ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സ് നേടി ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്ത ബംഗ്ലാദേശ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സ് നേടിയപ്പോള്‍ രണ്ടാം മത്സരത്തിലെ നാലാം ദിനം അവസാനിക്കുകയായിരുന്നു.
ഓപ്പണര്‍ സാക്കിര്‍ ഹസനെ 10 റണ്‍സിനും വണ്‍ ഡൗണ്‍ ബാറ്റര്‍ ഹസന്‍ മഹ്‌മൂദിനെ നാല് റണ്‍സിനും പറഞ്ഞയച്ച് ആര്‍. അശ്വിനാണ് വിക്കറ്റ് നേടിയത്. നിലവില്‍ ബംഗ്ലാദേശിന് വേണ്ടി ഷദ്മാന്‍ ഇസ്ലാം ഏഴ് റണ്‍സും മൊമീനുല്‍ ഹഖ് നാല് റണ്‍സുമായും ക്രീസില്‍ ഉണ്ട്.
ആദ്യ ഓവര്‍ മുതല്‍ക്കുതന്നെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ പുറത്തെടുത്തത്. ഇന്നിങ്‌സിന്റെ അവസാനം വരെ താരങ്ങള്‍ക്ക് ഇടിവെട്ട് പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നു. 11 സിക്‌സറുകളാണ് ഇന്ത്യന്‍ താരങ്ങള്‍ ആദ്യ ഇന്നിങ്‌സില്‍ നേടിയത്.
ഇതോടെ 2024 ടെസ്റ്റ് ക്രിക്കറ്റിലെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയാണ്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മൊത്തം 96 റണ്‍സ് നേടി റെക്കോഡ് നേടാനാണ് ഹിറ്റ്മാന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിന് സാധിച്ചത്. ഇതിന് മുമ്പ് 2022ല്‍ ഇംഗ്ലണ്ട് നേടിയ റെക്കോഡ് മറികടക്കാനാണ് ഇന്ത്യയ്ക്ക് സാധിച്ചത്.
ഈ വമ്പന്‍ നേട്ടത്തിന് പുറമെ ഇന്ത്യ ബംഗ്ലാദേശിനെതിരെയുള്ള തങ്ങളുടെ ആദ്യ ഇന്നിങ്‌സില്‍ നിന്ന് ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ച് തകര്‍പ്പന്‍ റെക്കോഡും നേടിയിരുന്നു. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 50, 100, 150, 200, 250 എന്നിങ്ങനെ സ്‌കോര്‍ നേടുന്ന ടീമാകാനാണ് ഇന്ത്യയ്ക്ക് സാധിച്ചത്. മൂന്ന് ഓവറില്‍ ഇന്ത്യ 50 റണ്‍സ് പൂര്‍ത്തിയാക്കിയപ്പോള്‍ 10.1 ഓവറില്‍ 100 റണ്‍സും 18.2 ഓവറില്‍ 150 റണ്‍സും 24.2 ഓവറില്‍ 200 റണ്‍സും 30.1 ഓവറില്‍ 250 റണ്‍സും അടിച്ചെടുത്തു.
Content Highlight: India In Big Record Achievement In 2024 Test Cricket