ദോഹ: താലിബാനുമായി ദോഹയില്‍ വെച്ച് ചര്‍ച്ച നടത്തി ഇന്ത്യ. ദോഹയിലെ ഇന്ത്യന്‍ എംബസിയിലായിരുന്നു ചര്‍ച്ച. താലിബാന്റെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നു ചര്‍ച്ച നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഖത്തറിലെ ഇന്ത്യന്‍ പ്രതിനിധി ദീപക് മീത്തല്‍ താലിബാന്‍ പൊളിറ്റിക്കല്‍ ഓഫീസ് മേധാവി ഷേര്‍ മുഹമ്മദ് അബ്ബാസുമായിട്ടാണ് ചര്‍ച്ച നടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പത്രക്കുറിപ്പില്‍ പറഞ്ഞു.
അഫ്ഗാന്‍ പ്രദേശങ്ങള്‍ ഭീകരര്‍ ഉപയോഗിക്കുന്നതില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. അതേസമയം ഈ പ്രശ്‌നങ്ങള്‍ ക്രിയാത്മകമായി പരിശോധിക്കുമെന്ന് ഷേര്‍ മുഹമ്മദ് അബ്ബാസ് ഉറപ്പുനല്‍കി.
അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ, അവരെ തിരിച്ചെത്തിക്കുന്നത് തുടങ്ങിയവ ചര്‍ച്ചയുടെ ഭാഗമായതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
അഫ്ഗാനിസ്ഥാന്റെ മണ്ണ് ഇന്ത്യന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഭീകരവാദത്തിനും ഒരു തരത്തിലും ഉപയോഗിക്കരുതെന്ന് ദീപക് മീത്തല്‍ ഷേര്‍ മുഹമ്മദ് അബ്ബാസിനോട് ആവശ്യപ്പെട്ടു.
മുമ്പ് അഫ്ഗാനിലെ ഭരണകൂടവുമായി ഇന്ത്യ അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. രാജ്യത്തെ മാറ്റങ്ങളിലും താലിബാന്റെ സ്ഥാനാരോഹണത്തിലും ‘കാത്തിരുന്ന് കാണുക’ എന്ന സമീപനമായിരുന്നു ഇന്ത്യ സ്വീകരിച്ചിരുന്നത്.
സേനാബലം ഉപയോഗിച്ചും ആക്രമണങ്ങളിലൂടെയും അഫ്ഗാനില്‍ അധികാരത്തിലെത്തുന്ന ഒരു ഭരണസംവിധാനത്തെയും അംഗീകരിക്കില്ലെന്ന നിലപാടായിരുന്നു ഇന്ത്യ മുന്‍പ് സ്വീകരിച്ചിരുന്നത്.
കച്ചവടത്തിലും നിക്ഷേപത്തിലും അഫ്ഗാനിസ്ഥാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒന്നാണ് ഇന്ത്യ. ഇക്കഴിഞ്ഞ ആഗസ്റ്റ് 15, 16 തിയതികളിലായാണ് അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തതായി താലിബാന്‍ പ്രഖ്യാപിച്ചത്. രാജ്യം കീഴടക്കിയതോടെ അഫ്ഗാനിസ്ഥാന്റെ പേരും താലിബാന്‍ മാറ്റി. ഇസ്‌ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാന്‍ എന്നാണ് പുതിയ പേര്.
20 വര്‍ഷത്തിന് ശേഷം അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്നും പിന്‍വാങ്ങാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് താലിബാന്‍ ആക്രമണം ശക്തമാക്കിയത്. കുറഞ്ഞ ദിവസങ്ങള്‍ക്കൊണ്ടാണ് താലിബാന്‍ അഫ്ഗാന്‍ സൈന്യത്തെ തോല്‍പ്പിച്ചുകൊണ്ട് രാജ്യം പിടിച്ചടക്കിയത്.