ലോക്ഡൗണ്‍ കര്‍ശനമാക്കിയതില്‍ ഇന്ത്യ മുന്നില്‍, പക്ഷേ, പരിശോധനയില്‍ പിന്നില്‍; ഫലം രണ്ടാഴ്ചയ്ക്കുള്ളിലെന്ന് ഓക്‌സ്‌ഫേര്‍ഡിലെ ഗവേഷകര്‍
COVID-19
ലോക്ഡൗണ്‍ കര്‍ശനമാക്കിയതില്‍ ഇന്ത്യ മുന്നില്‍, പക്ഷേ, പരിശോധനയില്‍ പിന്നില്‍; ഫലം രണ്ടാഴ്ചയ്ക്കുള്ളിലെന്ന് ഓക്‌സ്‌ഫേര്‍ഡിലെ ഗവേഷകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th April 2020, 11:32 pm

ന്യൂദല്‍ഹി: കൊവിഡ് വ്യാപനത്തെ തടയാന്‍ ലോകത്ത് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയ രാജ്യങ്ങളില്‍ ഇന്ത്യ മുന്‍നിരയിലെന്ന് റിപ്പോര്‍ട്ട്. 73 രാജ്യങ്ങളിലെ ലോക്ഡൗണുകളെ വിലയിരുത്തി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ബ്ലാവന്റിക് സ്‌കൂള്‍ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ് കോവിഡ് 19 എന്ന ട്രാക്കറിന്റെ സഹായത്തോടെയായിരുന്നു പഠനം.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തി തയ്യാറാക്കിയിട്ടുള്ള ഇന്‍ഡക്‌സ് അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് ഇവര്‍ നിരീക്ഷിച്ചത്. അതേസമയം, കൊവിഡിനെ പ്രതിരോധിക്കാന്‍ ലോക്ഡൗണുകൊണ്ട് മാത്രം സാധിക്കില്ലെന്നും അതോടൊപ്പം വൈറസ് പരിശോധനയും വിപുലീകരിക്കണമെന്നും പഠനം വിലയിരുത്തുന്നു.

ഇസ്രഈല്‍, ന്യൂസിലാന്റ്, ദക്ഷിണാഫ്രിക്ക എന്നിവയാണ് ഇന്ത്യയ്‌ക്കൊപ്പം മികച്ച ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുള്ളത്. വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ ഓക്‌സ്‌ഫോര്‍ഡ് ഗവേഷകര്‍ മുന്നോട്ടുവെച്ച എല്ലാ നടപടികളും തന്നെ ഈ രാജ്യങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.

സ്‌കൂള്‍ പൂര്‍ണമായും അടയ്ക്കല്‍, അതിര്‍ത്തി അടയ്ക്കല്‍, യാത്രാ നിരോധനം തുടങ്ങിയ കടുത്ത നടപടികളാണ് ഇന്ത്യയിലുള്ളത്. എന്നാല്‍, വ്യാപകമായ പരിശോധന നടത്താത്തതാണ് ഇന്ത്യ നേരിടുന്ന വെല്ലുവിളിയെന്നും ഗവേഷകര്‍ വ്യക്തമാക്കി.

ലോക്ഡൗണ്‍ നടപ്പിലാക്കാത്ത രാജ്യങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടക്കുന്നുണ്ട്. ആളുകളെ വ്യാപകമായി പരിശോധിക്കുന്നതാണ് അവിടങ്ങളിലെ നേട്ടമെന്നും ഇന്ത്യ ഇതുവരെ ആ രീതിയില്‍ ഉയര്‍ന്നിച്ചിട്ടില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ നിരീക്ഷണത്തിലുള്ളവരെ മാത്രമേ പരിശോധിക്കുന്നുള്ളൂ എന്നത് പോരായ്മയാണെന്നും അവര്‍ വ്യക്തമാക്കി.

പദ്ധതി ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ഇടയിലെ കാലത്താമസവും രാജ്യത്തുണ്ടെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടേ ഉള്ളു. ഇപ്പോള്‍ അതിന്റെ ഫലത്തെക്കുറിച്ച് പൂര്‍ണമായും വിലയിരുത്താനാവില്ലെന്നും അവര്‍ പറഞ്ഞു. അടുത്ത രണ്ടാഴ്ച കൊണ്ടേ മാറ്റം വ്യക്തമാകൂ എന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ