ന്യൂദല്‍ഹി: സ്ത്രീധന പീഡനം മൂലം 2012 നും 2014 നും ഇടയില്‍ രാജ്യത്ത് മരണപ്പെട്ടത് 25000 സ്ത്രീകള്‍. സ്ത്രീധന പീഡനം മൂലം കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്‌തോ ആണ് ഇത്രയും സ്ത്രീകള്‍ മരിച്ചത്. കേന്ദ്രമന്ത്രി മേനക ഗാന്ധി ലോകസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2012-2014 കാലയളവില്‍ 30,000 സ്ത്രീധന പീഡന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2012, 2013, 2014 കാലയളവില്‍ സ്ത്രീധനവുമായി ബന്ധപ്പെട്ട് 8233, 8083, 8455 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ വ്യക്തമാക്കുന്നു.
ഇതേ കാലയളവില്‍ സ്ത്രീധന നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 9038, 10709, 10050 എന്നിങ്ങനെയാണ്. സ്ത്രീധനത്തിനെ അഖിലേന്ത്യാ തലത്തില്‍ ബോധവത്കരണ പരിപാടികള്‍ നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവില്‍ നിരവധി ബോധവത്കരണ പരിപാടികള്‍ ഉണ്ടെങ്കിലും സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട കേസുകളില്‍ ക്രമാധീതമായ വര്‍ധനവുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.