'ഇന്ത്യയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി'; നിര്‍മലാ സീതാരാമന്റെ വാദം തള്ളി ഐ.എം.എഫ് റിപ്പോര്‍ട്ട്
Economic Crisis
'ഇന്ത്യയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി'; നിര്‍മലാ സീതാരാമന്റെ വാദം തള്ളി ഐ.എം.എഫ് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th December 2019, 10:30 am

യുണൈറ്റഡ് നാഷന്‍സ്: ഇന്ത്യയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് അന്താരാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്). കാതലായ നയവ്യതിയാനം അനിവാര്യമെന്നും ഐ.എം.എഫിന്റെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തു സാമ്പത്തികമാന്ദ്യം ഇല്ലെന്ന കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ വാദഗതികളെ തള്ളുന്നതാണ് ഐ.എം.എഫ് റിപ്പോര്‍ട്ട്.

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ് ശക്തിയായിരുന്നു ഇന്ത്യയെന്നും എന്നാല്‍ ഇപ്പോള്‍ സ്ഥിതി അതല്ലെന്നും അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ഐ.എം.എഫിന്റെ ഇന്ത്യയിലെ പ്രതിനിധി റനില്‍ സല്‍ഗാദോ വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇപ്പോഴത്തെ സര്‍ക്കാരിനു വലിയൊരു ഭൂരിപക്ഷമുണ്ട്. ഈ ഭൂരിപക്ഷത്തെ കൃത്യമായ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ക്ക് ഉപയോഗിക്കണമെന്നാണ് പ്രതിനിധി പറയുന്നത്. ഇത്തരം നടപടികള്‍ നടപ്പാക്കുമ്പോള്‍ കേന്ദ്രം കുറച്ചുകൂടി ആത്മവിശ്വാസം കാണിക്കണമെന്നും അതില്‍ സുതാര്യത വേണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഉടന്‍ ഈ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നതില്‍ ഐ.എം.എഫിനു വിശ്വാസമില്ലെന്നും പ്രതിനിധി പറയുന്നു. കാരണം, ഡിസംബറിലും കാര്യമായ മാറ്റമൊന്നുമുണ്ടായിട്ടില്ല. ഔദ്യോഗിക മേഖലയിലും സ്ത്രീകള്‍ക്കുള്ള തൊഴിലിലും മാറ്റമുണ്ടായിട്ടില്ല. ഗ്രാമീണ മേഖലയില്‍ വരെ ഇതു കാണാന്‍ സാധിക്കുന്നുണ്ടെന്നും ഐ.എം.എഫ് പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജി.എസ്.ടി നടപ്പാക്കിയതില്‍ ചില പ്രശ്‌നങ്ങളുണ്ടായെന്നും എന്‍.ബി.എഫ്.സികള്‍ വായ്പകള്‍ നല്‍കുന്നതില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും റനില്‍ ചൂണ്ടിക്കാട്ടിയതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. നികുതി വരുമാനം കുത്തനെ ഇടിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.