Sports News
ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; ലങ്കന്‍ അറ്റാക്കില്‍ ചാമ്പലായി രോഹിത്തിന്റെ പടയാളികള്‍!
സ്പോര്‍ട്സ് ഡെസ്‌ക്
2024 Aug 07, 02:07 pm
Wednesday, 7th August 2024, 7:37 pm

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സാണ് നേടിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. തുടക്കത്തില്‍ തന്നെ ഇന്ത്യയുടെ ശക്തമായ ടോപ്പ് ഓര്‍ഡര്‍ തകര്‍ന്നിരിക്കുകയാണ്. ആറ് വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

നാലാം ഓവറില്‍ വൈസ് ക്യാപ്റ്റന്‍ ഗില്ലിനെ അസിത ഫെര്‍ണാണ്ടോ ആറ് റണ്‍സിന് പുറത്താക്കിയായിരുന്നു തുടക്കം. പിന്നീട് മിന്നും പ്രകടനം കാഴ്ച വെച്ച ക്യാപ്റ്റന്‍ രോഹിത്തിനെ 35 റണ്‍സിന് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു. ദുനിത് വെല്ലാലഗെയുടെ പന്തില്‍ കീപ്പര്‍ ക്യാച്ചായാണ് രോഹിത് കളം വിട്ടത്. ആദ്യ രണ്ട് മത്സരത്തിന് ശേഷം തിരിച്ചെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തും വന്‍ പരാജയമായി.

ആറ് റണ്‍സിന് മഹീഷ തീക്ഷണയ്ക്ക് പിടികൊടുത്താണ് താരം മടങ്ങിയത്. ഏറെ പ്രതീക്ഷ ഉണ്ടായിട്ടും ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയും ഇന്ത്യയെ ചതിച്ചു. 18 പന്തില്‍ 20 റണ്‍സ് നേടിയപ്പോള്‍ ദുനിത്ത് ആണ് താരത്തെ പുറത്താക്കിയത്. പിന്നാലെ അക്‌സര്‍ പട്ടേലിനേയും ശ്രേയസ് അയ്യരേയും രണ്ടക്കം കാണിക്കാതെ ദുനിത് തന്റെ വേട്ട തുടരുകയായിരുന്നു.

നാല് വിക്കറ്റുകളാണ് ദുനിത് നേടിയത്. നിലവില്‍ മത്സരം പുരോഗമിക്കുമ്പോള്‍ 13 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സാണ് ഇന്ത്യ നേടിയത്.അരങ്ങേറ്റക്കാരന്‍ റിയാന്‍ പരാഗ് 10 റണ്‍സും ശിവം ദുബെ അഞ്ച് റണ്‍സും നേടി ക്രീസില്‍ തുടരുകയാണ്.

ബാറ്റിങ്ങില്‍ ലങ്കയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍മാരായ അവിഷ്‌ക ഫെര്‍ണാണ്ടോയും പാതും നിസങ്കയും വണ്‍ഡൗണ്‍ ബാറ്റര്‍ കുശാല്‍ മെന്‍ഡിസുമാണ്. അവിഷ്‌ക ഫെര്‍ണാണ്ടോ 102 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 96 റണ്‍സും പാതും 45 റണ്‍സും കുശാല്‍ 59 റണ്‍സുമാണ് നേടിയത്. അവസാന ഘട്ടത്തില്‍ കമിന്ദു മെന്‍ഡിസ് പുറത്താകാതെ 23 റണ്‍സ് നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി.

ഇന്ത്യയ്ക്ക് വേണ്ടി ബൗളിങ്ങില്‍ മിന്നും പ്രകടനം കാഴ്ചവെച്ചത് അരങ്ങേറ്റക്കാരന്‍ റിയാന്‍ പരാഗിനാണ്. അവിഷ്‌കയെ പുറത്താക്കി തന്റെ കന്നി വിക്കറ്റ് നേടി തുടര്‍ന്ന് ക്യാപ്റ്റന്‍ ചരിത് അസലങ്കയേയും ദുനിത് വെല്ലാലഗെയും പുറത്താക്കി നിര്‍ണായക പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഒമ്പത് ഓവറില്‍ 54 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. പരാഗിന് പുറമെ മുഹമ്മദ് സിറാജ്, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ലങ്കയ്‌ക്കെതിരെയുള്ള ആദ്യ ഏകദിനം സമനിലയില്‍ കലാശിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ 32 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. അവസാന മത്സരത്തില്‍ വിജയം സ്വന്തമാക്കി പരമ്പര സമനിലയിലാക്കാനാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്.

 

Content Highlight: India In Big Setback At Last ODI Against Sri Lanka