ഛേത്രിയുടെയും ചാങ്തെയുടെയും ഗോളുകള്‍ക്ക് ലെബനനെ തോല്‍പ്പിച്ച് ഇന്ത്യ ഹീറോ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് കിരീടത്തില്‍ മുത്തമിട്ടു. ഒരു അസിസ്റ്റും ഒരു ഗോളുമായി യുവതാരം ലാലിയന്‍സ്വാല ചാങ്‌തെ തിളങ്ങിയ മത്സരത്തില്‍ ഇന്ത്യ 2-0ന് ആണ് കിരീടത്തില്‍ മുത്തമിട്ടത്.
ഒഡിഷയിലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ നായകന്‍ സുനില്‍ ഛേത്രിയാണ് നീലപ്പടയ്ക്ക് ആദ്യം ലീഡ് സമ്മാനിച്ചത്. കളിയുടെ 46ാം മിനിറ്റിലാണ് ഛേത്രി വല കുലുക്കിയത്. 66ാം മിനിറ്റില്‍ ചാങ്‌തെയിലൂടെ ഇന്ത്യ ലീഡ് ഉയര്‍ത്തിയതോടൊപ്പം ലെബനന്റെ കിരീടസ്വപ്‌നങ്ങള്‍ക്ക് മേല്‍ അവസാനത്തെ ആണിയുമടിച്ചു.
മത്സരത്തിന്റെ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. എന്നാല്‍ രണ്ടാം പകുതിയുടെ ആദ്യ മിനിറ്റില്‍ തന്നെ ഛേത്രിയുടെ ബൂട്ടുകള്‍ നിറയൊഴിച്ചതിനൊപ്പം കലിംഗ സ്റ്റേഡിയവും പൊട്ടിത്തെറിച്ചു. പിന്നാലെ ഛാങ്‌തെ നിര്‍ണായകമായ രണ്ടാം ഗോളും കണ്ടെത്തി.
രാജ്യാന്തര കരിയറില്‍ ഛേത്രിയുടെ 87ാം ഗോളാണ് ഇന്ന് പിറന്നത്. ഗോളും അസിസ്റ്റുമായി തിളങ്ങിയ ചാങ്തെ മത്സരത്തിലെ ഹീറോയായി തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ ജേതാക്കളായ ഇന്ത്യ തോല്‍വിയറിയാതെയാണ് ഫൈനലിലെത്തിയിരുന്നത്.
അതേസമയം, കഴിഞ്ഞ പത്ത് വര്‍ഷത്തിനകം ഇന്ത്യന്‍ ഫുട്ബോളിന് അത്ഭുതകരമായ മാറ്റമാണ് കാണാനാകുന്നതെന്ന് ലെബനീസ് ദേശീയ ഫുട്ബോള്‍ ടീമിന്റെ കോച്ച് അലക്സാണ്ടര്‍ ഇലിക് പറഞ്ഞു. ’10 വര്‍ഷം മുമ്പ് ഞങ്ങള്‍ക്ക് ഇന്ത്യന്‍ ഫുട്‌ബോളിനെക്കുറിച്ച് സംസാരിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല. ഇന്ത്യന്‍ ദേശീയ ടീമിന്റെ വളര്‍ച്ചയില്‍ ഞാന്‍ ഞെട്ടിയിരിക്കുകയാണ്.
മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ ടീം വളരെ വ്യത്യസ്തരായിട്ടുണ്ട്. 10 വര്‍ഷം മുമ്പ് ഞങ്ങള്‍ക്ക് ഇന്ത്യന്‍ ഫുട്‌ബോളിനെക്കുറിച്ച് സംസാരിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല.
കഴിഞ്ഞ കുറച്ച് സീസണുകളിലെ പ്രകടനങ്ങള്‍ കണ്ടാല്‍ ഇത് ബോധ്യപ്പെടും. ഇന്ത്യയുടെ അധ്വാനം എനിക്ക് മനസിലാകുന്നുണ്ട്. ഇന്ത്യയിലെ ഇപ്പോഴത്തെ സാഹചര്യങ്ങളെക്കുറിച്ച് എനിക്ക് വലിയ ബഹുമാനമുണ്ട്,’ ഇലിക് പറഞ്ഞു.
Content Highlights: india hero inter continental cup 2023 champions, beats lebanon