[]ന്യൂദല്‍ഹി: ഇന്ത്യ ആദ്യമായി ലോകകപ്പ് ഫുട്‌ബോളിന് ആതിഥ്യമരുളുന്നു. 2017ലെ 17 വയസിന് താഴെയുള്ളവരുടെ ഫുട്‌ബോള്‍ ലോകകപ്പ് ഇന്തയില്‍ നടക്കും. ബ്രസീലില്‍ നടന്ന ഫിഫ നിര്‍വ്വാഹക സമിതിയിലാണ് ലോകകപ്പ് ഇന്ത്യക്കനുവദിച്ച തീരുമാനമുണ്ടായത്.
ഇക്കാര്യം ഫിഫ പ്രസിഡണ്ട് സെപ് ബ്ലാറ്റര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യയടക്കം നാല് രാജ്യങ്ങളാണ് ലോകകപ്പ് വേദിയ്ക്കായി മത്സരരംഗത്തുണ്ടായിരുന്നത്.
ദക്ഷിണാഫ്രിക്ക, ഉസ്‌ബെക്കിസ്താന്‍, അസര്‍ബെജാന്‍ എന്നിവയായിരുന്നു ഇന്ത്യയെക്കൂടാതെയുള്ള മറ്റ് മൂന്ന് രാജ്യങ്ങള്‍. ഫിഫ അന്തിമതീരുമാനം പ്രഖ്യാപിച്ചപ്പോള്‍ മറ്റ് മൂന്ന് രാജ്യങ്ങളെ പിന്തള്ളി ഇന്ത്യയെ വേദിയായി തിരഞ്ഞെടുക്കുകയായിരുന്നു.
ഇന്ത്യക്ക് മത്സരം അനുവദിച്ചതോടെ കൊച്ചിയിലും മത്സരം നടക്കാന്‍ സാധ്യതയുണ്ട്. എട്ട് നഗരങ്ങളിലായി ലോകകപ്പ് നടത്താനാണ് പദ്ധതി. ഇതിന് പരിഗണിക്കപ്പെടുന്ന വേദികളില്‍ കൊച്ചിയുമുണ്ട്.
ന്യൂദല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു, മഡ്ഗാവ്, പൂനെ, ഗുവഹാത്തി എന്നീ നഗരങ്ങളാണ് കൊച്ചിയെ കൂടാതെ വേദിക്കായി പരിഗണനയിലുള്ളത്.
ഇതാദ്യമായാണ് ഫുട്‌ബോളിലെ ഒരു പ്രധാന ടൂര്‍ണ്ണമെന്റിന് ഇന്ത്യ ആതിഥ്യം വഹിക്കുന്നത്. ഇതോടെ ഇന്ത്യക്ക് മറ്റൊരു നേട്ടം കൂടി കൈവന്നിരിക്കുകയാണ്.
ആതിഥേയ രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യന്‍ ടീമിന് ടൂര്‍ണ്ണമെന്റില്‍ നേരിട്ട് യോഗ്യത ലഭിക്കും. ഇന്ത്യന്‍ ഫുട്‌ബോളിനെ സംബന്ധിച്ചിടത്തോളം ഒരു ചരിത്ര മുഹൂര്‍ത്തമായിരിക്കും അത്.