മഹത്യ ചെയ്യുന്നവരും ഈ തൊഴില്‍ ചൂഷണത്തിന്റെ സ്വാഭാവിക ഇരകളാണ്. അതിനെ അങ്ങനെ തന്നെ കണ്ട് രാഷ്ട്രീയ പോരാട്ടം നടത്തുകയാണ് പരിഹാരം, ഐ.ടി മേഖലയിലടക്കം.

ഈ ചൂഷണം ഇന്ത്യയിലെ ഐ.ടി മേഖലയില്‍ വ്യവസ്ഥാപിതവും വളരെ വ്യാപകവുമാണ്. മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം ഉറപ്പ് വരുത്താന്‍ തങ്ങള്‍ നടപടികള്‍ എടുക്കുന്നുണ്ട് എന്ന് കമ്പനികള്‍ പറയുന്നത് ശുദ്ധ തട്ടിപ്പ് മാത്രമാണ്.

‘ഉലക്ക വിഴുങ്ങിയതിന് ചുക്ക് വെള്ളം ചികിത്സ’ നല്‍കുന്നത് പോലെ ഉപരിപ്ലവം മാത്രമാണ് ഇവരുടെ പരിഹാര നിര്‍ദേശങ്ങള്‍. പരിസ്ഥിതി, സ്ത്രീ പക്ഷ നിലപാടുകളെ പറ്റി വാചാലരാവുകയും അതിനേറ്റവും സഹായകരമാവുന്ന വര്‍ക് ഫ്രം ഹോം ഓപ്ഷനെ നഖശിഖാന്തം എതിര്‍ക്കുകയും ചെയ്യും.

തൊഴിലാളികളുടെ മാനസികാരോഗ്യത്തെ പറ്റി വാചാലരാവുകയും ‘ആഴ്ചയില്‍ 70 മണിക്കൂര്‍’ പോലുള്ള തൊഴിലാളി വിരുദ്ധ ആശയങ്ങളെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണക്കുകയും ചെയ്യും. അടിസ്ഥാന പ്രശ്‌നമായ തൊഴില്‍ ചൂഷണം എന്നത് ഇവരൊരിക്കലും അഡ്രസ് ചെയ്യാറില്ല.

അപവാദങ്ങള്‍ അപവാദങ്ങള്‍ മാത്രമാണ്. അത് അഡ്രസ് ചെയ്താല്‍ പിന്നെ അക്കങ്ങളില്‍ അധിഷ്ഠിതമായ അവരുടെ ബിസിനസ് മോഡല്‍ അപ്രസക്തമാവും. പകരം എഞ്ചിനീയറിംഗ് ഉല്‍പന്നവും സേവനവും നല്‍കുന്ന ഐ.ടി മേഖലയില്‍ എഞ്ചിനീയറിംഗ് രീതി ശാസ്ത്രമുപയോഗിച്ച് കാര്യങ്ങള്‍ വിലയിരുത്തേണ്ടി വരും.

അത് ചെയ്യാത്തിടത്തോളം കാലം തൊഴിലിടങ്ങളില്‍ മരണങ്ങളും ആത്മഹത്യകളും കൂടുകയേ ഉള്ളൂ.

പാശ്ചാത്യ നാടുകളില്‍ തങ്ങള്‍ പിന്തുടരാന്‍ നിര്‍ബന്ധിതരായ തൊഴിലിടങ്ങളിലെ അവകാശങ്ങളും പുരോഗമന ആശയങ്ങളും ഇവിടെയും ശക്തമായി പറയുക, എന്നാല്‍ അതിന് തീര്‍ത്തും വിരുദ്ധമായ നയ നിലപാടുകള്‍ പ്രായോഗിക തലത്തില്‍ നടപ്പിലാക്കുക എന്നതാണ് ഇന്ത്യയിലെ ഐ.ടി രംഗത്തെ നടപ്പ് രീതി.

തൊഴില്‍ സമ്മര്‍ദം കാരണം മരണപ്പെട്ട ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്‍

ഒരുപക്ഷേ ലോകത്തേറ്റവും ശക്തമായ രീതിയില്‍ ഇങ്ങനെ ഇന്ത്യയിലേക്ക് പറിച്ച് നട്ട് കൊണ്ടിരിക്കുന്ന ഒരു മുന്‍നിര ഐ.ടി കമ്പനിയിലാണ് ജോലി ചെയ്യുന്നത് എന്നതിനാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ ഇരട്ടത്താപ്പ് നേരിട്ട് കാണാന്‍ സാധിച്ചിട്ടുണ്ട്.

നാല് വര്‍ഷം മുമ്പ് കമ്പനിയില്‍ ജോയിന്‍ ചെയ്യുമ്പോള്‍ ടീമിലെ 12 പേരില്‍ ഞാനൊഴികെ എല്ലാവരും അമേരിക്കക്കാര്‍(പിന്നീട് മറ്റൊരിന്ത്യക്കാരനും കൂടെ കൂടി). ഞങ്ങള്‍ രണ്ട് പേര്‍ ഞങ്ങളുടെ നാടുകളിലും യു.എസിലെ അംഗങ്ങള്‍ അവിടെ വ്യത്യസ്ത സ്റ്റേറ്റുകളിലായും വര്‍ക് ഫ്രം ഹോം രീതിയില്‍ ജോലി ചെയ്തു പോന്നു.

പലരും സോഫ്റ്റ്വെയര്‍ ലോകത്ത് തന്നെ അറിയപ്പെടുന്ന പുലികള്‍. പതിറ്റാണ്ടുകളുടെ അനുഭവ പരിചയവും. ടീമിലാണെങ്കില്‍ ഏറ്റവും മികച്ച വര്‍ക്-ലൈഫ് ബാലന്‍സ്. സ്വാഭാവികമായും ഇങ്ങനെയൊരു ടീമിന് ഉന്നത മാനേജ്‌മെന്റിന്റെ അടുത്ത് വന്‍ സ്വീകാര്യതയാണ് കിട്ടേണ്ടത്. പക്ഷേ യാഥാര്‍ത്ഥ്യം മറിച്ചായിരുന്നു.

അക്കങ്ങളുടെ കണക്കില്‍ ഇതിന്റെ പകുതിയുടെ പകുതി ശമ്പളത്തിലുള്ള ഇന്ത്യന്‍ ടീമാണ് കമ്പനിക്ക് കൂടുതല്‍ മെച്ചം. പരമാവധി പ്രൊജക്റ്റുകള്‍ ഇന്ത്യയിലേക്ക് തട്ടുക, സമാന്തരമായി സാധ്യമായത്ര യു.എസ് ജോലിക്കാരെ പുകച്ച് പുറത്ത് ചാടിക്കുക എന്നത് കമ്പനിയുടെ അപ്രഖാപിത നയമാണ്.

അതുകൊണ്ട് തന്നെ ഇങ്ങനെയുള്ള ടീം കമ്പനിക്ക് ബാധ്യതയാണ്. ‘വര്‍ക് ഫ്രം ഹോം’ നിഷേധിക്കുക എന്നതാണ് ആദ്യ പടി. ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുക, യാതൊരു വിധ സാങ്കേതിക പരിജ്ഞാനവും ഇല്ലാത്ത മാനേജര്‍മാരുടെ ആലയില്‍ കൊണ്ട് പോയി ടീമിനെ കെട്ടുക എന്നിങ്ങനെ നിരവധി സൂത്രങ്ങള്‍ പിന്നാലെ വരും.

അപ്പോഴേക്കും മിക്കവാറും പേര്‍ ജോലിവിട്ടിരിക്കും. 25 വര്‍ഷമായി കമ്പനിയിലുണ്ടായിരുന്ന ഞങ്ങളുടെ ടീം ലീഡ് കഴിഞ്ഞ മാസം വിട്ടു. ബാക്കിയുള്ളവര്‍ വിടാന്‍ തയ്യാറായി നില്‍ക്കുന്നു. ഈ ടീം ചെയ്ത് കൊണ്ടിരുന്ന പ്രൊജക്റ്റുകള്‍ തലങ്ങും വിലങ്ങും വെട്ടി മുറിച്ച് ഇന്ത്യയിലേക്ക് കയറ്റി അയക്കുന്നു.

ഓരോരുത്തരായി ഇന്ത്യന്‍ ടീമിന്റെ ഭാഗമായി(യു.എസിലുള്ളവര്‍ അടക്കം). ഞാന്‍ എത്തിപ്പെട്ട ടീമിലെ സ്ഥിതി ഭീകരമായിരുന്നു. മാസങ്ങള്‍ക്കുള്ളില്‍ മിക്കവാറും എല്ലാവരും ടീം മാറുകയോ രാജി വെക്കുകയോ ചെയ്തു.

എല്ലാവരും പറഞ്ഞ കാരണം ജോലി സമ്മര്‍ദവും മാനസിക പ്രശ്‌നങ്ങളുമായിരുന്നു.

ഏറ്റവും ഗംഭീരമായ വര്‍ക്-ലൈഫ് ബാലന്‍സും തീര്‍ത്തും ആസ്വാദ്യകരമായ എഞ്ചിനീയറിംഗ് ജോലിയും ആസ്വദിച്ചിരുന്ന സാഹചര്യത്തില്‍ നിന്ന് നേരെ നരകത്തിലേക്ക് എത്തിയ അവസ്ഥയിലായിരുന്നു ഞാന്‍. ഏതായാലും ടീം ലീഡ് പോവുന്നതിന് മുമ്പ് മറ്റൊരു യു.എസ് ടീമിലേക്ക് ട്രാന്‍സ്ഫര്‍ ശരിയാക്കി തന്നതിനാല്‍ തല്‍ക്കാലം രക്ഷപ്പെട്ടു(ഏറെക്കുറെ മുഴുവനായും യു.എസ് ആളുകളായതിനാല്‍ ഈ ടീമും അടുത്ത് തന്നെ കീറി മുറിച്ച് ഇന്ത്യയിലേക്കയക്കും)

അനുഭവ പരിചയവും പ്രതിഭയും വെച്ച് നോക്കുമ്പോള്‍ പഴയ ടീമിനോട് താരതമ്യം പോലും അര്‍ഹിക്കാത്തവരുടെ കൈകളിലേക്കാണ് പ്രൊജക്റ്റുകള്‍ എത്തുന്നത്. അതിന്റെ ഭീകരമായ ഫലങ്ങള്‍ ഔട്ട്പുട്ടിലും കണ്ട് തുടങ്ങി. പക്ഷേ സീനിയര്‍ മാനേജ്‌മെന്റിന് അതൊരു പ്രശ്‌നമേയല്ല.

ഇന്ത്യയിലേക്ക് ഔട്ട് സോഴ്‌സ് ചെയ്ത വകയില്‍ കമ്പനി മില്യനുകള്‍ ‘ലാഭിച്ച’ കണക്കാണ് പ്രധാനം. സ്വാഭാവികമായും ഈ അക്കങ്ങള്‍ക്കനുസരിച്ച് കമ്പനി ഷെയര്‍ വാല്യു കുതിച്ചുയരുന്നുണ്ട്. കമ്പനിയുടെ കോര്‍ ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടേയും നിലവാരം കൂപ്പ് കുത്തുന്നത് ഷെയറിനെ ബാധിക്കുന്ന പ്രശ്‌നമേയല്ല. ഷെയറിനെ ബാധിക്കാത്തിടത്തോളം കാലം സീനിയര്‍ മാനേജ്‌മെന്റിനോ ഡയരക്റ്റര്‍ ബോര്‍ഡിനോ ബേജാറുമില്ല. എല്ലാവരും ഹാപ്പി.

ഈ പിടി വിട്ട പോക്ക് പക്ഷേ ചിലപ്പോള്‍ തട്ടി താഴെ വീണ് തകരും. അതായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് ലോത്തൊകമാനം എയര്‍പോര്‍ട്ടുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളുമെല്ലാം നിശ്ചലമാക്കിയ Crowd Strike കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ്.

Manually written document when airport computers crash due to crowd strike company software update

ക്രൗഡ് സ്‌ട്രൈക് കമ്പനിയുടെ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് കാരണം എയര്‍പോര്‍ട്ടുകളിലെ കംപ്യൂട്ടറുകള്‍ പ്രതിസന്ധിയിലായപ്പോള്‍ മാനുവലായി എഴുതി നല്‍കിയ രേഖ

ചിലവ് ചുരുക്കി ചുരുക്കി അവസാനം ശരിയായ ടെസ്റ്റിംഗ് പോലും നടത്താതെ സോഫ്റ്റ്‌വെയര്‍ ഉപഭോക്താക്കളുടെ കംപ്യൂട്ടര്‍ ശ്യംഖലയിലേക്ക് തള്ളിക്കയറ്റിയതായിരുന്നു അടിസ്ഥാന പ്രശ്‌നം. ഞെട്ടിപ്പിക്കുന്ന കാര്യം Crowd Strike മേധാവി ജോര്‍ജ് കെര്‍ട്‌സ് മുമ്പ് McAfee കമ്പനി മേധാവി ആയിരിക്കെ സമാന പ്രശ്‌നം ഉണ്ടായിരുന്നു എന്നതാണ്. ഇപ്പോഴത്തെ പ്രശ്‌നം മൂലം ബില്യണ്‍ കണക്കിന് ഡോളറിന്റെ നഷ്ടമാണ് ലോകത്താകെ ഉണ്ടായത്. പക്ഷേ ഈ നഷ്ടം മുഴുവന്‍ ആത്യന്തികമായി സഹിക്കേണ്ടത് സാധാരണ ജനങ്ങളാണെന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം.

തൊഴിലാളികളില്‍ നിന്ന് തുടങ്ങി ശരാശരി കംപ്യൂട്ടര്‍/മൊബൈല്‍/സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളില്‍ വരെ എത്തി നില്‍ക്കുന്ന ഈ ഭീകര സാമൂഹിക, സാമ്പത്തിക നഷ്ടത്തെ വിലയിരുത്തുമ്പോള്‍ മാത്രമാണ് ഔട്ട് സോഴ്‌സിംഗ്, ചിലവ് ചുരുക്കല്‍, ഇന്ത്യന്‍ വല്‍ക്കരണം തുടങ്ങിയ ഐ.ടി മേഖലയിലെ സമീപ പ്രതിഭാസങ്ങളുടെ യഥാര്‍ത്ഥ ആഘാതം മനസ്സിലാക്കാന്‍ സാധിക്കൂ.

പാശ്ചാത്യ ലോകത്ത് നിന്ന് നൂറ്റാണ്ടുകളുടെ പോരാട്ടത്തിലൂടെ കെട്ടുകെട്ടിച്ച പിന്തിരിപ്പന്‍ ആശയങ്ങളുടെയും തൊഴിലാളി വിരുദ്ധ നയങ്ങളുടേയും കുപ്പത്തൊട്ടിയായി മാറിയിരിക്കുകയാണ് ഇന്ത്യ. വളരെ ചെറിയൊരു വിഭാഗം അതി സമ്പന്നര്‍ക്ക് മാത്രം ഗുണപരമായ ഈ വ്യവസ്ഥിതിക്കെതിരെ രാഷ്ട്രീയ പോരാട്ടം അനിവാര്യമാണ്.

20 വര്‍ഷത്തിലേറെയായി ഐ.ടി. മേഖലയില്‍ ജോലി ചെയ്യുന്ന വ്യക്തിയാണ് ലേഖകന്‍

content highlights: India is a dumping ground for labor laws

ലേബര്‍റൈറ്റ് വാച്ചര്‍
20 വര്‍ഷത്തിലേറെയായി ഐ.ടി. മേഖലയില്‍ ജോലി ചെയ്യുന്ന വ്യക്തിയാണ് ലേഖകന്‍