പാകിസ്ഥാനെ വെട്ടി ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ
Sports News
പാകിസ്ഥാനെ വെട്ടി ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 14th July 2024, 9:51 pm

സിംബാബ്‌വേക്കെതിരെ ഹരാരെയില്‍ നടന്ന ടി-20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 40 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‌വേ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് 6 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിങ്ങില്‍ 18.3 ഓവറില്‍ 125 റണ്‍സിന് ഓള്‍ ഔട്ട ആവുകയായിരുന്നു. ഇതോടെ 5 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര 4-1ന് വിജയിക്കാനും ഇന്ത്യക്ക് സാധിച്ചിരിക്കുകയാണ്.

ഇതിന് പിന്നാലെ ഒരു വമ്പന്‍ നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. വിദേശത്ത് ഏറ്റവും കൂടുതല്‍ ടി-20ഐ മത്സരങ്ങളില്‍ വിജയം സ്വന്തമാക്കുന്ന ടീമാകാനാണ് ഇന്ത്യയ്ക്ക് സാധിച്ചത്. ഈ ലിസ്റ്റില്‍ ന്രത്തെ മുന്നില്‍ ഉള്ളത് പാകിസ്ഥാനായിരുന്നു.

വിദേശത്ത് ഏറ്റവും കൂടുതല്‍ ടി-20ഐ മത്സരങ്ങളില്‍ വിജയം സ്വന്തമാക്കുന്ന ടീം, മത്സരം, വിജയം

ഇന്ത്യ – 82 – 51*

പാകിസ്ഥാന്‍ – 95 – 50

ഓസ്‌ട്രേലിയ – 79 – 39

ന്യൂസിലാന്‍ഡ് – 74 – 37

മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചത്. മത്സരത്തിന്റെ തുടക്കത്തില്‍ വിക്കറ്റ് തകരുമ്പോള്‍ രാജസ്ഥാന്‍ റോയല്‍ കോമ്പോയില്‍ സഞ്ജു സാംസണും റിയാന്‍ പരാഗും ക്രീസിലെത്തി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 45 പന്തില്‍ നാല് സിക്‌സറും ഒരു ഫോറും അടക്കം 58 റണ്‍സ് നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.

ഇന്ത്യന്‍ ബൗളിങ് നിരയില്‍ മികച്ച പ്രകടനം കാഴ്ചവച്ചത് മുകേഷ് കുമാര്‍ ആണ്. 3.3 ഓവറില്‍ 22 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ ആണ് താരം സ്വന്തമാക്കിയത്. കുമാറിന് പുറമെ തുഷാര്‍ ദേഷ്പാണ്ഡെ, വാഷിങ്ടണ്‍ സുന്ദര്‍, അഭിഷേക് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടിയപ്പോള്‍ ശിവം ദുബെ രണ്ടു വിക്കറ്റുകളും സ്വന്തമാക്കി. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കാനും താരത്തിന് സാധിച്ചു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‌വെക്ക് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് ഡിയോണ്‍ മൈഴ്‌സാണ്. 32 പന്തില്‍ 34 റണ്‍സ് നേടിയാണ് താരം കളം വിട്ടത്. തണ്ടിവനാഷേ മരുമാനി 24 പന്തില്‍ 27 റണ്‍സ് നേടിയപ്പോള്‍ ഫറാസ് അക്രം 13 പന്തില്‍ 27 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു. സിംബാബ് വേയ്ക്ക് വേണ്ടി നാലുപേര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്.

ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് പ്രതീക്ഷിച്ച പോലെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. ആദ്യ ഓവറില്‍ തന്നെ യശസ്വി ജെയ്‌സ്വാള്‍ അഞ്ച് പന്തില്‍ 12 റണ്‍സ് നേടി പുറത്തായപ്പോള്‍ 14 റണ്‍സിന് അഭിഷേക് ശര്‍മയെ മൂന്നാം ഓവറില്‍ ബ്ലെസിങ് മുസരാബാനി പുറത്താക്കി. ശേഷം 13 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഗില്ലിനെ റിച്ചാര്‍ഡ് ഗരാവ റാസയുടെ കയ്യിലെത്തിച്ചു.

റിയാന്‍ പരാഗ് 24 പന്തില്‍ 22 റണ്‍സ് നേടി പുറത്തായപ്പോള്‍ സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനമാണ് കാണാന്‍ സാധിച്ചത്.

സഞ്ജുവിന് ശേഷം ഇറങ്ങിയ ശിവം ദുബെ 12 പന്തില്‍ രണ്ട് സിക്‌സും ഫോറും വീതം അടിച്ച് 26 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. റിങ്കു സിങ് ഒമ്പത് പന്തില്‍ 11 റണ്‍സും നേടി.

സിംബാബ്വേക്ക് വേണ്ടി ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ, റിച്ചാര്‍ഡ് ഗരാവ, ബ്രണ്ടന്‍ മവൂട്ട എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ബ്ലെസിങ് മുസാരബാനി രണ്ട് വിക്കറ്റുകള്‍ നേടി മികച്ച പ്രകടനം നടത്തി.

 

Content Highlight: India In Record Achievement In T20I