ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും വിജയം സ്വന്തമാക്കി ശ്രീലങ്ക. 110 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ലങ്ക സ്വന്തമാക്കിയത്. ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 26.1 ഓവറില്‍ 138 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഇതോടെ ഏകദിന പരമ്പര 2-0ന് വിജയിക്കുകയായിരുന്നു.
27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീലങ്ക ഇന്ത്യയോട് ഒരു ഉഭയകക്ഷി ഏകദിന പരമ്പര വിജയിക്കുന്നത്. ഇന്ത്യയ്‌ക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് ലങ്കയുടെ ഈ ചരിത്ര വിജയം. ലങ്കയ്ക്ക് വേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ചത് സ്പിന്നര്‍ ദുനിത് വെല്ലാലഗെയാണ്. അഞ്ച് വിക്കറ്റുകളാണ് താരം നേടിയത്. രോഹിത് ശര്‍മ (35), വിരാട് കോഹ്‌ലി (20), ശ്രേയസ് അയ്യര്‍ (8), അക്‌സര്‍ പട്ടേല്‍ (2), കുല്‍ദീപ് യാദവ് (6) എന്നിവരുടെ വിക്കറ്റാണ് ദുനിത് നേടിയത്.
താരത്തിന് പുറകെ മതീഷ പതിരാന, ജെഫ്രി വാന്‍ഡര്‍സെയ് എന്നിവര്‍ രണ്ട് വിക്കറ്റും അസിത ഫെര്‍ണാണ്ടോ ഒരു വിക്കറ്റും നേടി മിന്നും പ്രകടനം കാഴ്ചവെച്ചു. ക്യാപ്റ്റന്‍ ചരിത് അസലങ്ക മൂന്ന് ഓവര്‍ എറിഞ്ഞ് വെറും രണ്ട് റണ്‍സ് വഴങ്ങി ഗംഭീര പ്രകടനവും നടത്തി. 0.67 എന്ന എക്കണോമിയിലാണ് താരം ബോള്‍ എറിഞ്ഞത്.
ഏകദിന പരമ്പരയില്‍ ഇന്ത്യക്കെതിരെ 30 വിക്കറ്റുകള്‍ ശ്രീലങ്ക സ്വന്തമാക്കിയപ്പോള്‍ അതില്‍ 27 വിക്കറ്റുകളും ശ്രീലങ്കയുടെ സ്പിന്നര്‍മാരാണ് വീഴ്ത്തിയത്. പരമ്പരയില്‍ ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍ വമ്പന്‍ ഭീഷണിയാണ് ഇന്ത്യക്ക് ഉയര്‍ത്തിയത്. ഇതോടെ ഒരു നാണംകെട്ട റെക്കോഡും ഇന്ത്യക്ക് നേടേണ്ടിവന്നിരിക്കുകയാണ്. ഒരു ഉഭയകക്ഷി ഏകദിന പരമ്പരയില്‍ ഇന്ത്യക്കെതിരെ സ്പിന്നര്‍മാര്‍ നേടിയ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ ആണിത്.
1996 പാകിസ്ഥാനോട് ഉള്ള പരമ്പരയില്‍ 19 വിക്കറ്റുകള്‍ സ്പിന്നര്‍മാര്‍ നേടിയിരുന്നു. ഇപ്പോള്‍ ഈ കണക്കാണ് ലങ്ക മറികടന്നത്. മൂന്നു മത്സരത്തിലും ഓള്‍ ഔട്ട് ആയ ഇന്ത്യക്ക് ഏകദിന പരമ്പര വളരെ മോശം റിസള്‍ട്ട് ആണ് നല്‍കിയത്.
ഒരു ഉഭയകക്ഷി ഏകദിന പരമ്പരയില്‍ ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന വിക്കറ്റും ഇതുതന്നെയാണ്. ജെഫ്രി വാന്‍ഡര്‍സെ, ദുനിത് വെല്ലാലഗെ, ക്യാപ്റ്റന്‍ ചരിത് അസലങ്ക എന്നിവര്‍ തകര്‍പ്പന്‍ പ്രകടനമാണ് പരമ്പരയില്‍ കാഴ്ചവെച്ചത്. ടീമിലെ പ്രധാന സ്പിന്‍ ബൗളര്‍ വാനിന്ദു ഹസരംഗ ഇല്ലായിരുന്നിട്ടും മിന്നും വിജയമാണ് ടീം സ്വന്തമാക്കിയത്.
ബാറ്റിങ്ങില്‍ ലങ്കയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍മാരായ അവിഷ്‌ക ഫെര്‍ണാണ്ടോയും പാതും നിസങ്കയും വണ്‍ഡൗണ്‍ ബാറ്റര്‍ കുശാല്‍ മെന്‍ഡിസുമാണ്. അവിഷ്‌ക ഫെര്‍ണാണ്ടോ 102 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 96 റണ്‍സും പാതും 45 റണ്‍സും കുശാല്‍ 59 റണ്‍സുമാണ് നേടിയത്. അവസാന ഘട്ടത്തില്‍ കമിന്ദു മെന്‍ഡിസ് പുറത്താകാതെ 23 റണ്‍സ് നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി.
Content Highlight: India In Unwanted Record Achievement Against Sri Lanka