| Wednesday, 10th May 2023, 4:59 pm

ലോകത്തിലെ 60 ശതമാനം മാതൃ-ശിശു മരണനിരക്ക് നടക്കുന്ന 10 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോകത്തിലെ 60 ശതമാനം മാതൃമരണവും (MATERNAL BIRTH) നവജാത ശിശു മരണവും സംഭവിക്കുന്ന പത്ത് രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. 51 ശതമാനം ജനനനിരക്ക് സംഭവിക്കുന്ന പട്ടികയിലും ഇന്ത്യയുണ്ട്. ‘ഇന്റര്‍നാഷണല്‍ മെറ്റേര്‍ണല്‍ ന്യൂബോര്‍ണ്‍ ഹെല്‍ത്ത് കോണ്‍ഫറന്‍സില്‍ (international maternal new born health conference-2023) ആണ് ലോകാരോഗ്യ സംഘടന, യൂണിസെഫ്, യു.എന്‍.എസ്.പി.എ എന്നീ സംഘടനകള്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

കണക്കുകള്‍ പ്രകാരം 2020-2021ല്‍ ലോകത്താകമാനം 0.29 മില്യണ്‍ മാതൃമരണവും 1.9 മില്യണ്‍ പ്രസവസമയത്തുള്ള മരണവും 2.3 മില്യണ്‍ നവജാത ശിശുമരണവും സംഭവിച്ചിട്ടുണ്ട്.

സഹാറന്‍ ആഫ്രിക്കയും മധ്യ-ദക്ഷിണേഷ്യയുമാണ് ഏറ്റവുമധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങള്‍.

2020ല്‍ ലോകത്തിലെ ആകെ 4.5 മില്യണ്‍ മരണത്തില്‍ 78,88,000 മരണങ്ങള്‍ ഇന്ത്യയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം ആഗോള തലത്തില്‍ നടക്കുന്ന ശിശുജനനനിരക്കില്‍ 17 ശതമാനവും ഇന്ത്യയിലാണ്.

സൗത്ത് ആഫ്രിക്കയിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. നവജാത ശിശു പ്രവര്‍ത്തന പദ്ധതിയുടെയും (ENAP), മാതൃമരണ നിരക്ക് അവസാനിപ്പിക്കുന്ന പദ്ധതിയുടെയും (EPMM) പ്രോഗ്രസ് റിപ്പോര്‍ട്ട് അനുസരിച്ച് ഗര്‍ഭിണികളുടെയും, അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യരംഗത്തെ അവസ്ഥ എട്ട് വര്‍ഷമായി മാറ്റമില്ലാതെ തുടരുകയാണ്.

‘ഗര്‍ഭിണികളുടെയും നവജാതശിശുക്കളുടെയും മരണം ലോകത്തെമ്പാടും വര്‍ധിച്ചുക്കൊണ്ടിരിക്കുന്നു. അവര്‍ക്ക് ആവശ്യമായ ആരോഗ്യപരിരക്ഷ നല്‍കുന്നതില്‍ കൊവിഡ് വൈറസും തിരിച്ചടിയായി.

ഇക്കാര്യത്തില്‍ മികച്ച റിസള്‍ട്ട് ഉണ്ടാകണമെങ്കില്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. പ്രാഥമിക ആരോഗ്യ പരിപാലനത്തില്‍ കൂടുതല്‍ മികച്ച നിക്ഷേപങ്ങള്‍ നടത്തേണ്ടതുണ്ട്,’ ലോകാരോഗ്യ സംഘടനയിലെ മാതൃ-ശിശു ഡയറക്ടര്‍ ഡോ. അന്‍ഷു ബാനര്‍ജി പറഞ്ഞു.

2000 മുതല്‍ മാതൃ-ശിശു മരണനിരക്ക് കുറഞ്ഞുവന്നിരുന്നുവെന്നും എന്നാല്‍ 2015ല്‍ വീണ്ടും മരണങ്ങള്‍ കൂടി വരികയായിരുന്നുവെന്നും ലോകാരോഗ്യ സംഘടനയിലെ മെറ്റേര്‍ണല്‍ ലീഡായ ഡോ. അല്ലിസിന്‍ മോറന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ 2030ഓടെ പുരോഗതി ഉണ്ടാകണമെങ്കില്‍ നല്ല നിലയില്‍ ഞങ്ങള്‍ കഠിനധ്വാനം ചെയ്യേണ്ടതുണ്ട്. അതിന് വേണ്ടി സ്ത്രീകള്‍ക്കും നവജാത ശിശുക്കള്‍ക്കും ഗുണമേന്മയുള്ള ഗര്‍ഭധാരണം, പ്രസവാനന്തര പരിചരണം എന്നിവയ്ക്കായി ജീവന്‍ രക്ഷാ ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്,’ അദ്ദേഹം പറഞ്ഞു.

നൈജീരിയ, പാകിസ്ഥാന്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, എത്യോപ്യ, ബംഗ്ലാദേശ്, ചൈന, എന്നീ രാജ്യങ്ങളാണ് മരണനിരക്കില്‍ മുന്‍പന്തിയിലുള്ള മറ്റ് രാജ്യങ്ങള്‍.

ലോകത്താകമാനം കൊവിഡ് 19 മഹാമാരിയുണ്ടാക്കിയ മാറ്റങ്ങള്‍, കാലാവസ്ഥ വ്യതിയാനം, മറ്റ് അത്യാഹിതങ്ങള്‍ എന്നിവ മാതൃ-ശിശു മരണനിരക്ക് വര്‍ദ്ധിക്കാനുള്ള കാരണങ്ങളായി റിപ്പോര്‍ട്ട് പറയുന്നു.

CONTENT HIGHLIGHT: India in the list of 10 countries where 60 percent of the world’s maternal and child mortality occurs; Report

We use cookies to give you the best possible experience. Learn more