| Sunday, 19th February 2023, 8:34 am

ടി-20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മോശം റെക്കോഡ്; നാണംകെട്ട് ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി വനിതാ ടി-20 ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടിരുന്നു. 11 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മികച്ച തുടക്കമായിരുന്നില്ല ഇംഗ്ലണ്ടിന് ലഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ ഒറ്റ റണ്‍സ് മാത്രം കൂട്ടിച്ചേര്‍ക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിന് പത്ത് റണ്‍സ് ആയപ്പോഴേക്കും രണ്ടാം വിക്കറ്റും നഷ്ടമായി.

വണ്‍ ഡൗണ്‍ ബാറ്റര്‍ ആലീസ് കാപ്‌സി മൂന്ന് റണ്‍സിന് പുറത്തായെങ്കിലും മറുവശത്ത് നാറ്റ് സ്‌കിവര്‍ ബ്രണ്ട് ആഞ്ഞടിച്ചുകൊണ്ടിരുന്നു.

42 പന്തില്‍ നിന്നും 50 റണ്‍സെടുത്താണ് താരം പുറത്തായത്. ബ്രണ്ടിന്റെ അര്‍ധ സെഞ്ച്വറിക്ക് പുറമെ എമി ജോണ്‍സിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനവും ഇംഗ്ലണ്ടിനെ തുണച്ചു. ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റ് 23 പന്തില്‍ നിന്നും 28 റണ്‍സ് നേടി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 151 റണ്‍സ് നേടി. ഇംഗ്ലണ്ടിന്റെ എണ്ണം പറഞ്ഞ അഞ്ച് വിക്കറ്റുകള്‍ പിഴുതെടുത്ത രേണുക സിങ്ങാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് നാലാം ഓവറില്‍ ഷെഫാലി വര്‍മയെ നഷ്ടമായിരുന്നു. 11 പന്തില്‍ നിന്നും എട്ട് റണ്‍സ് നേടിയാണ് താരം പുറത്തായത്. പിന്നാലെ ജെമീമ റോഡ്രിഗസ് 12ഉം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ നാല് റണ്‍സിനും പുറത്തായി.

എന്നാല്‍ ഓപ്പണര്‍ സ്മൃതി മന്ദാന ഒരു വശത്ത് പാറപോലെ ഉറച്ചുനിന്നു. 41 പന്തില്‍ നിന്നും ഏഴ് ബൗണ്ടറിയും ഒരു സിക്‌സറുമുള്‍പ്പെടെ 52 റണ്‍സാണ് താരം സ്വന്തമാക്കിയത്.

മന്ദാനക്ക് പുറമെ യുവതാരം റിച്ച ഘോഷും ആഞ്ഞടിച്ചു. നാല് ബൗണ്ടറിയും രണ്ട് സിക്‌സറുമുള്‍പ്പെടെ 34 പന്തില്‍ നിന്നും പുറത്താവാതെ 47 റണ്‍സ് റിച്ച നേടി.

എന്നാല്‍ ഈ പ്രകടനമൊന്നും ഇന്ത്യയെ തോല്‍വിയില്‍ നിന്നും രക്ഷിക്കാന്‍ പോന്നതായിരുന്നില്ല. നിശ്ചിത ഓവറില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് നേടി ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ഇതോടെ ഒരു മോശം റെക്കോഡും ഇന്ത്യയെ തേടിയെത്തി. ടി-20 ലേകകപ്പിന്റെ ചരിത്രത്തില്‍ ഒരു ടീമിനോട് ഏറ്റവുമധികം തവണ തോല്‍ക്കേണ്ടി വന്നതിന്റെ മോശം റെക്കോഡാണ് ഇന്ത്യയുടെ പേരില്‍ കുറിക്കപ്പെട്ടത്.

ടി-20 ലോകകപ്പില്‍ ഇംഗ്ലണ്ടിനോട് ഇന്ത്യ ഇത് ആറാം തവണയാണ് തോല്‍ക്കുന്നത്. ഓസ്‌ട്രേലിയക്കെതിരെ സൗത്ത് ആഫ്രിക്കയുടെ അഞ്ച് തോല്‍വിയുടെ റെക്കോഡാണ് ഇന്ത്യ മറികടന്നത്.

ഇന്ത്യക്കെതിരായ വിജയത്തിന് പിന്നാലെ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതെത്താനും ഇംഗ്ലണ്ടിനായി. കളിച്ച മൂന്ന് കളിയില്‍ മൂന്നിലും ജയിച്ച് ആറ് പോയിന്റോടെയാണ് ഇംഗ്ലണ്ട് ഒന്നാമതെത്തി നില്‍ക്കുന്നത്.

മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് ജയവുമായി ഇന്ത്യ രണ്ടാം സ്ഥാനത്തും രണ്ട് മത്സരത്തില്‍ നിന്നും ഒരു ജയവും ഒരു തോല്‍വിയുമായി പാകിസ്ഥാന്‍ മൂന്നാം സ്ഥാനത്തുമാണ്.

ഫെബ്രുവരി 20നാണ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അവസാന മത്സരം. അയര്‍ലന്‍ഡാണ് എതിരാളികള്‍.

Content Highlight: India holds a worst record in ICC Women’s T20 World Cup

We use cookies to give you the best possible experience. Learn more