| Friday, 5th October 2018, 2:37 pm

യു.എസ് ഉപരോധ ഭീഷണി വകവെച്ചില്ല; മിസൈല്‍ കരാര്‍ ഒപ്പിട്ട് ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അമേരിക്കയുടെ ഉപരോധഭീഷണി അവഗണിച്ച് റഷ്യയില്‍നിന്ന് അത്യാധുനിക മിസൈല്‍ സംവിധാനം വാങ്ങാന്‍ തീരുമാനിച്ച് ഇന്ത്യ. വ്യോമ പ്രതിരോധത്തിനുള്ള അത്യാധുനിക മിസൈല്‍ സംവിധാനമായ എസ് 400 ട്രയംഫ് വാങ്ങാനുള്ള കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. 543 കോടി ഡോളറിന്റെ ( 40000 കോടി രൂപ) യുടേതാണ് കരാര്‍.

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്കു ശേഷമാണു കരാര്‍ ഒപ്പുവച്ചത്. ഇന്ത്യയിലേക്ക് വരുന്ന മിസൈലുകള്‍, യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍ എന്നിവയെ തകര്‍ക്കും. 380 കിലോമീറ്റര്‍ അകലെവെച്ച് തന്നെ ശത്രുവിന്റെ ആയുധങ്ങളെ നശിപ്പിക്കാന്‍ ഇത് ഇന്ത്യയെ സഹായിക്കും.

ഇതിനൊപ്പം ബഹിരാകാശ രംഗത്തെ സഹകരണത്തിനുള്ള കരാറും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. കരാര്‍ പ്രകാരം സൈബീരിയയില്‍ ഇന്ത്യ ബഹിരാകാശ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കും. ഇതുള്‍പ്പെടെ 20 കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെയ്ക്കുകയെന്നാണ് വിവരങ്ങള്‍.

വ്യാഴാഴ്ച രാത്രി ദല്‍ഹിയില്‍ വിമാനമിറങ്ങിയ പുടിനെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് സ്വീകരിച്ചത്. റഷ്യയില്‍നിന്നുള്ള നാലു ചെറു യുദ്ധക്കപ്പലുകള്‍ നാവികസേനയുടെ ഭാഗമാക്കാനും ഇന്ത്യ ലക്ഷ്യമിടുന്നു. രണ്ടെണ്ണം റഷ്യയില്‍നിന്നു വാങ്ങാനും ബാക്കിയുള്ളവ സാങ്കേതിക വിദ്യാ കൈമാറ്റത്തോടെ ഗോവ ഷിപ്പിയാര്‍ഡില്‍ നിര്‍മിക്കാനുമുള്ള 15,840 കോടി രൂപയുടെ പദ്ധതിക്കു സുരക്ഷാകാര്യ മന്ത്രിതല സമിതി അംഗീകാരം നല്‍കിയിരുന്നു. ഇതുസംബന്ധിച്ച കരാര്‍ പ്രഖ്യാപനവും ഇന്നുണ്ടായേക്കും.


Read Also : ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒന്നിക്കും; ഏതു വിട്ടുവീഴ്ച്ചയ്ക്കും തയാറെന്നും രാഹുല്‍


We use cookies to give you the best possible experience. Learn more