| Thursday, 30th December 2021, 11:47 pm

കൂറ്റന്‍ ജയത്തിന് പിന്നാലെ നിരാശ; നേട്ടമുണ്ടാക്കാനാവാതെ ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

ദക്ഷിണാഫ്രിക്കയെ അവരുടെ മണ്ണില്‍ വെച്ചുതന്നെ മുട്ടു കുത്തിച്ചതിന്റെ ആവേശത്തിലാണ് ടീം ഇന്ത്യ. ചരിത്രത്തിലാദ്യമായി സെഞ്ചൂറിയന്‍ കീഴടക്കുന്ന ആദ്യ ഏഷ്യന്‍ ടീം എന്ന നേട്ടവും സ്വന്തമാക്കിയാണ് കോഹ്‌ലിയും പിള്ളേരും ആദ്യ ടെസ്റ്റിന് ശേഷം കളം വിട്ടത്.

113 റണ്‍സിനാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയുടെ ഭാഗ്യവേദിയില്‍ നിഷ്പ്രഭമാക്കിയത്. ബൗളര്‍മാരുടെ മികവിലാണ് ഇന്ത്യ ആതിഥേയരെ എറിഞ്ഞിട്ടത്.

ഐ.സി.സിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം സീസണില്‍, ഇന്ത്യയുടെ മൂന്നാം പരമ്പര ജയത്തോടെ തുടങ്ങാനായി എന്നാതാണ് ഈ വിജയത്തിന് മധുരമേറാന്‍ കാരണവും. നിലവിലെ ലോക ടെസ്റ്റ് ചാംപ്യന്‍മാരായ ന്യൂസിലാന്റിനോടും ഓസ്‌ട്രേലിയയോടുമായിരുന്നു ഇന്ത്യയുടെ കഴിഞ്ഞ പരമ്പരകള്‍.

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിന് ശേഷം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പട്ടിക പുറത്തു വിട്ടിരിക്കുയാണ് ഐ.സി.സി. എന്നാല്‍ ഇന്ത്യയ്ക്ക് സന്തോഷിക്കാനുള്ള വക പട്ടികയിലില്ല.

64.28 ശതമാനത്തോടെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ലഭിക്കുന്ന പോയിന്റുകള്‍ക്ക് പകരം വിജയശതമാനം മാത്രം കണക്കാക്കുന്ന ഐ.സി.സിയുടെ മാനദണ്ഡമാണ് ഇന്ത്യയ്ക്ക് വിനയായത്. ഏഴു ടെസ്റ്റുകളില്‍ നിന്നും നാല് വിജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമടക്കം 54 പോയിന്റുകളാണ് ഇന്ത്യയ്ക്കുള്ളത്.

കളിച്ച എല്ലാ ടെസ്റ്റിലും ജയിച്ച് നൂറ് ശതമാനം ശരാശരിയോടെ ഓസീസാണ് പട്ടികയില്‍ ഒന്നാമത്. ആഷസില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ ലാന്‍ഡ്‌സ്ലൈഡ് വിജയത്തിന് പിന്നാലെയാണ് ഒസീസ് സ്ഥാനം നിലനിര്‍ത്തിയത്. 36 പോയിന്റുകളാണ് ഓസീസിനുള്ളത്.

കളിച്ച രണ്ട് ടെസ്റ്റിലും ജയിച്ച് നൂറ് ശരാശരിയോടെ ശ്രീലങ്കയാണ് രണ്ടാമത്. ഓസീസിനെക്കാള്‍ ഒരു ടെസ്റ്റ് കുറവ് കളിച്ചതിനാലാണ് അവര്‍ പട്ടികയില്‍ രണ്ടാമതെത്തിയത്. 2 ടെസ്റ്റില്‍ നിന്നും 24 പോയിന്റുകളാണ് ശ്രീലങ്ക സ്വന്തമാക്കിയത്.

75 ശതമാനം വിജയത്തോടെ പാകിസ്ഥാനാണ് പട്ടികയില്‍ മൂന്നാമത്. കളിച്ച നാല് ടെസ്റ്റില്‍ മൂന്നിലും ജയിക്കുകയും ഒന്നില്‍ തോല്‍ക്കുകയുമായിരുന്നു. 36 പോയിന്റുകളാണ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ പാക് പടയുടെ സമ്പാദ്യം.

ഇന്ത്യയ്ക്ക് പിന്നാലെ വെസ്റ്റ് ഇന്‍ഡീസ് (25%), ന്യൂസിലാന്റ് (16%), ഇംഗ്ലണ്ട് (7.14%), ദക്ഷിണാഫ്രിക്ക (0%), ബംഗ്ലാദേശ് (0%) എന്നവരാണ് പട്ടികയിലെ മറ്റ് സ്ഥാനക്കാര്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: India in 4th position in World Test Championship point table after the victory against South Africa

We use cookies to give you the best possible experience. Learn more