| Friday, 19th January 2024, 11:11 pm

സൈനികരെ പിന്‍വലിക്കണമെന്ന മാലിദ്വീപിന്റെ ആവശ്യത്തില്‍ ചര്‍ച്ചകള്‍ ശക്തമാക്കി ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദ്വീപില്‍ വിന്യസിച്ചിരിക്കുന്ന 88 ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കണമെന്ന മാലിദ്വീപ് സര്‍ക്കാരിന്റെ ആവശ്യത്തില്‍ ദല്‍ഹിയില്‍ ഇരു രാജ്യങ്ങളുടെയും സംയുക്ത ചര്‍ച്ചകള്‍ നടക്കുന്നതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. സൈനികരെ പിന്‍വലിപ്പിക്കാനുള്ള മാലിദ്വീപ് സര്‍ക്കാരിന്റെ നീക്കത്തെ കുറിച്ച് ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

കര സൈനികരെ കൂടാതെ ഭൂരിഭാഗം വരുന്ന വ്യോമസേനാംഗങ്ങളെയും രാജ്യത്ത് നിന്ന് നീക്കം ചെയ്യാനുള്ള സമയപരിധി മാലിദ്വീപ് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു. രാജ്യത്തെ 1000ലധികം ദ്വീപുകളില്‍ നിന്ന് അടിയന്തര സുരക്ഷക്കായി ഡോര്‍ണിയര്‍ വിമാനങ്ങളും ഒരു ഹെലികോപ്റ്ററും സൈനികരെയും ഇന്ത്യ വിന്യസിപ്പിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച ആരംഭിച്ച ചേരിചേരാ പ്രസ്ഥാനത്തിന്റെ ഉച്ചകോടിക്ക് മുന്നോടിയായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ മാലദ്വീപ് വിദേശകാര്യമന്ത്രി മൂസ സമീറുമായി കൂടിക്കാഴ്ച നടത്തിയുന്നു. കൂടിക്കാഴ്ചയെ എസ്. ജയശങ്കര്‍ ‘ഫ്രാങ്ക്’ എന്ന വിശേഷിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസങ്ങളില്‍ ദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന ആവശ്യം മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ശക്തമാക്കിയിരുന്നു. മാര്‍ച്ച് 15നകം ദ്വീപില്‍ നിയോഗിച്ചിട്ടുള്ള 88 സൈനികരെ പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തോട് മുഹമ്മദ് മുയിസു ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഇന്ത്യയുടെ പിന്തുണയോട് കൂടി രാജ്യത്തെ വികസന പദ്ധതികള്‍ വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാലിദ്വീപ് നടത്തുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യയുമായി ഏതാനും വിഷയങ്ങളില്‍ തര്‍ക്കത്തിലിരിക്കെ മാലിദ്വീപിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ അയക്കുന്നതിനുള്ള പദ്ധതികള്‍ ശക്തമാക്കണമെന്ന് ചൈനയോട് പ്രസിഡന്റ് മുഹമ്മദ് മുയിസു അഭ്യര്‍ത്ഥിച്ചിരുന്നു. ചൈന തങ്ങളുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയാണെന്നും മാലിദ്വീപിന്റെ വികസനത്തില്‍ വലിയൊരു പങ്ക് ചൈനക്കുണ്ടെന്നും മുയിസു പറഞ്ഞു.

Content Highlight: India intensified talks on Maldives’ demand to withdraw its troops

We use cookies to give you the best possible experience. Learn more