| Tuesday, 14th May 2024, 1:19 pm

ഇറാന്റെ തുറമുഖ നടത്തിപ്പ് കരാര്‍ ഏറ്റെടുത്ത് ഇന്ത്യ: മുന്നറിയിപ്പുമായി യു.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇറാനിലെ ചബഹാര്‍ തുറമുഖ ടെര്‍മിനലിന്റെ നടത്തിപ്പിനായുള്ള കരാറില്‍ ഒപ്പു വെച്ചതിന് പിന്നാലെ ഇന്ത്യക്ക് മുന്നറിയിപ്പുമായി യു.എസ്. ഇറാനുമായി ബിസിനസ് ഇടപാടുകള്‍ നടത്തുന്നവര്‍ ഉപരോധത്തിന്റെ പരിധിയില്‍ വരുമെന്നായിരുന്നു അമേരിക്കയുടെ മുന്നറിയിപ്പ്.

ഇറാനിലെ ചബഹാര്‍ ഷാഹിദ് തുറമുഖത്തിന്റെ നടത്തിപ്പിനായി ഇന്നലെയാണ് ഇന്ത്യയും ഇറാനും കരാറിലൊപ്പിട്ടത്. ആദ്യമായാണ് ഇന്ത്യ ഒരു വിദേശതുറമുഖത്തിന്റെ നടത്തിപ്പ് ചുമതല ഏറ്റെടുക്കുന്നത്. എന്നാല്‍ ഇറാനെതിരെയുള്ള യു.എസ് ഉപരോധം നില നില്‍ക്കുമ്പോഴാണ് ഇന്ത്യയുടെ ഭാഗത്തു നിന്നും ഇങ്ങനെയൊരു തീരുമാനം ഉണ്ടായിരിക്കുന്നത്. ഇതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്.

ഇറാനുമായുള്ള ബിസിനസ്സ് ഇടപാടുകള്‍ നടത്തുന്നവര്‍ സ്വയം തുറക്കുന്ന അപകടസാധ്യതയെക്കുറിച്ചും ഉപരോധത്തിന്റെ സാധ്യതയെക്കുറിച്ചും അറിഞ്ഞിരിക്കണം എന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേല്‍ പറഞ്ഞത്.

‘ഇറാനെതിരായ യു.എസ് ഉപരോധങ്ങള്‍ നിലനില്‍ക്കും, ഞങ്ങള്‍ അവ നടപ്പിലാക്കുന്നത് തുടരും,’ വേദാന്ത് പട്ടേല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

‘ചബഹാര്‍ തുറമുഖവുമായി ബന്ധപ്പെട്ട് ഇറാനും ഇന്ത്യയും ഒരു കരാറില്‍ ഒപ്പുവച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ക്കറിയാം, എന്നിരുന്നാലും ചബഹാര്‍ തുറമുഖത്തെക്കുറിച്ചും ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും വിദേശ നയ ലക്ഷ്യങ്ങളെക്കുറിച്ചും സംസാരിക്കാന്‍ ഞങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിനെ അനുവദിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാന് വ്യാപാര സൗകര്യമൊരുക്കിയ ഇന്ത്യയില്‍ നിന്നുള്ള മൂന്ന് കമ്പനികള്‍ക്കും, വ്യക്തികള്‍ക്കും, കപ്പലുകള്‍ക്കും യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യ-ഇറാന്‍ മുന്‍നിര പദ്ധതിയായ ചബഹാര്‍ തുറമുഖം, അഫ്ഗാനിസ്ഥാന്‍ പോലുള്ള മധ്യേഷ്യന്‍ രാജ്യങ്ങളുമായി വ്യാപാരം നടത്തുന്നതിനുള്ള ഒരു പ്രധാന ഗതാഗത തുറമുഖമായാണ് പ്രവര്‍ത്തിക്കുക. കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തില്‍ ഇന്ത്യ പോര്‍ട്ട് ഗ്ലോബല്‍ ലിമിറ്റഡും ഇറാനിലെ പോര്‍ട്ട് ആന്‍ഡ് മാരിടൈം ഓര്‍ഗനൈസേഷനുമാണ് കരാറില്‍ ഒപ്പുവെച്ചത്.

ഇറാനെതിരായ അമേരിക്കന്‍ ഉപരോധം തുറമുഖത്തിന്റെ വികസനം മന്ദഗതിയിലാക്കിയിരുന്നു. ഉപരോധം വക വെയ്ക്കാതെയാണ് ഇന്ത്യ ഇറാനുമായി സഹകരിച്ചിരിക്കുന്നത്. തുറമുഖം ഇന്ത്യ ഏറ്റെടുക്കുന്നത് ചൈനക്ക് കടുത്ത തിരിച്ചടിയാകും.

Content Highlight:India-Iran Chabahar port deal: US State Dept warns of potential sanctions

We use cookies to give you the best possible experience. Learn more