ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന ഇന്ത്യ-സിംബാബ്‌വെ രണ്ടാം ടി-20 മത്സരത്തില്‍ ഇന്ത്യ 100 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 234 എന്ന പടുകൂറ്റന്‍ ടോട്ടലാണ് സിംബാബ്‌വെക്ക് മുന്നില്‍ ഉയര്‍ത്തിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ 18.4 ഓവറില്‍ 134 റണ്‍സിന് പുറത്താവുകയായിരുന്നു.
100 റണ്‍സിന്റെ വിജയത്തില്‍ ടി-20യിലെ വമ്പന്‍ ചരിത്രമാണ് ഇന്ത്യയ്ക്ക് തിരുത്താന്‍ സാധിച്ചത്. ടി-20 ഇന്റര്‍നാഷണലില്‍ ഏറ്റവും കൂടുതല്‍ 100+ റണ്‍സിന് വിജയിക്കുന്ന ടീമാകാനാണ് ഇന്ത്യയ്ക്ക് സാധിച്ചത്. പാകിസ്ഥാനും ഓസീസും അടക്കി വാണ റെക്കോഡ് പൊളിച്ചാണ് ഇന്ത്യ ഒന്നാമത് എത്തിയത്.
ടി-20 ഇന്റര്‍നാഷണലില്‍ ഏറ്റവും കൂടുതല്‍ 100+ റണ്‍സിന് വിജയിക്കുന്ന ടീം, വിജയത്തിന്റെ എണ്ണം
ഇന്ത്യ – 5*
പാകിസ്ഥാന്‍ – 4
ഓസ്‌ട്രേലിയ – 4
ഇംഗ്ലണ്ട് – 3
അഫ്ഗാനിസ്ഥാന്‍ – 3
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ നാല് പന്തില്‍ രണ്ട് റണ്‍സ് നേടി ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍ മടങ്ങിയപ്പോള്‍ എന്നാല്‍ പിന്നീട് അഭിഷേക് ശര്‍മയും റിതുരാജ് ഗെയ്ക്വാദും ചേര്‍ന്ന് ഇന്നിങ്സ് മുന്നോട്ട് നയിക്കുകയായിരുന്നു. അഭിഷേകിന്റെ വമ്പന്‍ പ്രകടനമാണ് ഇന്ത്യയെ മികച്ച സ്‌കോറില്‍ എത്തിച്ചത്. സെഞ്ച്വറി നേടിയാണ് താരം ഇന്റര്‍നാഷണല്‍ ടി-20യില്‍ വരവറിയിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് അഭിഷേക് ശര്‍മയുടെ ഹിറ്റിങ്.
47 പന്തില്‍ 100 റണ്‍സ് നേടികൊണ്ടായിരുന്നു അഭിഷേകിന്റെ മിന്നും പ്രകടനം. 212.77 സ്‌ട്രൈക്ക് റേറ്റില്‍ എട്ട് സിക്‌സുകളും ഏഴ് ഫോറുകളുമാണ് താരം നേടിയത്. ആദ്യ മത്സരത്തില്‍ നാല് പന്തില്‍ പൂജ്യം റണ്‍സ് നേടി മടങ്ങിയ താരം സെഞ്ച്വറിയിലൂടെ രണ്ടാം മത്സരത്തില്‍ ശക്തമായി തിരിച്ചുവരികയായിരുന്നു.
മത്സരത്തില്‍ ഗെയ്ക്വാദ് 47 പന്തില്‍ പുറത്താവാതെ 77 റണ്‍സും നേടി. 11 ഫോറുകളും ഒരു സിക്‌സുമാണ് താരം നേടിയത്. രണ്ട് ഫോറുകളും അഞ്ച് സിക്‌സുകളും ഉള്‍പ്പെടെ 22 പന്തില്‍ പുറത്താവാതെ 48 റണ്‍സ് നേടിയ റിങ്കു സിങ്ങും നിര്‍ണായകമായി.
ഇന്ത്യന്‍ ബൗളിങ്ങില്‍ ആവേശ് ഖാന്‍, മുകേഷ് കുമാര്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റും രവി ബിഷ്‌ണോയ് രണ്ട് വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ സിംബാബ്വെ തകര്‍ന്നടിയുകയായിരുന്നു. ജൂലൈ പത്തിനാണ് പരമ്പരയിലെ മൂന്നാം മത്സരം. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബാണ് വേദി.
Content Highlight: India In Great Record Achievement In T-20I