ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരം സിഡ്‌നിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മത്സരങ്ങളിലെ മോശം പ്രകടനം കാരണം ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഒഴിവാക്കി ഇന്ത്യ പ്ലെയിങ് ഇലവന്‍ പുറത്ത് വിട്ടത് ഏവരേയും അമ്പരപ്പിച്ചിരുന്നു. ഇതോടെ സാറ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ ഇറങ്ങിയത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ് ഇപ്പോള്‍ സംഭവിച്ചത്. നിലവില്‍ 35 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സാണ് ഇന്ത്യ നേടിയത്. ഇന്ത്യന്‍ സ്‌കോര്‍ 11 റണ്‍സിലാണ് ഓസീസ് ഇന്ത്യയുടെ ആദ്യ ചോര വീഴ്ത്തിയത്.
ഓപ്പണര്‍ കെ.എല്‍. രാഹുലിനെ നാല് റണ്‍സില്‍ കുരുക്കിയാണ് ഓസീസ് തുടങ്ങിയത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ സാം കോണ്‍സ്റ്റസിന്റെ കയ്യിലാകുകയായിരുന്നു രാഹുല്‍. പിന്നീട് സ്റ്റാര്‍ ബാറ്റര്‍ യശസ്വി ജെയ്‌സ്വാള്‍ 10 റണ്‍സിനും പുറത്തായതോടെ ടോപ്പ് ഓര്‍ഡര്‍ സമ്മര്‍ദത്തിലേക്ക് നീങ്ങുകയായിരുന്നു. സ്‌കോട്ട് ബോളണ്ട് ബ്യൂ വെബ്സ്റ്ററിന്റെ കയ്യില്‍ എത്തിച്ചാണ് താരത്തെ പുറത്താക്കിയത്.
രോഹിത്തിന് പകരം മൂന്നാമനായി ഇറങ്ങിയ ശുഭ്മന്‍ ഗില്‍ 64 പന്ത് കളിച്ച് 20 റണ്‍സിനും കൂടാരം കയറി. സ്മിത്തിന്റെ കയ്യില്‍ എത്തിച്ച് നഥാന്‍ ലിയോണാണ് ഗില്ലിനെ വീഴ്ത്തിയത്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിരാട് കോഹ്‌ലിക്കും ടീമിനെ രക്ഷിക്കാന്‍ സാധിച്ചില്ല. 69 പന്തില്‍ നിന്ന് 17 റണ്‍സ് ആണ് താരം നേടിയത്. സ്‌കോട്ട് ബോളണ്ട് ബ്യൂ വെബ്സ്റ്ററിന്റെ കയ്യില്‍ എത്തിച്ചാണ് കോഹ്‌ലിയെ പുറത്താക്കിയത്.
നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ഋഷബ് പന്ത് 10 റണ്‍സും രവീന്ദ്ര ജഡേജ മൂന്ന് റണ്‍സുമായും ക്രീസില്‍ തുടരുകയാണ്. ഇനി വിക്കറ്റ് വിട്ടുകൊടുക്കാതെ ഇരുവരും ക്രീസില്‍ നിലയുറപ്പിച്ചാല്‍ ഇന്ത്യ വലിയ സ്‌കോറിലേക്ക് നീങ്ങും. അല്ലാത്തപക്ഷം കങ്കാരുകളുടെ പേസ് ആക്രമത്തില്‍ കുടുങ്ങി നിര്‍ണായക മത്സരത്തില്‍ തോല്‍വിയിലേക്ക് എത്തിച്ചേരാനുള്ള സാധ്യതയും കൂടും.
Content Highlight: India In Big Setback In Final Test Against Australia