| Sunday, 18th September 2022, 6:53 pm

ഇന്ത്യ ഒരു ബില്യണ്‍ ഡോളര്‍ ടീമാണ്; എന്നുകരുതി ഞങ്ങളോട് കളിക്കാന്‍ നിക്കണ്ട; പാകിസ്ഥാന്‍ ചീഫ് സെലക്ടര്‍

സ്പോര്‍ട്സ് ഡെസ്‌ക്

2022ലെ ഏഷ്യാ കപ്പ് ഫൈനലിലെ തോല്‍വി കാരണം പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ശ്രീലങ്കയായിരുന്നു ഫൈനലില്‍ പാകിസ്ഥാനെ തോല്‍പിച്ച് കിരീടമണിഞ്ഞത്.

ഇപ്പോള്‍ ട്വന്റി-ട്വന്റി ലോകകപ്പിനുള്ള സ്‌ക്വാഡിനെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചപ്പോഴും മുന്‍ താരങ്ങളില്‍ നിന്നടക്കം വിമര്‍ശനമാണ് ലഭിക്കുന്നത്.

എന്നാല്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടര്‍ മുഹമ്മദ് വസീം. ഇന്ത്യന്‍ ടീമിനെ ഉന്നം വെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

”ഇന്ത്യ ഒരു ബില്യണ്‍ ഡോളര്‍ ടീമാണ്. പക്ഷെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രണ്ട് തവണ ഞങ്ങള്‍ അവരെ പരാജയപ്പെടുത്തി. ഞങ്ങളുടെ ടീമും ജയിക്കാന്‍ കഴിവുള്ളവരാണെന്നാണ് ഇത് തെളിയിക്കുന്നത്.

അവര്‍ വരാനിരിക്കുന്ന ലോകകപ്പിലും ഈ മികച്ച പ്രകടനം തുടരുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.

നിങ്ങള്‍ പോസിറ്റീവായ കാര്യങ്ങള്‍ നോക്കിക്കാണേണ്ടതുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. കഴിഞ്ഞ ടി-20 ലോകകപ്പില്‍ ഞങ്ങള്‍ സെമിയിലെത്തിയിരുന്നു, ഏഷ്യാ കപ്പില്‍ ഫൈനലിലും എത്തി.

ഒരു തോല്‍വിയുണ്ടായെന്ന് കരുതി ടീമിനെ അപ്പാടെ തള്ളിക്കളയുന്നത് ശരിയല്ല,” മുഹമ്മദ് വസീം പറഞ്ഞു.

അതേസമയം, ഏഷ്യാ കപ്പിലെ ഓപ്പണിങ് മാച്ചില്‍ ഇന്ത്യയോട് നാല് വിക്കറ്റിന് പരാജയപ്പെട്ട പാകിസ്ഥാന്‍ സൂപ്പര്‍ ഫോറില്‍ നടന്ന മത്സരത്തില്‍ വിജയിച്ചിരുന്നു. രോഹിത് ശര്‍മ നയിച്ച ഇന്ത്യന്‍ ടീമിനെ ബാബര്‍ അസമിന്റെ നേതൃത്വത്തിലുള്ള പാക് ടീം പരാജയപ്പെടുത്തുകയായിരുന്നു.

Content Highlight: India is a billion-dollar team, but we showed them says Pakistan chief selector

We use cookies to give you the best possible experience. Learn more