|

2026 ഫിഫ ലോകകപ്പ് ക്വാളിഫയറിലേക്ക് ഇന്ത്യ; സുനില്‍ ഛേത്രിയും പിള്ളേരും തയ്യാറാണ്

സ്പോര്‍ട്സ് ഡെസ്‌ക്

2026ലെ ഫിഫ ലോകകപ്പ് ക്വാളിഫയറിലേക്ക് അഫ്ഗാനിസ്ഥാനെ നേരിടാന്‍ ഒരുങ്ങിയിരിക്കുകയാണ് ഇന്ത്യ. മാര്‍ച്ചില്‍ നടക്കുന്ന രണ്ട് മത്സരങ്ങളില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും ക്വാളിഫയറിനു വേണ്ടി നേര്‍ക്കുനേര്‍ പോരാടും. മത്സരത്തില്‍ ഒരു എവെയ് മാച്ചും ഒരു ഹോം മാച്ചും ഇന്ത്യയ്ക്കുണ്ട്.

ആദ്യ മത്സരം മാര്‍ച്ച് 21ന് സൗദി അറേബ്യയിലെ അബയിലാണ് നടക്കുന്നത്. രണ്ടാം മത്സരം മാര്‍ച്ച് 26 ഇന്ത്യയിലെ ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലും അരങ്ങേറും.

നിലവില്‍ ഒമ്പത് ഗ്രൂപ്പുകളിലായി നടക്കുന്ന മത്സരത്തില്‍ ഇന്ത്യ എ ഗ്രൂപ്പിലാണ്. എ ഗ്രൂപ്പില്‍ മൂന്നു പോയിന്റ് സ്വന്തമാക്കി മൂന്നാമതാണ് ഇന്ത്യ. കുവൈത്തിനു 3 പോയിന്റുകളാണ് ഉള്ളത്. രണ്ടു മത്സരങ്ങള്‍ കളിച്ച ഇന്ത്യക്ക് ഒരു മത്സരം മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. എ ഗ്രൂപ്പില്‍ ഖത്തര്‍ ആണ് ഒന്നാം സ്ഥാനത്ത്. കളിച്ച രണ്ടു മത്സരങ്ങളും വിജയിച്ച് ആറു പോയിന്റാണ് ഖത്തര്‍ സ്വന്തമാക്കിയത്.

2023 യോഗ്യത മത്സരങ്ങള്‍ മറികടക്കാന്‍ കഴിയാതെ ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഹെഡ് കോച്ച് ഇഗോര്‍ സ്റ്റിമാക്കിന്റെ കീഴില്‍ ഇന്ത്യ മികച്ച തിരിച്ചുവരവിനാണ് ലക്ഷ്യമിടുന്നത്.

ബി ഗ്രൂപ്പില്‍ ജപ്പാന്‍, സി ഗ്രൂപ്പില്‍ സൗത്ത് കൊറിയ, ഡി ഗ്രൂപ്പില്‍ മലേഷ്യ, ഇ ഗ്രൂപ്പില്‍ ഇറാന്‍, എഫ് ഗ്രൂപ്പില്‍ ഇറാഖ്, ജി ഗ്രൂപ്പില്‍ സൗദി അറേബ്യ, എച്ച് ഗ്രൂപ്പില്‍ യു.എ.ഇ, ഐ ഗ്രൂപ്പില്‍ ഓസ്‌ട്രേലിയ എന്നിവരാണ് ഒന്നാം സ്ഥാനത്ത്.

നിലവില്‍ ശക്തമായ നിരയാണ് ഇന്ത്യക്ക് ഉള്ളത്. മൂന്ന് ഗോള്‍കീപ്പര്‍മാരും 8 ഡിഫന്‍ഡര്‍മാരും 4 ഫോര്‍വേഡ് താരങ്ങളും 10 മിഡ്ഫീല്‍ഡര്‍മാരും ആണ് ഇന്ത്യക്ക് ഉള്ളത്. സുനില്‍ ഛേത്രി നയിക്കുന്ന ടീമിനെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ ആരാധകര്‍ കാണുന്നത്.

Content Highlight: India into 2026 FIFA World Cup Qualifiers

Latest Stories